Friday, July 10, 2015

കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് അഭിഭാഷകനായ കെ വിശ്വന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച പരിഗണിക്കും.
കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നും ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലാണെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ജയരാജന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സിബിഐ നേരത്തെ ജയരാജനെ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയിലും ജയരാജനെതിരേ പരാമര്‍ശമുണ്ടായിരുന്നു. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഐ മധുസൂദനനെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജയരാജന്റെ വിശ്വസ്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ വിക്രമനടക്കം 19 പേരെ പ്രതി ചേര്‍ത്ത് മാര്‍ച്ച് 7ന് തലശേരി സെഷന്‍സ് കോടതിയില്‍ കേസിലെ ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. മനോജിന്റെ കൊലപാതകത്തിന് ശേഷം ജയരാജന്‍ പ്രസിഡന്റായിരുന്ന സഹരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് വിക്രമന്‍ രക്ഷപെട്ടത്.
മനോജിന്റെ വധത്തിനു ശേഷം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെ നേരിട്ടാണ് കൊലപാതകം നടന്നതെന്നും ഗൂഢാലോചനയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.
News Credits JanamTV News

No comments:

Post a Comment