Monday, January 25, 2016

അടിതെറ്റി സര്‍ക്കാര്‍ : ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു

കൊച്ചി : കെ. ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു. ബാബുവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി ബാബുവിനെതിരേ കേസ്‌ എടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈക്കോടതി വിധിയും തിരിച്ചടിച്ചതോടെ സര്‍ക്കാരിനും മുന്‍ എക്‌സൈസ്‌ മന്തി കെ. ബാബുവിനും ഈവിധി ഇരട്ടപ്രഹരമായി. ബാബുവിനെ കേസില്‍ നിന്ന്‌ ഊരാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ നടത്തിയ നീക്കത്തിനാണ്‌ കോടതിയില്‍ നിന്ന്‌ തിരിച്ചടിയേറ്റത്‌. വിജിലന്‍സ്‌ ഉത്തരവ്‌ ചോദ്യം ചെയേ്േണ്ടത്‌ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണെന്നു വ്യക്‌തമാക്കിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം.ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നതിനാല്‍ അതു നിയമാനുസൃതമായ നടപടികളില്‍ ചോദ്യം ചെയ്യുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍.ശങ്കര്‍ റെഡി പ്രത്യേക സത്യവാങ്‌മൂലവും ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ചു. സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പ്രസ്‌താവിക്കാനിരിക്കേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടതെന്നും ഇത്‌ ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമാണെന്നും എ.ജി.വാദിച്ചു. കേസെടുക്കണമെന്ന നിര്‍ദേശത്തിനു പുറമേ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്നും പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി എ.ജി.വാദിച്ചു. വിജിലന്‍സ്‌ കോടതി അധികാരപരിധി വിട്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള അടിയന്തര സാഹചര്യമില്ലെന്നും എ.ജി.വാദിച്ചു.
എന്നാല്‍ വിചാരണ കോടതിയിലെ നടപടികള്‍ക്കു സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജികളും വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിയും വ്യത്യസ്‌തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌ സ്വകാര്യ അന്യായമാണ്‌. അതില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്യാനാവില്ല.വിജിലന്‍സ്‌ കോടതിയിലെ പരാതിക്കാരന്‍ ഈ കേസില്‍ കക്ഷിയല്ലെന്നും കോടതി വ്യക്‌തമാക്കി. വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരേ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചതായി കെ.ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സ്‌റ്റേ അപേക്ഷയോടൊപ്പം കെ. ബാബുവിന്റെ ഹര്‍ജിയും പരിഗണിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, സിംഗിള്‍ ബെഞ്ചാണ്‌ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതീവ ഗൗരവതരമായ വിഷയത്തിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. പരാതിപ്പെട്ടപ്പോള്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ വന്നല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ കേസിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. ബോധിപ്പിച്ചു. എന്നാല്‍ ബാബുവിനെതിരേയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എന്തുകൊണ്ട്‌ വിചാരണ കോടതിയില്‍ ഹാജരാക്കിയില്ലെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട്‌ ഹാജരാക്കുന്നതിനു തടസം ഉണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. അതേസമയം ഹൈക്കോടതി വിധിക്കായി വിജിലന്‍സ്‌ കോടതി കാത്തിരിക്കണമായിരുന്നു എന്ന വാദം ശരിയായിരിക്കാമെങ്കിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതു നിയമപരമായി ചോദ്യംചെയ്യുകയാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉപഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നും വി.എസ്‌. സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ തമ്പാന്‍ ബോധിപ്പിച്ചു.
കോടതി വിധിക്കുശേഷം സമാന സാഹചര്യത്തില്‍ മുന്‍മന്ത്രി കെ.എം. മാണി രാജി സമര്‍പ്പിച്ച്‌ രണ്ട്‌ മണിക്കൂറിനകം മുഖ്യമന്ത്രി രാജി സ്വീകരിച്ചെങ്കിലും കെ. ബാബുവിന്റെ കാര്യത്തില്‍ 48 മണിക്കുറുകള്‍ കഴിഞ്ഞിട്ടും രാജി സ്വീകരിക്കാതെ കോടതിയെ സമീപിച്ച്‌ കാത്തിരിക്കുകയാണ്‌ സര്‍ക്കാരെന്നും അഭിഭാഷകന്‍ ആരോപിച്ചു. തന്റെ ഹര്‍ജിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌റ്റേ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരും കെ. ബാബുവും തമ്മിലുള്ള ഒത്തുകളിയാണ്‌ കെ. ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി നല്‍കിയെന്ന്‌ അറിയിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
വിജിലന്‍സ്‌ ജഡ്‌ജിക്കെതിരേ എ.ജി.; അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരേ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചായിരുന്നു സ്‌റ്റേ ആവശ്യപ്പെട്ട്‌ എ.ജിയുടെ നീക്കം. വിജിലന്‍സ്‌ കോടതി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിരുകടന്നുവെന്നും എ.ജി: കെ.പി. ദണ്ഡപാണി കോടതി മുമ്പാകെ പരാതി ഉന്നയിച്ചു.
വിജിലന്‍സിനെതിരേ വിചാരണക്കോടതി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി കോടതിയെ ചൊടിപ്പിക്കാന്‍ എ.ജി. ശ്രമിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ സ്വാധീനിക്കപ്പെടുന്നവരല്ല കോടതിയെന്നും ഇത്‌ കണക്കിലെടുക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സിന്റെ എഫ്‌.ഐ.ആറിലെ കണ്ടെത്തലുകള്‍ ജുഡീഷ്യല്‍ പുനരവലോകനത്തിന്‌ വിധേയമാക്കണമോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടാമെന്നത്‌ സംബന്ധിച്ച്‌ കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബാബുവിനും ബിജു രമേശിനും നോട്ടീസയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ കോഴക്കേസില്‍ ലോകായുക്‌തയും തൃശൂര്‍ വിജിലന്‍സ്‌ കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും വിജിലന്‍സ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ എ.ജിയോട്‌ കോടതി ആവശ്യപ്പെട്ടു. കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ മന്ത്രിക്കെതിരായ അഴിമതിയാരോപണം എന്ന നിലയിലും 2013 ല്‍ നടന്ന സംഭവമെന്ന നിലയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്ുംമുയമ്പ്‌ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്‌ നടപടിയില്‍ തെറ്റില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തതിനാല്‍ കോടതി ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്‌.
അതിനാല്‍ പ്രാഥമികാന്വേഷണത്തിന്റെ നിയമസാധുതയാണ്‌ പരിശോധിക്കേണ്ടത്‌. സാധാരണ നിലയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തശേഷം കേസ്‌ തെളിവില്ലെന്നു കണ്ടെത്തി റഫര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ കോടതിക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമെന്നും മതിയായ കാരണങ്ങളില്ലാതെ റിട്ട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
News Credits,Mangalam Daily,26 Jan 2016

No comments:

Post a Comment