Monday, December 21, 2015

രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എഴുതിയെടുത്തു; ലാപ്‌ടോപ്പ്‌ പോലീസ്‌ പൂഴ്‌ത്തി: സരിത

കൊച്ചി : സോളാര്‍ കേസ്‌ പരിഗണിച്ച എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നെന്നു സോളാര്‍ അന്വേഷണ കമ്മിഷനില്‍ സരിത എസ്‌. നായരുടെ വെളിപ്പെടുത്തല്‍. തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്വകാര്യ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടക്കമുള്ള സാധനങ്ങള്‍ കോടതിയിലെത്തിക്കാതെ പോലീസ്‌ പൂഴ്‌ത്തിയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
പത്തനംതിട്ട ജയിലില്‍വച്ച്‌ താനെഴുതിയ കത്ത്‌ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ തയാറാണെന്നും ബിജു രാധാകൃഷ്‌ണന്‍ തന്നെ ക്രോസ്‌ വിസ്‌താരം ചെയ്യുന്നതിനോട്‌ എതിര്‍പ്പില്ലെന്നും സരിത പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചെന്ന ആരോപണം വന്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. മൊഴി താന്‍ എഴുതിയെടുത്തില്ലെന്നും അത്‌ എഴുതിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമായിരുന്നു മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിന്റെ നിലപാട്‌. ഇതു പരാതിയായി ഹൈക്കോടതിക്കു മുന്നില്‍ എത്തുകയും ചെയ്‌തു.
എന്നാല്‍ മജിസ്‌ട്രേറ്റിനോട്‌ 20 മിനിറ്റ്‌ സംസാരിച്ചെന്നും അദ്ദേഹം അതു കുറിച്ചെടുത്തെന്നുമാണ്‌ സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. അക്കാര്യങ്ങള്‍ പരാതിയായി എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ചാണ്‌ പത്തനംതിട്ട ജയിലില്‍ വച്ച്‌ വിശദമായ കുറിപ്പ്‌ എഴുതിയത്‌.
പെരുമ്പാവൂര്‍ പോലീസ്‌ തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ കാറിലുണ്ടായിരുന്ന ആറ്‌ സി.ഡിയും മൂന്നു പെന്‍ ഡ്രൈവും 54,000 രൂപയും നാല്‌ മൊബൈല്‍ ഫോണും ഒരു ലാപ്‌ടോപ്പും പോലീസ്‌ കൊണ്ടുപോയി. എന്നാല്‍ ലാപ്‌ടോപ്പും മൂന്നു മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നു മാത്രമാണു രേഖപ്പെടുത്തിയത്‌. അന്നുതന്നെ തന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌ത്‌ സ്വകാര്യ ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ബിസിനസ്‌ സംബന്ധമായ രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
ജയിലില്‍ വച്ച്‌ എഴുതിയ കത്ത്‌ ഹാജരാക്കുന്നത്‌ അന്വേഷണത്തിനു സഹായകരമാകുമെന്ന്‌ ബോധ്യപ്പെട്ടാല്‍ അതു ഹാജരാക്കുമെന്നു സരിത പറഞ്ഞു. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ബിജു രാധാകൃഷ്‌ണന്‌ തന്നെ വിസ്‌തരിക്കാം, അതിനെ എതിര്‍ക്കില്ല.
