Thursday, January 7, 2016

ആഗോള സാമ്പത്തിക രംഗം : ഇന്ത്യൻ തിളക്കം തുടരുമെന്ന് ലോക ബാങ്ക്

വാഷിംഗ്ടൺ : ലോക സാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ലോക ബാങ്ക് . രാജ്യം 2016 -17 ൽ 7.8 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും ലോക ബാങ്ക് റിപ്പോർട്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് ഭാരതം സാമ്പത്തിക വളർച്ചയിൽ ഒന്നാമതായി തന്നെ തുടരുമെന്നും ലോകബാങ്കിന്റെ ഗ്ലോബൽ എക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആഭ്യന്തര നയങ്ങളിൽ വന്ന പരിഷ്കാരമാണ് ഇതിനു കാരണമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രകടനം തെക്കേ ഏഷ്യയ്ക്ക് മൊത്തത്തിൽ ഗുണകരമാണെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റ പരിഷ്കരണ നയങ്ങൾ പർലമെന്റിൽ പാസാക്കാൻ കഴിയാത്തതിലുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു . പാർലമെന്റ് ഉപരിസഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട് . എങ്കിലും ഊർജ്ജ മേഖലയിലെ പരിഷ്കരണങ്ങൾ വൻ മാറ്റമാണുണ്ടക്കിയത്.
ഈ വർഷം 7.8 ശതമാനം വളർച്ച നേടുന്ന ഭാരതം അടുത്ത രണ്ട് വർഷം 7.9 ശതമാനം വളർച്ചയിലേക്കെത്തുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം . എന്നാൽ 2016 ൽ 6.7 ശതമാനം വളർച്ച നേടുന്ന ചൈന അടുത്ത രണ്ട് വർഷങ്ങളിൽ അത് കുറഞ്ഞ് 6.5 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .
മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരവും ദൃഢതയുള്ളതുമാണെന്നും ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു .

No comments:

Post a Comment