Tuesday, October 18, 2016

ഭാരതമാണ് താരം

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ സ്ഥാനം ലോകരാജ്യങ്ങളില്‍ ഏറെ ഉന്നതിയിലാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമാക്കി. ഇത്തവണ ഗോവയില്‍ ഉച്ചകോടി നിശ്ചയിക്കുമ്പോള്‍ തന്നെ താരമാകാന്‍ പോകുന്നത് ഭാരതമാണെന്ന് ഏതാണ്ട് വ്യക്തമായതാണ്. ഉച്ചകോടിയിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലുമെല്ലാം മേല്‍ക്കൈ ഭാരതത്തിനായി. ചടുലമായ നീക്കങ്ങളും സന്ദര്‍ഭോചിതമായ ഇടപെടലുകളിലുമെല്ലാം മികച്ച ഭരണാധികാരി എന്ന പേരെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.
ഉച്ചകോടി നടന്നുകൊണ്ടിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ട്രംപ് പ്രസ്താവിച്ചത്. ഊര്‍ജസ്വലനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ഭാരതവുമായി ബന്ധം ശക്തിപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനും ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ലോകം ഇന്ന് ഉറ്റുനോക്കുന്ന നേതാവ് നരേന്ദ്രമോദിയായിക്കഴിഞ്ഞു. അതുകൊണ്ടാണ് വന്‍ ശക്തികളായ ചൈനയും റഷ്യയുമെല്ലാം നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നത്. പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ നല്‍കില്ലെന്ന് റഷ്യപ്രഖ്യാപിച്ചത് ഗോവ ഉച്ചകോടിയിലാണ്. അതേസമയം ഭാരതവുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടാനും റഷ്യ തയ്യാറായി.
ഭാരതവും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് ഗോവയില്‍ ധാരണയായത്. രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാന്‍ തീരുമാനമായിരിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച വളരെ ഫലപ്രദമായി. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുവരെ രക്ഷാ കവചം തീര്‍ക്കുന്ന അതീവ നൂതന വ്യോമ പ്രതിരോധ സംവിധാനമായ ട്രയംഫിന് മാത്രം മുപ്പതിനായിരത്തിലധികം കോടി രൂപ വരും. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിനിലേക്കുവരെ പറന്നുയരാന്‍ സാധിക്കുന്ന ഇരുനൂറ് കാമോവ് 226റ്റി ഹെലിക്കോപ്റ്ററുകളും റഷ്യയില്‍നിന്നു വാങ്ങും. 6,000 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. ഇതിനുപുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍പ്പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും.
ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. അതിര്‍ത്തി ഭീഷണിനേരിട്ടുകൊണ്ടിരിക്കവെ ഉടലെടുത്ത ഈ കരാറുകള്‍ വളരെ ശ്രദ്ധേയമാണ്.മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയും, ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ഏറെ ആശങ്കയാണ് ഉച്ചകോടി പ്രകടിപ്പിച്ചത്. സന്തുലിത വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വിവരസാങ്കേതികവിദ്യയും വാര്‍ത്താവിനിമയസംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും മികച്ചതാണ്.
സാങ്കേതികവിദ്യയുടെ രംഗത്ത് വികസിത, അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള വിടവ് നികത്തണം. ഭീകരര്‍ സാങ്കേതികവിദ്യ ദുരുപയോഗിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആഗോളസ്രോതസ്സ് എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ അവസരസമത്വം ഉറപ്പാക്കണമെന്നും ഉച്ചകടിയുടെ അഭ്യര്‍ത്ഥന ഭാവി ശുഭകരമാക്കുമെന്നതില്‍ സംശയമില്ല. രാജ്യാന്തര ഭീകരവാദത്തെ യോജിച്ച് നേരിടണമെന്ന ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് നിര്‍ദ്ദേശം വച്ചത് ഭാരതമാണ്.
അംഗരാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഉച്ചകോടി ശക്തിയായി അപലപിക്കുകയും ചെയ്തു. മതം, വംശം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, വര്‍ണം എന്നിങ്ങനെ ഏതിന്റെ പേരിലുള്ളതായാലും ഭീകരവാദം അംഗീകരിക്കാനാവില്ലെന്ന് ഭാരതം, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനം ശുഭസൂചകമാണ്. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ തീര രാഷ്ട്രങ്ങളുടെ സമ്മേളനവും ഗോവയില്‍ ചേര്‍ന്നു. ഭാരതത്തിന്റെ തന്ത്രപ്രധാന സ്ഥാനത്തുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ്മയും ഭീകരതക്കെതിരെ പൊരുതാന്‍ ഉറച്ച തീരുമാനമെടുത്തതും ഭാരതത്തിന് നേട്ടമായി. എല്ലാ അര്‍ത്ഥത്തിലും നരേന്ദ്രമോദിക്ക് നമോവാകം നല്‍കാന്‍ ഗോവ ഉച്ചകോടി വഴിവച്ചു.
Article Credits ,Janmabhumidaily , October 18, 2016

No comments:

Post a Comment