Thursday, December 10, 2015

പ്രധാനമന്ത്രി നരേന്ദ്രമോദി 14 നു കേരളത്തില്‍

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 14 ന് കേരളത്തിലെത്തും. പ്രത്യേക വ്യോമസേനാ വിമാനത്തില്‍ 14 ന്‌ വൈകിട്ട്‌ 4.10 ഓടെ കൊച്ചിയിലെ ഐ.എന്‍.എസ്‌. ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി എത്തിച്ചേരും. മോദിയുടെ ദ്വിദിന സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, ശിവഗിരിമഠം സന്ദര്‍ശനം, കൊച്ചിയില്‍ സൈനികമേധാവികളുടെ സംയുക്തയോഗം, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യല്‍ തുടങ്ങിയ പരിപാടികളുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
പ്രത്യേക ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരുന്ന മോദി തേക്കിന്‍കാട് മൈതാനത്തില്‍ അഞ്ചുമണിക്ക് ബി.ജെ.പി. സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയിലേക്ക് റോഡുമാര്‍ഗം തിരിച്ച് 7.15ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. ചൊവ്വാഴ്ച രാവിലെ 8.50ന് ഐ.എന്‍.എസ്. ഗരുഡയില്‍ എത്തുന്ന മോദി ഒമ്പതുമണിക്ക് മൂന്ന് സേനയുടെയും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30ന് ഐ.എന്‍.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി, 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സൈനികമേധാവികളുടെ സംയുക്ത യോഗമായ വാര്‍റൂം മീറ്റിങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്ത് എത്തുന്ന പ്രധാനമന്ത്രി 2.45ന് എസ്.എന്‍. കോളേജില്‍ ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അതിനു ശേഷം ഹെലികോപ്റ്ററില്‍ അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങളര്‍പ്പിച്ച ശേഷം നരേന്ദ്രമോദി ശിവഗിരിയില്‍ വൃക്ഷത്തൈ നടും. പിന്നീട് 4.50ന് ശംഖുംമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി, 5.10ന് ശംഖുംമുഖം വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിക്ക് മടങ്ങിപ്പോകും.
News Creits,Janamtv ,10 Dec 2015

No comments:

Post a Comment