Monday, October 19, 2015

പുരസ്‌കാര തിരസ്‌കാരം

ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്
രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി തിരിച്ചയച്ചു.. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസ്സൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും. കാണാമല്ലോ, സംഘപരിവാരം എത്ര പിടിച്ചുനില്‍ക്കുമെന്ന്.
ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്. പണ്ട് താത്രപത്രബഹുമതി കിട്ടിയതിനെകുറിച്ച് ചോദിച്ചപ്പോള്‍, മുറ്റത്ത് പാഞ്ഞുകേറുന്ന പട്ടിയെ എറിയാന്‍ ബെസ്റ്റാണ് അത് എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മോദിയെ എറിയാന്‍ വേറെ കൈവശമൊന്നുമില്ലാത്തതുകൊണ്ടാണ് പുരസ്‌കാരം തിരിച്ചെറിഞ്ഞത്. ഒരോന്നും എറിയുന്നതിന് മുമ്പ് അതിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷണം നടത്താനാവില്ലല്ലോ. അല്ലെങ്കിലും സര്‍ക്കാറാണോ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ? പ്രധാനമന്ത്രിയാണോ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് ? ആയിരുന്നെങ്കില്‍ അവാര്‍ഡ് വാങ്ങാനേ പാടില്ലല്ലോ. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമേ അല്ലെന്നൊരു വാദവും ഉണ്ട്. സാഹിത്യ അക്കാദമി സാഹിത്യം നടത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ജനം ഉണ്ടാക്കിക്കൊടുത്ത സ്ഥാപനമാണ്. മോദിയോട് പ്രതിഷേധിച്ച് അക്കാദമിക്ക് കല്ലെറിയുന്നത്, ചാനല്‍ ചര്‍ച്ച കേട്ട് സമനില തെറ്റി വീട്ടിലെ ടിവി വെട്ടിപ്പൊളിക്കുന്നത് പോലെയല്ലേ എന്ന ചോദ്യമുണ്ട്. അതിനൊക്കെ മറുപടി പിന്നെ പറയാം. തല്‍ക്കാലം അവാര്‍ഡ് ഏറ് തുടരും.
അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ അതിന്റെ അഭിനന്ദനപത്രവും ഒപ്പം കൊടുക്കാറുള്ള എടുത്താല്‍ പൊങ്ങാത്ത വിചിത്ര ശില്പവും ആണോ തിരിച്ചുകൊടുക്കുക ? കൂടെക്കിട്ടിയ കാശ് തിരിച്ചുകൊടുക്കുമോ ?
കെ.ജി.ശങ്കരപ്പിള്ള ചോദിച്ചതുപോലെ അവാര്‍ഡ് എന്നാല്‍ കാശും പ്രസംശാപത്രവും മാത്രമാണോ ? അന്ന് കിട്ടിയ അഭിനന്ദന എസ്.എം.എസ്സുകള്‍ തിരിച്ചയക്കാന്‍ പറ്റുമോ, സ്വീകരണങ്ങള്‍ ക്യാന്‍സലാക്കുമോ ? പതങ്ങളില്‍വന്ന വെണ്ടയ്ക്കാതലക്കെട്ടുകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍..... പുരസ്‌കാരത്തേക്കാള്‍ പബ്ലിസിറ്റി പലപ്പോഴും തിരസ്‌കാരങ്ങള്‍ക്ക് കിട്ടും. മുമ്പൊരു സാഹിത്യനായകനെ അക്കാദമിയില്‍ നിന്ന് വിളിച്ച് അവാര്‍ഡ് താങ്കള്‍ക്കാണ് എന്ന് പറഞ്ഞപ്പോള്‍ ബഹുസന്തോഷം എന്ന് പറയുകയും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് നിരസിക്കുകയും ചെയ്തതായി കേട്ടിരുന്നു. ഡസന്‍ ആളുകള്‍ക്കൊപ്പം സ്റ്റാമ്പ് പോലൊരു ഫോട്ടോ ആണ് പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം വന്നത്. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് ഇതിലും വലിയ ഫോട്ടോ വരും. സാഹിത്യനായകന്‍ ഉടനെ പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് നിരസിച്ചു. ഒരാഴ്ച് നീണ്ടുനിന്നു അതിന്റെ മാധ്യമ ആഘോഷം. അല്ല പിന്നെ...
