Tuesday, October 13, 2015

ക്രൈംബ്രാഞ്ച്‌ പുനരന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌ : ' ശാശ്വതികാനന്ദയുടേത്‌ മുങ്ങിമരണം'

കൊച്ചി: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ ശാശ്വതികാനന്ദയുടെ മരണം പെരിയാറില്‍ കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ടായിരുന്നുവെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ്‌ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ അന്നത്തെ ഡി.എസ്‌.പി: കെ.ജി. സൈമണ്‍ രണ്ടുവര്‍ഷം മുമ്പ്‌ ഫോര്‍ട്ട്‌കൊച്ചി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നത്‌. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ 34-ാം പ്രതിയാണ്‌. 114-ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ജൂലൈ ഒന്നിനാണ്‌ ആലുവപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതികാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ ആദ്യം അന്വേഷിച്ചത്‌ ലോക്കല്‍ പോലീസാണ്‌. 2003ല്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ അന്വേഷണം ക്രൈം ബ്രാഞ്ച്‌ ഏറ്റെടുത്തു.
കുളിക്കുന്നതിനായി സ്വാമി പെരിയാര്‍ പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്‌, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ച്‌ ഉത്തരീയം എടുത്തു പുഴയില്‍ ഇറങ്ങി. രണ്ടുതവണ മുങ്ങിയശേഷം തിരിച്ചുകയറിയ ശാശ്വതീകാനന്ദ സാബുവിന്റെ കൈയില്‍നിന്നു സോപ്പു വാങ്ങി. തുടര്‍ന്ന്‌ വീണ്ടും പുഴയില്‍ ഇറങ്ങിയപ്പോള്‍ യാദൃശ്‌ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ടു വെള്ളത്തില്‍ മുങ്ങിതാഴ്‌ന്നു വെള്ളംകുടിച്ചു ശ്വാസംമുട്ടി മരിച്ചെന്നാണു ക്രൈം ബ്രാഞ്ച്‌ കണ്ടെത്തല്‍.
മരണകാരണത്തില്‍ സംശയങ്ങളില്ല. കൊലപാതകമാണെന്നതിനു തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുങ്ങിമരണമാണെന്നു സ്‌ഥിരീകരിച്ചു. വാടകക്കൊലയാളിയെന്നു ബിജുരമേശ്‌ പറയുന്ന പ്രിയനെ മുമ്പു രണ്ടുതവണ ചോദ്യംചെയ്‌തെങ്കിലും സ്വാമിയുടെ മരണവുമായി അയാളെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രിയന്റെ ഫോണ്‍വിളികള്‍ മൂന്നുമാസം നിരീക്ഷിച്ചതായും ക്രൈം ബ്രാഞ്ച്‌ പറയുന്നു. 114 പേരുടെ മൊഴികള്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌, മെഡിക്കല്‍ വിശകലന റിപ്പോര്‍ട്ട്‌ എന്നിവയുടെ അടിസ്‌ഥാനത്തിലുള്ള നിഗമനങ്ങളാണ്‌ ഇതിലുള്ളത്‌. വെള്ളത്തില്‍ ശ്വാസം മുട്ടിയാണു മരണമെന്നു നിസംശയം മനസിലാക്കാമെന്നും 15 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാശ്വതികാനന്ദയുടെ മരണം: ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ബിജെപി
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബിജെപി. അടുത്തിടെ ബിജു രമേശ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതും ബാര്‍ കോഴക്കേസ് ദുര്‍ബ്ബലമായതും ഇതിന്റെ ഉദാഹരണമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
ഒരു ദശാബ്ദത്തിന് ശേഷമാണ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ഈ കാലയളവില്‍ ഇടത് -വലത് മുന്നണികള്‍ ഇവിടെ ഭരിച്ചിട്ടുണ്ട്. ശാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇവര്‍ നേരത്തെ അന്വേഷിച്ചിട്ടില്ലെന്ന് വി. മുരളീധരന്‍ ചോദിച്ചു. ഇതേക്കുറിച്ച് ഇടത്-വലത് മുന്നണികളാണ് ജനങ്ങളോട് വെളിപ്പെടുത്തേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

No comments:

Post a Comment