Saturday, January 23, 2016

ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല.
കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു

No comments:

Post a Comment