നരേന്ദ്രമോദിയുടെ ഭരണ കാര്യസ്ഥന്മാര്‍ പരിഭ്രമിച്ചിരിക്കുന്നു എന്നത് ശരിയാണ്. അതുപക്ഷേ, അവാര്‍ഡ് തിരസ്‌കാരം കൊണ്ടല്ല. അക്കാദമിയുടെ കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്ന നിരവധി ആളുകള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നത് സീരിയസ് പ്രശ്‌നമാണ്. എന്തോ ഭാഗ്യത്തിന് ചെയര്‍മാന്‍ രാജിവെച്ചിട്ടില്ല. പുതിയ ചെയര്‍മാനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇതിനൊക്കെ എവിടെ ആളെത്തിരയാനാണ് ? ഇടതുപക്ഷത്ത് കൊടിപിടിക്കുന്നവരൊക്കെ ബുദ്ധിജീവികളാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് ഇടതുപക്ഷത്ത് നിന്ന് ബുദ്ധിജീവികളെ കടമെടുക്കാം. സംഘപരിവാറിന് സ്വന്തം വക ഇക്കൂട്ടര്‍ ഇല്ല, കടമെടുക്കാനും കിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനായി ഭക്തി സിനിമയിലെ നടനെ നിയമിച്ചതിന്റെ പുകില്‍ തീര്‍ന്നിട്ടില്ല. ഡസന്‍ കണക്കിന് കമ്മിറ്റി ഒഴിവുകള്‍ ഉണ്ട്. പേടിക്കാനില്ല. കേരളത്തില്‍ ഒരു ഡസന്‍ ആളുകള്‍ പുരസ്‌കാര തിരസ്‌കാരികള്‍ക്ക് എതിരെ പ്രസ്താവനയിറക്കാന്‍ ധൈര്യമായി മുന്നോട്ട് വന്നിരുന്നല്ലോ. അവരെ പരിഗണിക്കാന്‍ ആരോടും ചോദിക്കേണ്ട. വിഷമഘട്ടത്തില്‍ പിന്താങ്ങാന്‍ വരുന്നവരെ മരണംവരെ നമ്മള്‍ വിസ്മരിക്കരുത്.
പുരസ്‌കാര തിരസ്‌കാരം തുടങ്ങിയ ചില്ലറ പരിപാടികള്‍ വല്ലതും ഇനിയും കൈവശം ബാക്കിയുണ്ടെങ്കിലും വേഗം പുറത്തെടുക്കുന്നതാവും നല്ലത്. പിന്നീട് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല. ഫാസിസത്തിന്റെ വരവാണെന്നാണല്ലോ നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നത്. എങ്കില്‍ ഈ ജാതി പ്രതിഷേധമൊക്കെ ആനയെ ഉറമ്പ് കടിച്ചതിന് അപ്പുറം ഒന്നുമല്ല. അവാര്‍ഡ് വലിച്ചെറിഞ്ഞാലൊന്നും ഫാസിസ്റ്റുകള്‍ പേടിക്കില്ല. ഫാസിസത്തിന് തീവ്രത കൂടുന്നതിന്റെ അതേ അനുപാതത്തില്‍ സാഹിത്യനായകന്മാരുടെയും സമാന ബുദ്ധിജീവികള്‍കളുടെയും ഫാസിസ്റ്റ് വിരോധത്തിന് തീവ്രത കുറഞ്ഞുവരും എന്നത് ചരിത്രം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫാസിസ്റ്റ് വിരോധികളായ കേരളത്തിലെ സിംഹഗര്‍ജനക്കാരും ബഹുഭാഷാപണ്ഡിതന്മാരും മറ്റും മറ്റും ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതങ്ങള്‍ എഴുതിത്തളരുകയായിരുന്നു. അടിയന്തരാവസ്ഥ ലോകം കണ്ടതില്‍വെച്ചേറ്റവും ദുര്‍ബലവും പരിഹാസ്യവുമായ ഏകാധിപത്യമായിരുന്നു. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പുലികള്‍ക്കും ഭാഗ്യമുണ്ടെങ്കില് ഒറിജിനല്‍ 'മെയ്ക് ഇന്‍ ഇന്ത്യ' സാധനം കാണാന്‍ പറ്റിയേക്കും. ധൃതിപ്പെടരുത്.
Article credits,Indrans,Mathrubhumi Daily,18 October 2015

No comments:

Post a Comment