Monday, October 12, 2015

കേരളരാഷ്‌ട്രീയം പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തേക്ക്‌ നീങ്ങുകയാണ്

കേരളരാഷ്‌ട്രീയം പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തേക്ക്‌ നീങ്ങുകയാണ്‌. ഇവിടെ ഒരു മൂന്നാം മുന്നണി രൂപമെടുക്കുന്നു. ബി.ജെ.പിയും മറ്റുചില ചെറുകക്ഷികളും ചേര്‍ന്നാണ്‌ ഇതുവരെ അത്തരമൊരു ബദല്‍ചിന്ത ഉണര്‍ത്തിയിരുന്നത്‌. ഇന്നത്‌ മറ്റു രണ്ടു രാഷ്‌ട്രീയ സഖ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു. ബി.ജെ.പി. തന്നെയാണ്‌ അതിനു വഴിയൊരുക്കിയതെങ്കിലും വെള്ളാപ്പള്ളി നടേശനും എസ്‌.എന്‍.ഡി.പിയുമാണ്‌ അതിനു കാരണക്കാര്‍. ഇന്നത്തെ നിലയ്‌ക്ക് ഈ കൂട്ടുകെട്ടിന്‌ കേരളത്തില്‍ പലതും ചെയ്യാനാവും. എന്നാല്‍ ഒരു പ്രത്യേകത, ഇപ്പറയുന്ന പുതിയ രാഷ്‌ട്രീയകക്ഷി രൂപമെടുക്കുന്നതിനു മുന്‍പേ തന്നെ ഈ മൂന്നാം മുന്നണിയുടെ പ്രസക്‌തിയും ശക്‌തിയും വിലയിരുത്തുമെന്നതാണ്‌. ഈ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അതിന്റെ വ്യക്‌തത ഉണ്ടാവും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതുപോലെ ഏതാനും സീറ്റുകളിലും ചുരുങ്ങിയ ശതമാനം വോട്ടിലും ബി.ജെ.പി. ഒതുക്കപ്പെട്ടാല്‍ അതു മറ്റു രണ്ടു മുന്നണികള്‍ക്കും കൊട്ടിഘോഷിക്കാന്‍ വഴിയൊരുക്കും. അവിടെയാണ്‌ ബി.ജെ.പിയും ശ്രീനാരായണ പ്രസ്‌ഥാനവും കൈകോര്‍ത്തു നീങ്ങേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്‌. അത്‌ ബി.ജെ.പിയും വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരും മനസിലാക്കുന്നുണ്ട്‌ എന്നാണു കരുതേണ്ടത്‌.
ബി.ജെ.പി. ഇന്നിപ്പോള്‍ കേരളത്തില്‍ ഒരു പ്രധാനപ്പെട്ട ശക്‌തിയാണ്‌. അഞ്ചും ആറും ശതമാനം വോട്ടുള്ളകക്ഷി എന്നതില്‍നിന്ന്‌ രണ്ടുമുന്നണിയേയും എതിരിടാനുള്ള കരുത്തുള്ള പാര്‍ട്ടി എന്ന അവസ്‌ഥയിലേക്ക്‌ അതുമാറി. എന്നാല്‍ ധ്രുവീകൃത മുന്നണി രാഷ്‌ട്രീയ സംവിധാനത്തിനിടയില്‍ വിജയം സുനിശ്‌ചിതമാക്കാന്‍ തക്ക ഒരിടം വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക്‌ കഴിയാതെ വരുന്നു; ജയിക്കാനാവാതെ വരുന്നു. പൊതുവെ ഹിന്ദുത്വാധിഷ്‌ഠിതമായ ഈ പാര്‍ട്ടിക്ക്‌ ന്യൂനപക്ഷസമുദായങ്ങളുടെ വോട്ടു കിട്ടാന്‍ വിഷമമുണ്ടാകുക സ്വാഭാവികം ഹിന്ദുക്കളില്‍ നല്ലൊരു ഭാഗം സി.പി.എമ്മിലാണ്‌; പ്രത്യേകിച്ച്‌ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഹിന്ദുക്കള്‍. ആ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്‌ക്കാണ്‌ വെള്ളാപ്പള്ളിയെയും മറ്റും കൂടെനിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ബി.ജെ.പി. ആരംഭിച്ചത്‌.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത്‌ ഷാ ബി.ജെ.പി. അധ്യക്ഷനും ആയതിനുശേഷം ഉണ്ടായ കരുനീക്കങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌. അവരുടെ ഓരോ നീക്കവും ഫലം കണ്ടു എന്നതും മറന്നുകൂടാ. കോണ്‍ഗ്രസിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞതും അതിനിടയില്‍ കണ്ടു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി. കൈവരിച്ച നേട്ടം ചെറിയകാര്യമല്ല. ഹരിയാന, ഝാര്‍ഖണ്ഡ്‌, മഹാരാഷ്‌ട്ര, ജമ്മു-കാശ്‌മീര്‍ എന്നിവിടങ്ങളിലൊക്കെ ബി.ജെ.