Monday, December 30, 2013

ആറന്മുള: ഭൂമി പോക്കുവരവു ഉമ്മന്‍ചാണ്ടി സര്‍ക്കാരി​​​െ​ന്‍റ കാലത്തെന്ന് രേഖകള്‍: മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവളനിര്‍മാണത്തിനു വിശാലമായ വയല്‍മേഖല പോക്കുവരവു ചെയ്‌തുകൊടുത്തതു വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിയുന്നു. ഭൂമിയുടെ പോക്കുവരവു നടന്നത്‌ ഈ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാകലക്‌ടറായിരുന്ന പി. വേണുഗോപാല്‍ ഉത്തരവിട്ടത്‌ 2011 നവംബര്‍ 18 നാണ്‌. ഇതു സംബന്ധിച്ച്‌ 2012 ഫെബ്രുവരിയില്‍ ചീഫ്‌ സെക്രട്ടറിക്കു ജില്ലാകലക്‌ടര്‍ കത്തയച്ചിരുന്നു. ഭൂമിയുടെ പോക്കുവരവ്‌ ഇതുവരെ നടന്നിട്ടില്ലെന്ന്‌ ഈ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ 2012 ഫെബ്രുവരി 17 നു ശേഷമാണു പോക്കുവരവു നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. സംഭവം പരസ്യമായതോടെ വിവാദ ഉത്തരവ്‌ റദ്ദാക്കാനും ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, ഇതിനെതിരേ വിമാനത്താവളനിര്‍മാതാക്കളായ കെ.ജി.എസ്‌. ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ആറന്മുള പുഞ്ചപ്പാടം നികത്തി എയര്‍സ്‌ട്രിപ്പ്‌ നിര്‍മിക്കാന്‍ കോഴഞ്ചേരി എഡ്യൂക്കേഷണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം കലമണ്ണില്‍ വാങ്ങിയ 232 ഏക്കര്‍ ഉള്‍പ്പെടെ 106.5313 ഹെക്‌ടര്‍ പാടശേഖരമാണു പോക്കുവരവു ചെയ്‌തുകൊടുത്തത്‌. നിയമം മറികടന്ന്‌ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങിയ ഏബ്രഹാം കലമണ്ണിലിന്റെ പേരില്‍, പിന്നീടു മിച്ചഭൂമിക്കേസ്‌ എടുക്കുന്നതിനു സംസ്‌ഥാന ലാന്‍ഡ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം, ചട്ടപ്രകാരം സത്വരനടപടി സ്വീകരിക്കണമെന്നുകാട്ടി 2010 നവംബര്‍ 12 നാണ്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ക്കു കത്തയച്ചത്‌. നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ക്കു വിധേയമായി, സ്വന്തംനിലയില്‍ ഭൂമി കണ്ടെത്തി, മുന്നോട്ടുപോകാമെന്നു ചൂണ്ടിക്കാട്ടി ഇടതുമന്ത്രിസഭ അതിനുമുമ്പുതന്നെ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ പാലിക്കണമെന്ന വാചകം പദ്ധതി നടപ്പാക്കുന്നതിനു കെ.ജി.എസിനു തടസമായി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം, ഭൂപരിധിനിയമം, ഭൂപരിഷ്‌കരണനിയമം എന്നിവ മറികടക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു വ്യക്‌തമായതിനാലാണു വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെയും അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെയും സ്വാധീനിച്ച്‌ ആറന്മുള ഗ്രാമത്തെ മുഴുവന്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ കെ.ജി.എസ്‌. കൂട്ടുനിന്നത്‌. ആറന്മുള വിമാനത്താവളത്തിനു ഭൂമി നികത്തിയത്‌ ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും തെറ്റാണെന്നു തെളിയുന്നു. 2003-04 ലാണ്‌ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ വയല്‍ മധ്യത്തിലൂടെ ഒഴുകിയിരുന്ന കോഴിത്തോടും തോട്‌ പുറമ്പോക്കും കൈയേറി മണ്ണിട്ടുനികത്തിയത്‌. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. വയല്‍ നികത്തിയതിനെതിരേ അന്നു വന്‍ ജനകീയ പ്രക്ഷോഭമുണ്ടായി. വയല്‍ മധ്യത്തിലെ കരിമാരം കുന്ന്‌ ഇടിച്ചു വയല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി. നാട്ടുകാര്‍ തീയിട്ടതു സംബന്ധിച്ച കേസ്‌ ഇപ്പോഴും നിലവിലുണ്ട്‌. കെ.എസ്‌.കെ.ടി.യുവും വയല്‍ നികത്തിയതിനെതിരേ കേസ്‌ കൊടുത്തിരുന്നു.
News Credits,Mangalam Daily,Dec 30, 2013

No comments:

Post a Comment