Saturday, July 18, 2015

വ്യാജ ആധാരത്തിലൂടെ കമ്പനി കവര്‍ന്നത്‌ 30,000 ഏക്കര്‍ : ടി.ആര്‍.ആന്‍ഡ്‌ ടീ കമ്പനി ക്കെതിരേയുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മുക്കി

പത്തനംതിട്ട : വ്യാജ ആധാരത്തിന്റെ മറവില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന്‌ഏക്കര്‍ ഭൂമി സ്വന്തമാക്കിയ ഇടുക്കിയിലെ ട്രാവന്‍ കൂര്‍ റബര്‍ ആന്‍ഡ്‌ ടീ (ടി.ആര്‍. ആന്‍ഡ്‌ ടീ)കമ്പനിയുടെ പ്രവര്‍ത്തനം ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിച്ചാണെന്നും അതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തണമെന്നുമുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അവഗണിച്ചതായും രേഖകള്‍. രണ്ടുവര്‍ഷം മുമ്പാണു വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ അന്വേഷണം നടന്നിരുന്നുവെങ്കില്‍ കമ്പനിയുടെ നിയമലംഘനം പുറത്തുകൊണ്ടുവരാന്‍ കഴിയുമായിരുന്നു. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ്‌ ഗേറ്റ്‌ സ്‌ഥാപിച്ചതിനെതിരേ അടുത്തിടെ ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അടക്കമുള്ള അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാനും ഇതുമൂലം സാധിക്കുമായിരുന്നു. റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവമാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇത്‌ വ്യക്‌തമാക്കുന്നു.
ഹാരിസണ്‍സ്‌ മലയാളം കമ്പനിക്കെതിരേ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി എന്‍. നന്ദനന്‍പിള്ള അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരേ കൂടുതല്‍ അന്വേഷണം വേണമെന്ന്‌ ശിപാര്‍ശ ചെയ്‌തത്‌. 2013 സെപ്‌റ്റംബര്‍ മൂന്നിനാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. വിജിലന്‍സ്‌ ശിപാര്‍ളില്‍ ഒന്നുപോലും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ട്‌ തയാറാക്കിയ നന്ദനന്‍ പിള്ളയെ നിരന്തരം സ്‌ഥലംമാറ്റുകയും ചെയ്‌തു.
ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി, ട്രാവന്‍ കൂര്‍ ടീ എസ്‌റ്റേറ്റ്‌ കമ്പനി, വുഡ്‌ ലാന്‍ഡ്‌ ടീ എസ്‌റ്റേറ്റ്‌ കമ്പനി, ശ്രീവര്‍ധന്‍ ട്രസ്‌റ്റ്‌, പെനിന്‍സുലാര്‍ പ്ലാന്റേഷന്‍സ്‌ എന്നീ അഞ്ചു കമ്പനികളുടെ ഉടമസ്‌ഥര്‍ ഒരാളാണെന്ന്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ 1963ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്‌ 30,000 ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാരിസണ്‍സുമായി ചേര്‍ന്ന്‌ കമ്പനി നടത്തിയ വന്‍ തട്ടിപ്പ്‌ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്‌. ടി.കെ.വി. നായര്‍ എന്ന ആളുടെ പേരില്‍ വ്യാജമായി തയാറാക്കിയ പവര്‍ ഓഫ്‌ അറ്റോര്‍ണി ഉപയോഗിച്ചാണ്‌ ഹാരിസണ്‍സിന്റെ പക്കലുണ്ടായിരുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍പ്പെട്ട 2700 ഏക്കര്‍ വരുന്ന അമ്പനാട്‌ എസ്‌റ്റേറ്റ്‌ ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയതെന്ന്‌ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
ഇക്കാര്യം നേരത്തേ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ടി.കെ.വി. നായര്‍ എന്നൊരാളുണ്ടായിരുന്നോ എന്നും അവ്യക്‌തമാണ്‌. അമ്പനാട്‌ എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഉത്തരവിറക്കിയിട്ടുണ്ട്‌. സമാനമായ നിലയില്‍ വ്യാജ ആധാരപ്രകാരമാണ്‌ പെരുവന്താനം പഞ്ചായത്തിലെ തെക്കേമലയില്‍ ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി ഭൂമി കൈവശം വയ്‌ക്കുന്നതെന്ന്‌ റവന്യൂ അധികൃതര്‍ പറയുന്നു
News Credits, സജിത്ത്‌ പരമേശ്വരന്‍,Mangalam Daily,

No comments:

Post a Comment