Thursday, December 24, 2015

സുഷമ സ്വരാജ് ഇടപെട്ടു; സൗദിയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും

ന്യൂഡല്‍ഹി: സൗദിയില്‍ ജോലിക്കെത്തി തട്ടിപ്പിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെട്ടു. യുവാക്കളെ സ്‌പോണ്‍സര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്.
വിഷയം സൗദി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ യുവാക്കളെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ജനം ടിവി ഉള്‍പ്പെടെയുളള മലയാള മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാക്കളെ സൗദി സ്‌പോണ്‍സര്‍ തടിക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ദേശീയ മാദ്ധ്യമങ്ങളും വിഷയം റിപ്പോര്‍ട്ട് ചെയ്തത്.
ഹരിപ്പാട് സ്വദേശികളായ അഭിലാഷ്, ബൈജു, വിമല്‍കുമാര്‍ എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്. പമ്പ് ഓപ്പറേറ്റര്‍ ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് യുവാക്കളെ സൗദിയില്‍ എത്തിച്ചതെങ്കിലും കട്ട ചുമക്കാനും മറ്റുമായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെയാണ് സ്‌പോണ്‍സര്‍ ഇവരെ മര്‍ദ്ദിച്ചത്. തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഇടനിലക്കാര്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.
മര്‍ദ്ദനത്തിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട യുവാക്കള്‍ പ്രദേശത്തെ പ്രവാസി മലയാളികളുടെ സംരക്ഷണയിലായിരുന്നു. വഞ്ചിതരായ കാര്യം ഇവര്‍ വീട്ടില്‍ അറിയിച്ചതോടെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സില്‍വര്‍ ഡോട്ട് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കാണ് രണ്ട് പേരെ റിക്രൂട്ട് ചെയ്തിരുന്നത്.
മലയാളികളായ ചിലരെ ആയിരുന്നു കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടെ തലവന്‍മാരായി ബ്രോഷറില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പിന്നീട് വീട്ടുകാരുടെ അന്വേഷണത്തില്‍ ഇത്തരമൊരു കമ്പനി നിലവിലില്ലെന്ന് വ്യക്തമാകുകയായിരുന്നു.
News Credits,Janamtv News

No comments:

Post a Comment