കത്ത്‌ സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട്‌ വിശ്വനാഥ കുറുപ്പും അഡ്വ. ഫെനി ബാലകൃഷ്‌ണനും കമ്മിഷനു നല്‍കിയ മൊഴി പൂര്‍ണമായും ശരിയല്ലെന്ന്‌ മൊഴിയെടുക്കലിനിടെ സരിത പറഞ്ഞു. 21 പേജെന്ന്‌ സൂപ്രണ്ടും 19 എന്നു ഫെനിയും പറഞ്ഞത്‌ ശരിയല്ല. പേജിന്റെ എണ്ണം അതിലും കൂടുതലുണ്ട്‌. ജയില്‍ സൂപ്രണ്ട്‌ പറയുന്നതുപോലെ പേജിന്റെ ഒരുവശത്ത്‌ മാത്രമല്ല, ഇരുവശങ്ങളിലും എഴുതിയിരുന്നു.
2013 ജൂലൈ 24-ന്‌ കത്ത്‌ വാങ്ങാന്‍ അഡ്വ. ഫെനി ജയിലില്‍ എത്തുമ്പോള്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്‌കുമാര്‍ പുറത്ത്‌ കാത്തുനിന്നിരുന്നു. പ്രദീപ്‌ കുമാര്‍ വഴി കത്ത്‌ ബാലകൃഷ്‌ണപിള്ളയ്‌ക്കു കൈമാറാനാണ്‌ഫെനിയോടു നിര്‍ദേശിച്ചത്‌. മൂന്നുദിവസത്തിനുശേഷം കത്ത്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കു കൈമാറിയതായി അറിഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്‌. രാജീവിനെ കത്ത്‌ ഏല്‍പ്പിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിരുന്നതായും സരിത കമ്മിഷനെ അറിയിച്ചു.
മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‌ 2014 ഫെബ്രുവരി 21-ന്‌ ജയില്‍ മോചിതയായ താന്‍ ആദ്യം പോയത്‌ ഫെനി ബാലകൃഷ്‌ണന്റെ വീട്ടിലേക്കാണ്‌. അന്നുതന്നെ ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോയി. ഏതാനും ദിവസം അവിടെ താമസിച്ചതായും സരിത കമ്മിഷനോടു പറഞ്ഞു.
ടീം സോളാറിന്റെ പ്രചാരണാര്‍ഥം 2011 ജൂണ്‍ 10-ന്‌ എറണാകുളം ഡ്രീം ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മ, മന്ത്രി കെ.പി. മോഹനന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംബന്ധിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ തുറന്ന എനര്‍ജി മാര്‍ട്ടുകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ.സി. ജോസഫ്‌, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്‌, കോഴിക്കോട്‌ എം.പി. എം.കെ. രാഘവന്‍ എന്നിവരായിരുന്നു. 2005 മുതല്‍ താനുമായി ബന്ധമുണ്ടെന്ന അഡ്വ. ഫെനി ബാലകൃഷ്‌ണന്റെ മൊഴി തെറ്റാണ്‌. തന്റെ ആദ്യ വിവാഹമോചനക്കേസില്‍ ഫെനി ബാലകൃഷ്‌ണന്‍ ഹാജരായിട്ടില്ല. താനായിരുന്നില്ല. പരാതിക്കാരി. ഭര്‍ത്താവ്‌ രാജേന്ദ്രനാഥാണ്‌ കുടുംബകോടതിയെ സമീപിച്ചത്‌. 2012 ഡിസംബറിലാണ്‌ ഫെനി ബാലകൃഷ്‌ണനെ കാണുന്നതും പരിചയപ്പെടുന്നതും. ബിജു രാധാകൃഷ്‌ണന്റെ ലീഗല്‍ അഡൈ്വസര്‍ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഫെനി തന്നെ ആദ്യം ഫോണില്‍ വിളിച്ചതെന്നും സരിത പറഞ്ഞു.
കമ്മിഷന്‍ മുമ്പാകെ ഹാജരാകുന്ന സരിത ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിക്കാന്‍ വൈമുഖ്യമുണ്ടെന്നു കാണിച്ച്‌ തന്റെ വക്കീല്‍ വക്കാലത്ത്‌ ഒഴിഞ്ഞുവെന്നും താന്‍ നേരിട്ടാകും ഇനി വാദം നടത്തുന്നതെന്നും കാണിച്ച്‌ ബിജു രാധാകൃഷ്‌ണന്‍ ജയില്‍ സൂപ്രണ്ട്‌ മുഖേന കമ്മിഷന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.
News Credits,Mangalam Daily,22/12/2015

No comments:

Post a Comment