Tuesday, October 11, 2016

‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍/മരുമക്കള്‍ വന്ന വഴി

തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല. ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്.
‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍, മരുമക്കള്‍ നിയമനം സജീവ ചര്‍ച്ചയായപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണിത്. എല്‍ഡിഎഫ് ഭരണം വന്നശേഷം വ്യവസായവകുപ്പില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ച മകനെ ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദന്റെ മറുചോദ്യം.
രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നതും ജോലിയിലെത്തുന്നതും തെറ്റൊന്നുമല്ല. പക്ഷേ അത് നേരായ മാര്‍ഗ്ഗത്തിലാകണം.
നിയമന നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ ഇടതുമുന്നണി ഭരണം ലഭിച്ചപ്പോള്‍ വാക്കുപാലിച്ചു. പക്ഷേ ജോലി ലഭിച്ചത് മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാകുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.
ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൈമലര്‍ത്താമോ? പാര്‍ട്ടി അറിയാതെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമനം നടന്നു എന്നത് വിചിത്രമാണ്. സിപിഎം ഭരണത്തില്‍ സെക്രട്ടേറിയറ്റിന് മുകളില്‍ കാക്കപറക്കണമെങ്കില്‍ പോലും പാര്‍ട്ടി അറിയണം. എന്നിട്ടാണോ എം.ഡി-ജനറല്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള നിയമനം? വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ ശ്രീമതി. ആയ കാലത്ത് പാര്‍ട്ടിക്കും മഹിളാ പ്രസ്ഥാനത്തിനുംവേണ്ടി ഏറെ അദ്ധ്വാനിച്ചു. അതിന് പാര്‍ട്ടി അവരെ എംഎല്‍എ ആക്കി. മന്ത്രിയാക്കി. ഇപ്പോള്‍ ലോക്‌സഭാംഗവും.
ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ മകന്‍ നടത്തിയ സേവനം മരുന്നുവിതരണ കമ്പനിയുണ്ടാക്കി മാതൃസേവനം നടത്തി എന്നുള്ളതാണ്. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ത്യജിക്കുകയോ സ്ഥാനത്തിനുതകുന്ന വിധം പഠിക്കുകയോ ചെയ്തതായി അറിവില്ല. യോഗ്യതയും പരിചയവുമുള്ളവര്‍ക്കുള്ള സ്ഥാനങ്ങളിലെങ്ങനെ പുത്തന്‍കൂറ്റുകാരനായ സുധീറിന് പദവി കിട്ടി? ഉത്തരം ലളിതം. ജയരാജന്റെ ബന്ധുബലം. പഠനത്തോടൊപ്പം പാര്‍ട്ടിക്കായി അടികൊടുക്കുകയും വാങ്ങുകയും ചെയ്ത ഒട്ടേറെപേര്‍ വേലയും കൂലിയുമില്ലാതെ കഴിയുന്നുണ്ട്. അവര്‍ക്കായി ഒരുവാതിലും തുറക്കാതെ ആശ്രിത നിയമനം നടത്തിയ മന്ത്രിയെ മാലകൊണ്ടാണോ ചൂലുകൊണ്ടാണോ സ്വീകരിക്കേണ്ടത്?
തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല.
ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്. അവിടെയാണ് കമ്പനിയെ രക്ഷിക്കാന്‍ മികവോ പരിചയമോ യോഗ്യതയോ ഇല്ലാത്ത ഒരു മഹതിയെ ക്ഷണിച്ചുവരുത്തി കൂടിയിരുത്തുന്നതിന് തീരുമാനിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യചുമതലക്കാരില്‍ ഒരാളായി ആരോഗ്യമന്ത്രി ഷൈലജയുടെ മകനെ നിശ്ചയിച്ചു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം തടയാനാണ് മകന്റെ ജോലി വിവാദത്തിലാക്കുന്നതെന്നാണ് ഷൈലജയുടെ വേവലാതി.
