Friday, July 24, 2015

ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി

ദീനദയാൽ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം
ന്യൂഡൽഹി : ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഊർജ്ജപദ്ധതി ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം . പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാട്നയിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും
കൃഷിക്കും വീട്ടുപയോഗത്തിനുമുള്ള വൈദ്യുതിയുടെ വിഭജനവും ആവശ്യമായ വൈദ്യുതിയുടെ കൃത്യമായ പ്രസരണവും പദ്ധതി ലക്ഷ്യമിടുന്നു. ഗുജറാത്തിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയുടെ മാതൃകയിലാണ് ദീനദയാൽ ഗ്രാമ ജ്യോതി യോജന ഭാരതമെങ്ങും നടപ്പിലാക്കുക.ഇതുവരെ 14,680 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട് . ഇതിൽ തന്നെ 5,827 കോടി രൂപ അനുവദിച്ചിരിക്കുന്നത് ബീഹാറിലെ പദ്ധതികൾക്കാണ് .
സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യക്കാനാവശ്യമായ പ്രവൃത്തികൾ ബന്ധപ്പെട്ട ലോക്സഭാംഗം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ജില്ലാ/സർക്കിൾ തല സ്കീമുകൾ തയ്യാറാക്കുകയാണ് ആദ്യപടി. പിന്നീട് ഈ സ്കീമുകൾ ചീഫ് സെക്രട്ടറി തലവനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണം . ഈ കമ്മിറ്റിയുടെ നിർദ്ദേശത്തോടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വഴി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിൽ സമർപ്പിക്കണം.
ഊർജ്ജമന്ത്രാലയത്തിലെ മോണിട്ടറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത് . കേരളത്തിലും പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക റിപ്പോർട്ട് നോഡൽ ഏജൻസിക്ക് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട് .
എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിക്കുന്നതോടെ കാർഷികോത്പാദനത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ . ചെറുകിട വ്യവസായങ്ങളുടേയും കുടിൽ വ്യവസായങ്ങളുടേയും പുരോഗതി, ആരോഗ്യ വിദ്യാഭ്യാസ ബാങ്കിംഗ് മേഖലകളുടെ വികസനം എന്നിവ പദ്ധതിയുടെ നേട്ടങ്ങളാണ്. റേഡിയോ , ടെലഫോൺ ,മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾ എല്ലാ ഗ്രാമങ്ങളിലും ലഭ്യമാകുമെന്നതും പദ്ധതിയുടെമറ്റൊരു ഗുണമാണ് . ഇതിനെല്ലാമുപരി പൗരന്റെ സുരക്ഷയിലും കാര്യമായ അഭിവൃദ്ധിയുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ .

No comments:

Post a Comment