Tuesday, December 15, 2015

ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

വര്‍ക്കല: ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കൊല്ലത്ത് എസ്എന്‍ കോളജില്‍ ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ശിവഗിരിയില്‍ സന്ദര്‍ശനം നടത്തിയത്. മഠത്തിലെ സ്വാമിമാര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ശങ്കരാചാര്യരുടെ അദ്ദ്വൈത സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ മഹാനാണ് ശ്രീനാരായണഗുരുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ തനിക്ക് വലിയ പ്രചോദനം നല്‍കി. ശിവഗിരിയില്‍ എത്താന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദൈവദശകം രചനയുടെ ശതാബ്ദി സ്മാരക ഫലകം പ്രധാനമന്ത്രി അനാശ്ചാദനം ചെയ്തു. ശാരദാമഠത്തിന് സമീപം ഇലഞ്ഞിത്തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംബരാനന്ദ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുരുദേവന്റെ ചിത്രം ഉപഹാരമായി നല്‍കിയാണ് സ്വമിമാര്‍ പ്രധാനമന്ത്രിയെ മടക്കി അയച്ചത്. സമീപപ്രദേശങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ ശിവഗിരിയിലെത്തിയത്.
റോഡിലൂടെ നടന്ന് ഇരുവശങ്ങളിലായും കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാനും പ്രധാനമന്ത്രി തയ്യാറായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് പ്രധാനമന്ത്രിയോട് വെള്ളാപ്പള്ളി
കൊല്ലം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിവേദനം. കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന വേദിയിലാണ് വെള്ളാപ്പള്ളി ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്‍പാകെ ഉന്നയിച്ചത്. കാസര്‍ഗോഡ് ആരംഭിക്കുന്ന കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ജാതി, മത വ്യത്യാസത്തിന് അതീതമായി ഒരു ജനത ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബുദ്ധി കൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുദേവ ദര്‍ശനം പ്രായോഗികമാക്കിയ ആളാണ് ആര്‍. ശങ്കര്‍. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മൂലം കേരളത്തിലെ ഗ്രാമീണ മേഖലയിലുളള നിരവധി പേര്‍ക്ക് വിദ്യാഭ്യാസം സിദ്ധിക്കാന്‍ സാധിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരി തീര്‍ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്ന് വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ സമ്മര്‍ദ്ദ തന്ത്രവും രാഷ്ട്രീയ സാഹചര്യവും ഉപയോഗിച്ച് പാത യാഥാര്‍ഥ്യമാക്കുന്നത് വൈകിപ്പിക്കുകയാണ് ചില ശക്തികള്‍ ചെയ്തുവന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് യാഥാര്‍ഥ്യമാകൂവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി നിശ്ചയിച്ച് അതിന് അനുസരിച്ച് ആനുകൂല്യം നല്‍കണം. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് കൂടി സംവരണ ആനുകൂല്യം ലഭ്യമാക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വെള്ളാപ്പള്ളി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ റെയില്‍വേ വികസനം യാഥാര്‍ഥ്യമാക്കണം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും വെളളാപ്പള്ളി ആവശ്യപ്പെട്ടു.
News Credits,Janam Tv News

No comments:

Post a Comment