Monday, October 19, 2015

4,60,000 സിപിഎമ്മുകാര്‍ പ്രതികള്‍: പിന്നെ പ്രതികളെ എങ്ങനെ മത്സരിപ്പിക്കാതിരിക്കും

കേസുകളില്‍ പ്രതികളായവര്‍ മത്സരിക്കണോ വേണ്ടയോ എന്ന് പക്ഷം പിടിക്കുന്നവര്‍ ഒരുകാര്യം കൂടി കേള്‍ക്കുക. കേരളത്തില്‍ നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ കേസില്‍ പ്രതികളാണ്. പറയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ. കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
ശരിയാണ്‌ ഇത്രയും പേരെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ സി.പി.എമ്മിന് ഒരു തദ്ദേശ തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കാന്‍ എവിടുന്ന് ആളെകുട്ടും. ഈ ചര്‍ച്ച തുടങ്ങിവെച്ച കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിന് കോടിയേരിക്ക് മറ്റൊരു ന്യായീകരണവുമുണ്ട്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനവിധി തേടുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ വാദങ്ങളോട് നിങ്ങള്‍ക്കും പ്രതികരിക്കാം
ജയിലിലല്ലെങ്കിലും ജയിലിലെന്ന പോലെ കഴിഞ്ഞുകൂടുന്ന രണ്ട് സഖാക്കളെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കിയത് ബൂര്‍ഷ്വാകള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ ചില ബൂര്‍ഷ്വാകള്‍ക്കും പിടിച്ചിട്ടില്ല. കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതിനുള്ള ന്യായങ്ങള്‍ പറയാം. ശ്രദ്ധിച്ചുകേള്‍ക്കണം.
ഒന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെങ്കില്‍, മത്സരിക്കുന്ന ആള്‍ക്ക് പ്രചാരണം നടത്താനും അവകാശമുണ്ട്. കണ്ണൂരില്‍ പോകേണ്ട, പ്രചാരണം എറണാകുളത്ത് നടത്തിയാല്‍മതി എന്ന് കോടതി പറയില്ല. തിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും അത്രയും നാള്‍ നാട്ടില്‍ തങ്ങാന്‍ പറ്റിയാല്‍ കാരായിമാര്‍ക്ക് അത്രയും കാര്യായി. രണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ധരിക്കേണ്ട. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലടച്ചിരുന്ന പാട്യം ഗോപാലനെ ജയിപ്പിച്ചത് ഇതേ കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാരാണ് എന്ന് പി.ജയരാജന്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കാരായിമാരെ കണ്ണൂരില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതുമതി രണ്ട് സീറ്റ് ജയിക്കാന്‍. രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വലുതല്ലല്ലോ കൊലക്കുറ്റം.
മൂന്ന്. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും ഒരു കൊലക്കേസ്സിലും കുറ്റവാളിയല്ല. പ്രതിയായിരിക്കും, കുറ്റവാളിയല്ല. ബൂര്‍ഷ്വാകോടതി ശിക്ഷിച്ചാലും പാര്‍ട്ടിക്കോടതിയില്‍ അവര്‍ക്ക് ശിക്ഷയില്ല. അവര്‍ ആദരണീയര്‍, മഹാന്മാര്‍, ത്യാഗികള്‍. പാര്‍ട്ടിപ്രവര്‍ത്തകരായ എല്ലാ കൊലക്കേസ് പ്രതികളും നിരപരാധികളാണ്. ജയിലില്‍ കുറ്റവാളിയായ ഒരു പ്രവര്‍ത്തകനുമില്ല. അതുകൊണ്ട് ഫൈസല്‍ കൊലക്കേസ് പ്രതിയെ അല്ല, ഏത് കൊലക്കേസ് പ്രതിയായി പാര്‍ട്ടിക്കാരനെയും സ്ഥാനാര്‍ത്ഥിയാക്കും. അടുത്ത തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുമ്പോള്‍ ജയിലിലുള്ള പാര്‍ട്ടിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്.
ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെച്ചുപോയ്‌ക്കൊള്ളണം, അത് അഴിമതിയാകട്ടെ മറ്റെന്തുമാവട്ടെ. കോടതി വിട്ടാലും പാര്‍ട്ടി അവരെ വെറുതെ വിടില്ല. കൊലക്കേസ്സില്‍ കോടതി ശിക്ഷിച്ചാലും പാര്‍ട്ടിപ്രവര്‍ത്തകന്‍ കുറ്റവാളിയല്ല. യേത് ?
ആളുകള്‍ മൊത്തത്തില്‍ തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും മുങ്ങിച്ചാവുകയാണ്. പാവപ്പെട്ട സ്പീക്കര്‍ ശക്തന്‍ തമ്പുരാന്‍, കുനിഞ്ഞ് ചെരിപ്പിടാന്‍ കഴിയാത്തതുകൊണ്ട് പരസ്സഹായം തേടിയത് ഭയങ്കര കുറ്റ കൃത്യമായിപ്പോയി. ബഹു.സ്പീക്കര്‍ തലയില്‍ തൊപ്പിയിടാനോ ഷര്‍ട്ടിടാനോ മുണ്ടുടുക്കാനോ കൈയില്‍ വാച്ച് കെട്ടാനോ ആയിരുന്നു പരസ്സഹായം തേടിയിരുന്നത് എങ്കില്‍ ബഹളം വല്ലതും ഉണ്ടാകുമായിരുന്നോ ? ഇല്ല. അപ്പോള്‍ കാല്‍ എന്നും ചെരിപ്പ് എന്നും പറയുന്ന സാധനങ്ങള്‍ ഹീനങ്ങളാണ്. അതാര് തീരുമാനിച്ചതാണ് ? ചില അവയവങ്ങളും ചില വസ്തുക്കളും അധ:കൃതരും അവര്‍ണരും തൊട്ടുകൂടാത്തതും ആയതിന്റെ നീതി ശാസ്ത്രം എന്താണ് ? എല്ലാം തെറ്റിദ്ധാരണയാണെന്ന് ഉറപ്പിച്ചുപറയണം ബഹു സ്പീക്കറെ... സിദ്ധാന്തം പറഞ്ഞാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
ബഹു.സ്പീക്കര്‍ക്കും ഉണ്ട് ചില തെറ്റിദ്ധാരണകള്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ ഒട്ടും സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പണി അതാണെന്നത് ഒരു തെറ്റിദ്ധാരണ. രണ്ടാമത്, ശക്തന്‍ വളര്‍ന്നു എന്നത്. അതൊരു തോന്നലാണ്. സത്യമാവണമെന്നില്ല.
News Credits,Mathrubhumi Daily

No comments:

Post a Comment