Thursday, January 7, 2016

പത്താന്‍കോട്ടില്‍ സംഭവിച്ചത്: സൈന്യം വിശദീകരിക്കുന്നു

ചണ്ഡിഗഢ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടുന്നതില്‍ വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്ക് സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ തന്നെ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിരുന്നിട്ടും ഓപ്പറേഷന്‍ ദാംഗു എന്ന് പേരിട്ട സൈനിക നടപടിക്ക് എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയെ വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണ് സൈന്യം വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയത്.
പരിശീലനത്തിനെത്തിയ 23 വിദേശ സൈനികരും 3000 ത്തോളം കുടുംബങ്ങളുമാണ് ആക്രമണം നടന്ന ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പില്‍ കടന്ന ഭീകരര്‍ ഇവിടെയുളളവരെ ബന്ദികളാക്കാനുള്ള സാദ്ധ്യത നിലനിന്നിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വിദഗ്ധരായ കമാന്‍ഡോകളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ്ജിയെ വിളിച്ചതെന്ന് സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. ബന്ദിയാക്കല്‍ പോലുളള സങ്കീര്‍ണ ഘട്ടങ്ങളില്‍ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സംഘത്തെയാണ് എന്‍എസ്ജി അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍, മ്യാന്‍മര്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയവരായിരുന്നു ക്യാമ്പിലുണ്ടായിരുന്ന വിദേശ സൈനികര്‍. വ്യോമസേന അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപമായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടി അത്ര എളുപ്പമായിരുന്നില്ല. ധൃതിപിടിച്ചുള്ള നടപടിയിലൂടെ വ്യോമസേനാ താവളത്തിന് കൂടുതല്‍ നാശനഷ്ടം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു സൈന്യമെന്നും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു.
ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ സ്വത്തുക്കളും യുദ്ധോപകരണങ്ങളും നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിച്ച് ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യം തീരുമാനിച്ചത്. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഉണ്ടായ ആദ്യദിനം രാത്രി പത്ത് മണിക്കൂറോളം തീവ്രവാദികള്‍ നിശബ്ദരായിരുന്നു. ഇവര്‍ വീണ്ടും വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യം പ്രത്യാക്രമണം പുനരാരംഭിച്ചത്. പിറ്റേന്ന് വ്യോമതാവളത്തിലെ ബാരക്കുകളിലേക്ക് രണ്ട് തീവ്രവാദികള്‍ കടന്നു. ഈ സമയമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയിരുന്ന ആറ് വ്യോമസേനാംഗങ്ങളെ കമാന്‍ഡോകള്‍ രക്ഷപെടുത്തിയത്. മേല്‍ക്കൂരയിലൂടെ ഇറങ്ങി വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. ഇതിന് ശേഷം തീവ്രവാദികളെ വധിക്കാനായി ഐഇഡി ചിപ്പ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.
വയര്‍ കട്ടറുകളും റേഡിയോ സെറ്റുകളും ജെയ്‌ഷെ ഇ മുഹമ്മദിന്റെ ലഘുലേഖകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. വ്യോമതാവളം നിലനില്‍ക്കുന്നത് ദാംഗു എന്ന സ്ഥലത്താണ്. അതുകൊണ്ടാണ് സൈനിക നടപടിക്ക് ഓപ്പേറഷന്‍ ദാംഗു എന്ന് പേരിട്ടത്.
News Credits,Janamtv News

No comments:

Post a Comment