പി. ഭരണകക്ഷിയായി. (ഡല്‍ഹി മറക്കുകയല്ല). അതൊക്കെ ഒരു മോഡി തരംഗം കൊണ്ടുമാത്രമല്ല നേടിയെടുത്തത്‌. മോഡി ഘടകം അവിടെയൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മറ്റൊന്ന്‌, രാഷ്‌ട്രീയത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യാനും അതിനനുസൃതമായി കാര്യങ്ങള്‍ നീക്കാനുമുള്ള ബി.ജെ.പി. നേതൃത്വത്തിന്റെ കഴിവാണ്‌. മറുപക്ഷത്ത്‌ കോണ്‍ഗ്രസിനു നേരിട്ട അപചയവും മറക്കുകവയ്യ. ജനങ്ങള്‍ ഒരുതരത്തിലും ഗൗരവത്തിലെടുക്കാത്ത നേതൃത്വമാണ്‌ കോണ്‍ഗ്രസിന്റേത്‌ എന്നത്‌ ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും വ്യക്‌തമായിക്കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത്‌ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയും തളര്‍ച്ചയും; അതേ സമയം ചലനങ്ങളുണ്ടാക്കിക്കൊണ്ട്‌ ഏതു ജനതയെയും കീഴടക്കാനുള്ള ബി.ജെ.പിയുടെ പദ്ധതി. അതിന്റെ തുടര്‍ച്ചയാണ്‌ കേരളത്തില്‍ ഇന്നിപ്പോള്‍ കാണുന്നത്‌.
കേരളം എന്നും ബി.ജെ.പിക്ക്‌, അല്ല സംഘ പരിവാറിന്‌, ഒരു പ്രധാനപ്പെട്ട സംസ്‌ഥാനമായിരുന്നു. ഇവിടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സംഘ പ്രസ്‌ഥാനങ്ങള്‍ ശ്രമമാരംഭിച്ചത്‌ ഇന്നോ ഇന്നലെയോ അല്ല. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ്‌ വിജയം; നിയമസഭയില്‍ ഒരു അംഗം കടന്നുവരുന്നത്‌ അവര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. 1980ല്‍ ബി.ജെ.പി. രൂപമെടുക്കുമ്പോള്‍ മുതല്‍ ആ ചിന്തകളുണ്ട്‌. കേരളത്തിലെ ആര്‍.എസ്‌.എസ്‌. സംഘ പരിവാര്‍ നേതൃത്വവും ഇക്കാര്യത്തില്‍ വേണ്ടതിലധികം ശുഷ്‌കാന്തി കാട്ടിയിട്ടുണ്ട്‌. പഴയ ബേപ്പൂര്‍ വടകര സഖ്യവും മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായുണ്ടാക്കിയ ധാരണകളുമൊക്കെ പലവുരു ചര്‍ച്ചചെയ്‌തുകഴിഞ്ഞതാണ്‌. 1980 കളിലെ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.പി എസ്‌.ആര്‍.പി. സ്‌ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാതെ നോക്കിയതുമൊക്കെ ഇവിടത്തെ ബി.ജെ.പി. സംഘ പരിവാര്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. അതൊക്കെ ഓരോ പരീക്ഷണമായിരുന്നു. പലതും പരാജയപ്പെട്ടു. വിജയിച്ചിരുന്നുവെങ്കില്‍ മറ്റൊന്നാവുമായിരുന്നു വിലയിരുത്തല്‍.
എസ്‌.എന്‍.ഡി.പി. രൂപീകരിക്കുന്ന പാര്‍ട്ടിയാണല്ലോ ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെക്കാലമായി അനവധി ഹിന്ദു സംഘടനകളുടെ ഒരു ഐക്യവേദി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വെള്ളാപ്പള്ളി പറയുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ അതിന്റെ ഭാഗമാണ്‌. അവരില്‍ പലരുമാണ്‌ ഇന്നിപ്പോള്‍ എസ്‌.എന്‍.ഡി.പി. മുന്‍കൈയെടുത്തു രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയകക്ഷിയില്‍ ചേരുന്നത്‌. സംഘ പ്രസ്‌ഥാനങ്ങളോട്‌ എതിര്‍പ്പുള്ളവരല്ല ഇന്നിപ്പോള്‍ വെള്ളാപ്പള്ളിയോടൊപ്പം അണിനിരക്കുന്നത്‌ എന്നര്‍ഥം. അത്‌ പ്രധാനമാണ്‌. അതുകൊണ്ട്‌ പുതിയ രാഷ്‌ട്രീയ കക്ഷി രൂപപ്പെടുമ്പോള്‍ അത്‌ ബി.ജെ.പിയോട്‌, സംഘ പ്രസ്‌ഥാനങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്നതാവും എന്നകാര്യത്തില്‍ സംശയമുണ്ടാവേണ്ട കാര്യമില്ല. ഇപ്പോഴേ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌, സാങ്കേതികമായി പാര്‍ട്ടി രൂപം കൊണ്ടിട്ടില്ലെങ്കിലും, സഹകരിക്കുന്നതിന്‌ പ്രയാസമുണ്ടാവുമെന്നും തോന്നുന്നില്ല.

No comments:

Post a Comment