Saturday, December 14, 2013

അരയ്‌ക്കുതാഴെ തളര്‍ന്ന കുട്ടികളുടെ അച്‌ഛന്‍ മുഖ്യമന്ത്രിയെ കാണാനാകാതെ തൂങ്ങിമരിച്ചു

അഞ്ചല്‍ (കൊല്ലം): അരയ്‌ക്കുതാഴെ തളര്‍ന്ന രണ്ട്‌ ആണ്‍മക്കളെ ചുമലേറ്റി ജനസമ്പര്‍ക്കപരിപാടിക്കെത്തിയ ഗൃഹനാഥന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്ത നിരാശയില്‍ ജീവനൊടുക്കി. അഞ്ചല്‍, തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(47)ണു മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്തതില്‍ മനംനൊന്ത്‌ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്‌. സുശീലന്റെ മരണത്തോടെ ഭാര്യയും കിടക്കയില്‍നിന്ന്‌ എഴുന്നേല്‍ക്കാനാവാത്ത രണ്ടു മക്കളും അനാഥരായി. മൂത്തമകന്‍ അതുലിന്‌ എട്ടുവയസുള്ളപ്പോഴാണ്‌ അപൂര്‍വരോഗം പിടിപെട്ടത്‌. അരയ്‌ക്കുതാഴെ പൂര്‍ണമായി തളര്‍ന്നതിനേത്തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇളയകുട്ടി അഖിലിനും എട്ടുവയസായപ്പോള്‍ ഇതേ രോഗം പിടിപെട്ടു. ശയ്യാവലംബികളായ മക്കളെ കണ്ണിലെണ്ണയൊഴിച്ചു ശുശ്രൂഷിച്ചിരുന്നതു സുശീലനാണ്‌. ഭാര്യ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിചെയ്‌താണു കുടുംബം പുലര്‍ത്തിയിരുന്നത്‌. ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബി.ആര്‍.സിയില്‍നിന്ന്‌ അധ്യാപകര്‍ വീട്ടിലെത്തിയാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. ഇരുവരും പഠിക്കാന്‍ സമര്‍ഥരായിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്‌ത്‌ അതുല്‍ 10-ാം ക്ലാസ്‌ വരെയെത്തി, അഖില്‍ ഏഴിലും. മക്കളുടെ ചികിത്സക്കായി ആകെയുള്ള 10 സെന്റ്‌ ഭൂമിയും വീടും പണയപ്പെടുത്തി. ഒരുപാടു പണം ചെലവഴിച്ച്‌ കടത്തിലായി. മക്കളുടെ ചികിത്സയ്‌ക്കു മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണു ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച്‌ അറിഞ്ഞത്‌. മുമ്പ്‌ അപേക്ഷിച്ചവര്‍ക്കുപുറമേ പുതുതായി നല്‍കുന്ന അപേക്ഷകളും പരിഗണിക്കുമെന്നറിഞ്ഞ്‌ ഒരു പ്രാദേശികനേതാവിനൊപ്പം 12-നു രാവിലെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലത്ത്‌ രണ്ടുമക്കളുമൊത്ത്‌ എത്തി. വന്‍ജനക്കൂട്ടത്തിനിടെ അര്‍ധരാത്രിവരെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട്‌ അപേക്ഷ നല്‍കാനായില്ല. ഒടുവില്‍ പ്രാദേശികനേതാവു മുഖേന അപേക്ഷ മുഖ്യമന്ത്രിയുടെ പി.എയെ ഏല്‍പ്പിച്ചു മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ സുശീലന്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചു. സന്ധ്യയോടെ പുറത്തിറങ്ങിയ സുശീലനെ പിന്നീട്‌ റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍, സുശീലന്റെ ആത്മഹത്യ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനാലാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിച്ചു. മുഖ്യമന്ത്രി ഇവരില്‍നിന്ന്‌ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രത്യേക പരിഗണനവേണ്ട കേസായതിനാല്‍ അപേക്ഷ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുശീലനെ അറിയിച്ചിരുന്നു. സുശീലന്റെ മക്കള്‍ക്കു ചികിത്സാസഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ്‌ ബി.പി.എല്‍. ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

അധികൃതരുടെ ഉറപ്പ്‌ പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട്‌ സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ്‌ നുറുങ്ങിയിട്ടില്ല. നാല്‌പത്‌ വയസ്‌ പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ്‌ വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത്‌ കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക്‌ ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന്‌ ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്‌. വീടിന്‌ മുന്നില്‍ വഴിമുടക്കുന്ന രണ്ട്‌ പോസ്‌റ്റുകള്‍. തടിയംപാട്‌ ടൗണിനോട്‌ ചേര്‍ന്ന പെരുമ്പാട്ട്‌ വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ്‌ സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്‌. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക്‌ വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന്‌ അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന്‌ മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന്‌ പ്രാദേശിക ജനപ്രതിനിധികളോട്‌ നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ്‌ കെ.എസ്‌.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ്‌ ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്‌. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന്‌ മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക്‌ തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ്‌ 1988 ല്‍ ഡിസംബര്‍ ഏഴിന്‌ മുരിക്കാശേരിക്കടുത്ത്‌ ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ്‌ തടിയംപാട്‌ പെരുമ്പാട്ട്‌ സുജാതയെ കിടപ്പിലാക്കിയത്‌. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ്‌ സുജാതയെ വ്യത്യസ്‌തയാക്കിയത്‌. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന്‌ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന്‌ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക്‌ കടന്നുവരാത്തതിനാല്‍ ഇത്‌ മുടങ്ങി. മറ്റാരെങ്കിലും എടുത്ത്‌ വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന്‌ തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013

No comments:

Post a Comment