Monday, December 30, 2013

ഭസ്മാസുരന്റെ നരാവതാരം

അബദ്ധത്തില്‍ കൈ സ്വന്തം തലയില്‍വച്ച് കാലപുരി പൂകുന്നതിനു തലേന്ന് ഭസ്മാസുരന്‍ മഹാവിഷ്ണു രഹസ്യമായി ഒരു വരം നല്‍കിയിരുന്നുവെന്ന് മറാഠി ഭാഷയിലെഴുതപ്പെട്ട ‘ശിവലീലാമൃതം’ പറയുന്നു. കൊല്ലവര്‍ഷം 1126 ല്‍ ഭാരതദേശത്തില്‍ നസ്രാണിയായ പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്‍ ജോര്‍ജായി നരജന്മമെടുത്ത് കേരളരാഷ്ട്രീയത്തിലെ അസുരന്മാരെയൊന്നൊന്നായി നിഗ്രഹിക്കും എന്നായിരുന്നു ആ വരം. വാര്‍ത്താചാനലുകള്‍ അതിന് ജോര്‍ജിനെ സഹായിക്കുമെന്ന ഭഗവാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടും നടപ്പായിക്കൊണ്ടിരിക്കുന്നു. ഇടതുവലതു മുന്നണികളില്‍ ഈവിധം നിഗ്രഹോത്സുകമായ രാഷ്ട്രീയജീവിതം നയിക്കുന്ന മറ്റാരുണ്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ? കുരുവിള, ജോസഫ്, ഗണേശ്, തിരുവഞ്ചൂര്‍…..ജോര്‍ജിന്റെ അവതാരലക്ഷ്യം മുടക്കംകൂടാതെ മുന്നേറുകതന്നെയാണ്. നാളിതുവരെ ഒരു മധ്യമപ്രവര്‍ത്തകനും കഴിയാത്തവിധം, രാഷ്ട്രീയരംഗത്തെ അഴിമതികളും ‘വിഷയാ’സക്തികളും മറനീക്കിക്കാണിക്കുന്നതില്‍ ജോര്‍ജിനുളള സിദ്ധി അപാരമാണ് എന്നുതന്നെ പറയണം. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല ജോര്‍ജിന്റെ ഇരകള്‍. സിനിമാ-സിരീയല്‍ നടിമാര്‍, വ്യവസായികള്‍, ചെറുകിട രാഷ്ട്രീയക്കാര്‍, വന്‍കിട ഉദ്യോഗസ്ഥന്മാര്‍…. ആ പട്ടിക നീളുന്നു. നരാവതാരത്തില്‍ ഭസ്മാസുരന്‍ ചെയ്യാനിടയുളളതാണ് ജോര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ ജോര്‍ജിനെങ്കിലും സംശയമേതുമില്ല; ചാനലുകള്‍ക്കും. സരിതാ-ശാലു-ഗണേഷ് വേട്ടയുടെ രണ്ടാംഘട്ടത്തില്‍ ജോര്‍ജ് തന്റെ ഇരയായി പ്രഖ്യാപിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രമേശ് ചെന്നിത്തലക്കുവേണ്ടി നടത്തുന്ന ഒളിയുദ്ധമാണിതെന്ന് ശ്രുതിയുണ്ടെങ്കിലും നേര്‍യുദ്ധത്തിന്റെ ആളായാണ് പലരും ജോര്‍ജിനെ കാണുന്നത്. തനിക്കെതിരെ യൂത്തന്മാര്‍ പടയിളകിവന്നത് തിരുവഞ്ചൂരിന്റെ കളിയാണെന്നറിഞ്ഞതുതൊട്ടാണ് ജോര്‍ജ് രാധാകൃഷ്ണവധം ആട്ടക്കഥ ആടിത്തുടങ്ങിയത്. കലിയും കത്തിയും ഒന്നിച്ചാവാഹിച്ചാണ് പൂഞ്ഞാറന്റെ പടപ്പുറപ്പാട്. കഴിഞ്ഞയാഴ്ച അതിന്റെ തിരനോട്ടം നടന്നു. ഇനിയങ്ങോട്ട് എത്രരാത്രി എന്നേ നോക്കാനുളളൂ. തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. 19ന് പീപ്പിള്‍ ചാനലിലായിരുന്നു തുടക്കം. നരേന്ദ്രമോദിയുടെ പ്രതിമായാത്രയില്‍ പങ്കെടുത്ത ജോര്‍ജ് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഒന്നിച്ചിളകി. ഉമ്മനും രാധയും ഗുജറാത്ത് മന്ത്രിമാരോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യം പുറത്തുവിട്ട് ജോര്‍ജ് മുറിച്ചുരിക തീര്‍ത്തു. പിറ്റേദിവസം, ഈ ഭക്ഷണവേളയില്‍ പങ്കെടുത്ത ഒരു മലയാളിവ്യവസായി ഗുജറാത്തില്‍ തിരുവഞ്ചൂരിന്റെ ബിനാമിയാണെന്ന് ജോര്‍ജ് തട്ടിവിട്ടു. സംഗതി പുകിലായി. ജോര്‍ജിനെതിരെ വാളോങ്ങിയ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം മാളത്തില്‍ ഒളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജോര്‍ജിന്റെ കോട്ടയം സംഭവത്തെ സമര്‍ഥമായി കാവിപൂശി ഒപ്പംനിന്നു. നരേന്ദ്രമോദിയുടെ വക്താക്കളായി സ്വയം ഈ ചാനല്‍ മുദ്രകുത്തിക്കഴിഞ്ഞതിനാല്‍, 21 ന് അവിടെയായി ജോര്‍ജിന്റെ അരങ്ങ്. