Wednesday, July 1, 2015

അരുവിക്കര ഫലം: ബിജെപിയുടെ വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്

ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷമായി ബിജെപി മാറിയെന്ന വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്. കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി ഇടതുമുന്നണിയെ ജനങ്ങള്‍ അംഗീകരിക്കുന്നി്‌ല്ലെന്ന തെളിവാണ് അരുവിക്കരയിലെ ഫലമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ജനം ടിവിയോട് പറഞ്ഞു.
രാഷ്ട്രീയമായി എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച ആര്‍ക്കും അവഗണിക്കാനാകില്ലെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു. അരുവിക്കരയില്‍ ഇടതുമുന്നണിയുടെ മുഖ്യപ്രചാരകനായിരുന്ന വി.എസിന്റെ യോഗങ്ങളില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിളളയെ പ്രചാരണത്തിനിറക്കിയതും തിരിച്ചടിയായെന്ന് ദേവരാജന്‍ പറഞ്ഞു.
മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് ബാലകൃഷ്ണപിള്ളയെ സിപിഎം നേതൃത്വം അരുവിക്കര പ്രചാരണത്തില്‍ പങ്കെടുപ്പിച്ചത്. വരും ദിവസങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ സിപിഎമ്മിനെതിരായ ആയുധമായി ഇക്കാര്യം ഉപയോഗിക്കുമെന്ന സൂചനയാണ് ദേവരാജന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.
അരുവിക്കരയിലെ ജന വിധിയിന്‍മേല്‍ ദേശിയ തലത്തില്‍ ഇടത് പാര്‍ട്ടികളില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ നിലപാട്.

No comments:

Post a Comment