Tuesday, October 13, 2015

എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: കിഴക്കന്‍ യുക്രെയ്‌ന് മുകളിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്രസംഘത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുക്രെയ്ന്‍ വിമതരുടെ ശക്തികേന്ദ്രമായ ഡോണ്‍സ്‌റ്റെക്കില്‍ 2014 ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.
വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടത് വശത്തായി റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ പതിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും തകരുകയായിരുന്നു. ആരാണ് മിസൈല്‍ തൊടുത്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കിഴക്കന്‍ യുക്രെയ്ന്‍ വ്യോമമേഖല സുരക്ഷിതമല്ലെന്നും അടച്ചിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മിസൈല്‍ പതിച്ച് ഒന്നര മിനിറ്റിനുളളില്‍ വിമാനം തകര്‍ന്നു. ഏഴ് ഘട്ടങ്ങളിലായാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംഘം വ്യക്തമാക്കി. സ്‌ഫോടനമോ മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് തുടക്കത്തിലെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതാണ് നിര്‍ണായക തെളിവായത്.
അപകടത്തിന്റെ ഗ്രാഫിക്‌സ് പ്രസന്റേഷന്‍ സഹിതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഡച്ച് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
196 ഡച്ച് പൗരന്‍മാരും 10 ബ്രിട്ടീഷുകാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നെങ്കിലും ദുരന്തത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യയുടെ വിശദീകരണം.
News credits Janamtv News

No comments:

Post a Comment