തെക്കന്‍ലോബി പിണങ്ങാതിരിക്കാനാണ് ആനത്തലവട്ടം ആനന്ദന്റെ മകന് കിന്‍ഫ്രയില്‍ നിയമനം നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ ആനത്തലവട്ടം ആനന്ദന്‍ സിപിഎമ്മിന്റെ നാവാണ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമാണ് ആനന്ദന്റേത്. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായരെയും പിണക്കാന്‍ ജയരാജന് മനസ്സുവന്നില്ല. തന്റെ മകന്‍ ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെടുന്നത്. ഇതൊക്കെ അറിയപ്പെടുന്ന നിയമനം. അറിയപ്പെടാത്ത നിയമനങ്ങളോരോന്നും പുറത്തുവിടാന്‍ സഖാക്കള്‍ തയ്യാറാവുകയാണ്.
അടികൊള്ളാനും കൊടിപിടിക്കാനുമൊന്നും അവസരം നല്‍കാതെ പിണറായിയും കോടിയേരിയുമെല്ലാം മക്കളെ സ്വദേശത്തും വിദേശത്തുമായി ഉന്നത സ്ഥാനങ്ങളിലെത്തിച്ചു. നാട്ടില്‍ കഴിയുന്നവര്‍ക്കും നേട്ടം വേണ്ടേ എന്ന് ചോദിക്കുന്നത് സ്വാഭാവികം. പക്ഷേ അത് നേതാക്കളുടെ ഈ ബന്ധുക്കളില്‍ മാത്രം ഒതുങ്ങുന്നതാണ് അനൗചിത്യം.
പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷിന്റെ വളര്‍ച്ചയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നല്ലൊരു തല്ലുകാരന്‍ എന്ന കുപ്രസിദ്ധി, ഒരു ഡസനിലധികം കേസ്. മറ്റൊന്നും നേടാതെ നാടുവിട്ട മകന്‍ എങ്ങനെ സഹസ്രകോടികളുടെ മുതല്‍മുടക്കുള്ള കമ്പനി വൈസ് പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണ്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഉന്നത ബിരുദം നേടി തേരാപാരാ നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ മകന്‍ ബിനീഷിന് ദുബായില്‍ രവിപിള്ള തന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവി നല്‍കിയതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്ന് വിശ്വസിക്കണോ?
ബന്ധുനിയമനങ്ങള്‍ക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ ഒരുപാട് സംസാരിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ അവസരം ലഭിച്ചപ്പോഴൊക്കെ സ്വന്തക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാന്‍ അവര്‍ക്ക് മടിയോ മനസാക്ഷിക്കുത്തോ ഉണ്ടായിട്ടില്ല.
രാഷ്ട്രീയത്തിലെ ബന്ധുബലത്തെ വിമര്‍ശിച്ചിരുന്ന ഇഎംഎസ് ബന്ധുക്കളുടെ ഉയര്‍ച്ചയ്ക്ക് ബോധപൂര്‍വ്വം ശ്രമിച്ചത് മറുന്നുകൂടാ. മുഖ്യമന്ത്രിയായിരിക്കെ ഒരു കടക്കാരന്‍ സാഹിബിന് നമ്പൂതിരിപ്പാട് കത്ത് നല്‍കിയത് ആവേശപൂര്‍വ്വം പറയുന്നവരുണ്ട്:
”ഈ കത്തുമായി വരുന്ന മാലതി എന്റെ മകളാണ്. രണ്ട് വോയല്‍ സാരി നല്‍കാന്‍ താല്‍പര്യം. അല്‍പം ബുദ്ധിമുട്ടാണ്. ശമ്പളം കിട്ടിയാല്‍ തിരികെ തരാം”. അതേ ഇഎംഎസ് ജീവിച്ചിരിക്കെ അടുത്ത ബന്ധു രാമന്‍ ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. അധികം വൈകാതെ മകളുടെ ഭര്‍ത്താവും ദേവസ്വംബോര്‍ഡ് പ്രസിഡന്റായി. ധനകാര്യ ചിന്തയില്‍ മാത്രം മുഴുകിയിരുന്ന മകനെ നിയമസഭയിലെത്തിക്കാനും ആഗ്രഹിച്ചു. ഏ.കെ. ഗോപാലന്റെ ഭാര്യ ലോക്‌സഭാംഗമായി. പിന്നെ മന്ത്രിയും. ഇ.കെ. നായനാരുടെ കൊച്ചുമകന്‍ സൂരജിന് മുന്തിയ നിയമനം ലഭിക്കാന്‍ ഇ.പി. ജയരാജന്‍ മന്ത്രിയാകേണ്ടി വന്നു.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് കയര്‍ ബോര്‍ഡിന്റെ ഉന്നതപദവി ലഭിച്ചത് എല്ലാ യോഗ്യതയും ഒത്തുവന്നതുകൊണ്ടാണെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ അഴിമതിക്കെതിരെ പറയരുത്. അധികാരത്തിന് പുറത്തുനില്‍ക്കുമ്പോള്‍ വലിയ വായില്‍ വര്‍ത്തമാനം വിളമ്പാം. അധികാരത്തിലെത്തി അഴിമതി നടത്തിയില്ലെങ്കില്‍ അതിന് നല്‍കാം എഴുന്നേറ്റ് നിന്നൊരു കയ്യടി. സിപിഎം അത് അര്‍ഹിക്കുന്നില്ലെന്നതിന് ഏറ്റവും ഒടുവില്‍ ഇ.പി. ജയരാജന്‍ സാക്ഷി.
Article Credits,കെ. കുഞ്ഞിക്കണ്ണന്‍ October 10, 2016,Janmabhumidaily.com

No comments:

Post a Comment