Wednesday, September 7, 2016

പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം

കൊല്ലം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താവിന് വീട്ടിലെത്തിക്കുന്ന പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം. സര്‍ക്കാര്‍ ആനുകൂല്യം സിപിഎം പ്രാദേശിക നേതാക്കളുടെയും ജനപ്രതിനിധികളുടേയും വീടുകളില്‍ യോഗം വിളിച്ചു ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് നിശ്ചിത തുക പിരിക്കുന്നുവെന്ന പരാതിക്കൊപ്പം പല സ്ഥലങ്ങളിലും ഈ നടപടി സംഘര്‍ഷത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
വാര്‍ദ്ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങി എല്ലാത്തരം സാമൂഹ്യക്ഷേമ പെന്‍ഷനുകളും സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് നല്‍കുകയെന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. പെന്‍ഷനുളള പണം സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
സഹകരണബാങ്കുകളില്‍ നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് ശേഖരിച്ച ശേഷം സിപിഎം ജനപ്രതിനിധികളുടെയോ അതല്ലെങ്കില്‍ പ്രാദേശിക നേതാക്കളുടെയോ വീടുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തി ബാങ്കുദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു പലയിടങ്ങളിലും അരങ്ങേറിയത്.
കൊല്ലം കല്ലുന്താഴം കോളേജ് ഡിവിഷനില്‍ ഇത്തരമൊരു നീക്കം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. പെന്‍ഷന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും പാര്‍ട്ടി ഇടപെടല്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഗുണഭോക്താക്കളില്‍ പലരും ഇത്തരമൊരു യോഗത്തിന്റെ കാര്യം അറിഞ്ഞതേയുണ്ടായില്ല. പലയിടങ്ങളിലും പാര്‍ട്ടി നേതൃത്വത്തിലുള്ള പെന്‍ഷന്‍ വിതരണത്തിനിടെ പാര്‍ട്ടി ഫണ്ടിലേക്ക് പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്. പെന്‍ഷന്‍ തുകയുടെ ഒരു ശതമാനം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാനാണ് പലരെയും നിര്‍ബന്ധിക്കുന്നത്.
News Credits Janam Tv

No comments:

Post a Comment