Saturday, January 23, 2016

സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ഡിജിപി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി.പി സെന്‍കുമാര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സരിതയെ വിളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നശിപ്പിക്കപ്പെട്ടതായി ഡിജിപി മൊഴി നല്‍കിയിരിക്കുന്നത്.
ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സരിതയെ അറസ്റ്റു ചെയ്ത ദിവസം തന്നെ എന്തു കൊണ്ട് അവരുടെ വീട്ടില്‍ പരിശോധന നടത്തിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു. അന്വേഷണവും ഈ വിധം തന്നെയാണോ നടക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഡിജിപി കമ്മീഷന് മുന്‍പാകെ തുറന്ന് സമ്മതിച്ചു.
News Credits,Mangalam Daily

No comments:

Post a Comment