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ അഭിലാഷ് മുരളീധരനെന്ന വ്യവസായിയുടെ ഒന്നിലധികം സ്ഥാപനങ്ങളില്‍ ഡയറക്ടറാണെന്നും ഇത് തിരുവഞ്ചൂരിന്റെ പണം ആ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുളളതു കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു. 900 പേജ് വരുന്ന രേഖകള്‍ തന്റെ കയ്യിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തെണ്ടിത്തിരിഞ്ഞു നടന്ന അഭിലാഷ് സ്വര്‍ണ്ണക്കടത്തുകാരനും ഭൂമിതട്ടിപ്പുകാരനും സ്റ്റീല്‍പ്ലാന്റുകളുടെ ഉടമയുമായതെങ്ങനെ? ജോര്‍ജിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരുമുണ്ടായില്ല. 22 ന് മാതൃഭൂമി ന്യൂസ് ആയി ജോര്‍ജിന്റെ വേദി. ഇതിനിടെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ചാനലുകളിലെത്തി അഭിലാഷ് സ്വയം ന്യായീകരിച്ച് തിരുവഞ്ചൂരിനെ കുപ്പിയിലിറക്കി. തിരുവഞ്ചൂരിനെക്കാള്‍ വലിയ നേതാവും അഭിലാഷിന്റെ പിന്നിലുണ്ട് എന്ന് ജോര്‍ജ് പറഞ്ഞത് ചാനല്‍ചര്‍ച്ചയാക്കിയില്ല; അത് ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് ചില ചാനലുകള്‍ സൂചിപ്പിച്ചിട്ടും. പക്ഷെ കെ.സി. വേണുഗോപാലിനും ആന്റോ ആന്റണിക്കും അഭിലാഷുമായി ബിനാമി ബന്ധമുണ്ടെന്ന് ജോര്‍ജ് തറപ്പിച്ചു പറഞ്ഞു. അഥവാ ചാനല്‍ പറയിച്ചും-ശ്രദ്ധിക്കുക. ഇന്നുവരെ ഒരു നേതാവും ഈ ആരോപണം നിഷേധിച്ചിട്ടില്ല; വിശദീകരണം നല്‍കിയിട്ടുമില്ല. സരിതക്കേസിലുള്‍പ്പെടെ ജോര്‍ജ് വിരല്‍ ചൂണ്ടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇവര്‍. അന്ന് മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവര്‍. അഭിലാഷ് മുരളീധരനെക്കാള്‍ വലിയ കൊമ്പന്മാരുടെ കമ്പനികളില്‍ വന്‍തുക ശമ്പളംപറ്റി കഴിയുന്ന തങ്ങളുടെ മക്കളെയോര്‍ത്താവണം, എന്തായാലും സി.പി.എം. നേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. 22 ന്, കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും പൂര്‍ണ്ണമായും ചാനല്‍ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്നു. തിരുവഞ്ചൂരിനെക്കാള്‍ വലിയ ഏതുനേതാവിനാണ് അഭിലാഷുമായി സാമ്പത്തിക ബന്ധമുളളതെന്ന് ജോര്‍ജ് വെളിപ്പെടുത്തുന്നകാലം വരും. സ്വന്തമായി ഒന്നും കണ്ടെത്താന്‍ കഴിവില്ലാത്ത ചാനലുകള്‍ അതുവരെ കാത്തിരിക്കേണ്ടിയും വരും. ചുരുക്കത്തില്‍, ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളത്തില്‍ വാര്‍ത്താചാനലുകളുടെ ജീവനോര്‍ജജം തന്നെ പി.സി. ജോര്‍ജാണ്. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളും ഇടപെടലുകളുമില്ലെങ്കില്‍ എന്താകുമായിരുന്നു, ഇക്കാലത്തെ വാര്‍ത്താചാനല്‍ രാഷ്ട്രീയം എന്നാലോചിക്കാവുന്നതാണ്. കേരളരാഷ്ട്രീയം താന്‍ ശുദ്ധീകരിക്കും എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു ജോര്‍ജ്. ഏതറ്റംവരെ ഈ ശുദ്ധീകരണ പ്രക്രിയ പോകും എന്നേ കാണാനുളളൂ. ഒന്നുറപ്പ്. യു.ഡി.എഫിലെ അഴിമതിഭൂതങ്ങളും കാമാസുരന്മാരും വിരണ്ടുകഴിഞ്ഞു. ഇനി ആരുടെ ശിരസ്സിലാണ് ജോര്‍ജിന്റെ കൈ വീഴുക എന്നാര്‍ക്കറിയാം?
Article Credits,കാഴ്ച,Shaji Jacob.Reportertv Channel News, Dec 24, 2013

No comments:

Post a Comment