Thursday, October 29, 2015

'മാണി 25 ലക്ഷം കോഴ വാങ്ങി' : വിന്‍സന്‍ പോള്‍ കേസ്‌ അട്ടിമറിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്ക്‌ എതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. രണ്ടു തവണയായി മാണി 25 ലക്ഷം കോഴ വാങ്ങിയെന്ന വിജിലന്‍സ്‌ എസ്‌.പി: ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്‌ ശരിവച്ച കോടതി വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ്‌ ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന്‌ കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച്‌ സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ്‌ ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന്‌ ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന്‌ കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത്‌ അന്വേഷണോദ്യോഗസ്‌ഥന്‍ എസ്‌.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്‌- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന്‌ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്‌.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്‌. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിടാന്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട്‌ എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട്‌ കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ്‌ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച്‌ 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച്‌ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ നേതാവ്‌ ജോണ്‍ കല്ലാട്ട്‌ 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്‌. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്‌. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച്‌ 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ്‌ 50 ലക്ഷം രൂപ പണപ്പിരിവ്‌ നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌ മാര്‍ച്ച്‌ 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്‌. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ്‌ ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ്‌ ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്‌. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക്‌ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ്‌ രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന്‌ ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച്‌ 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്‌.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ്‌ നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച്‌ ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്‌. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
News Credits,Janamtv News

No comments:

Post a Comment