Thursday, September 15, 2016

നീതിദേവതേ… വഞ്ചിയ്ക്കപ്പെട്ടത് നീയാണ്, ഞാനാണ്, നമ്മളാണ്

ഒരു പെൺകുട്ടിയുടെ ജീവന്റെയും മാനത്തിന്റെയും വില ഒരു കൊലയാളിയുടെ പുരുഷായുസ്സിലെ കേവലം ഏഴു വർഷങ്ങൾ മാത്രം! ഒരമ്മയുടെയും, ഒരു സമൂഹത്തിന്റെയും തീരാത്ത വേദനയുടെ വില ബി.എ.ആളൂർ എന്ന പാപത്തിന്റെ പങ്കു പറ്റിയ അഭിഭാഷകൻ നേടിയ ഫീസും, പ്രശസ്തിയും മാത്രം. ഇന്ന് കേരളമെന്ന സംസ്ഥാനം തലകുനിച്ചിരിക്കുന്നത് ഉദാസീനമായ ഒരു സർക്കാർ നടപടിയുടെ പരിണിതഫലം സമ്മാനിച്ച ദുഃഖഭാരത്താലാണ്.
സൗമ്യ കൊലക്കേസിലെ സുപ്രീം കോടതി വിധി, ശക്തമായ പ്രോസിക്യൂഷൻ നിലപാടുകളെ പ്രതിഭാഗം ഖണ്ഡിച്ചതു കൊണ്ടല്ല. വാദങ്ങളില്ലാതെ പോയതു കൊണ്ടാണ്, അഥവാ വാദം ദുർബ്ബലമായതു കൊണ്ടാണ്. തെളിവുകൾ ഇല്ലാതിരുന്നതു കാരണമല്ല. അതു കോടതിയിൽ എത്താതിരുന്നതു കൊണ്ടാണ്. പ്രതി ഇരയോടു ക്രൂരത കാട്ടിയിട്ടില്ലാത്തതുകൊണ്ടല്ല, ആ കൊടും ക്രൂരത കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കാതിരുന്നതുകൊണ്ടാണ്.
ഇവിടെ പരമോന്നത നീതിപീഠത്തെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ല. കോടതിയിലെത്തേണ്ട വസ്തുതകൾ അവിടെയെത്തിക്കാത്തവരാണ് പ്രതിസ്ഥാനത്ത്. ആത്യന്തികമായി ഇത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയെന്നതിലുപരി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയം കൂടിയാണെന്ന് ചുരുങ്ങിയ കാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
ഇന്നു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലമുതിർന്ന നേതാവായ എം.എ.ബേബി പണ്ടേയ്ക്കു പണ്ടേ വ്യക്തമാക്കിയ പാർട്ടി നയം തന്നെയാണ്, “വധശിക്ഷ വേണ്ട” എന്നത്. യാക്കൂബ് മേമൻ എന്ന തീവ്രവാദിയെ വധിച്ചപ്പോൾ, അജ്മൽ കസബ് എന്ന ഭീകരനെ വധിച്ചപ്പോഴെല്ലാം ബഹുമാന്യമായ ന്യായാസനത്തിനെതിരെയും, രാജ്യത്തിനെതിരെയും ആരോപണങ്ങളുന്നയിയ്ക്കുകയും, സമരങ്ങൾ നടത്തുകയും ചെയ്ത ചരിത്രമല്ലേ ഇടതുപക്ഷത്തിനുള്ളത്? സദ്ദാം ഹുസൈനും, ലോക തീവ്രവാദത്തിന്റെ തലതൊട്ടപ്പനായ ഒസാമ ബിൻ ലാദനും വേണ്ടി വരെ കവിത പാടി ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കളല്ലേ ഇന്നീ സംസ്ഥാനം ഭരിക്കുന്നത്? ബലാത്സംഗമെന്നാൽ ചായകുടിക്കുന്നതു പോലെയേ ഉള്ളൂവെന്ന് നിസ്സാരവത്കരിച്ച ജനപ്രിയ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പാർട്ടിയും സി.പി.എം ആയിരുന്നില്ലേ? സ്ത്രീകളുള്ളിടത്തു ബലാത്സംഗവും ഉണ്ടാകുമെന്നും മുഖ്യമന്ത്രിയായിരുന്ന നായനാർ തന്നെയല്ലേ പറഞ്ഞത്? ആ പാർട്ടി താത്വികാചാര്യന്റെ തൊട്ടടുത്ത തലമുറയല്ലേ ഇന്നു കേരളം ‘ശരിയാക്കുന്നത്‘? ഇവിടെ, ഈ പാർട്ടിമേലാളന്മാരുടെ നോട്ടത്തിൽ, ചായ കുടിക്കുന്നത്ര ലാഘവത്വമുള്ള, കേവലം ഒരു ബലാത്സംഗം മാത്രം ചെയ്ത, 51 വെട്ടിന്റെയോ, ബോംബിന്റെയോ ഐതിഹാസിക പശ്ചാത്തലമില്ലാത്ത വെറുമൊരു ഒറ്റക്കയ്യൻ വധശിക്ഷയ്ക്കർഹനാകുമെന്ന് കേരളത്തിലുള്ള ഒരു വ്യക്തിയെങ്കിലും ചിന്തിച്ചുവോ? അങ്ങനെ ചിന്തിച്ചുവെങ്കിൽ ഈ കേസിലെ വിജയം ആളൂരിനല്ല മറിച്ച് സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന് അവകാശപ്പെട്ടതാണ്.
നിയമമറിയാത്ത വ്യക്തിയല്ല സുപ്രീം കോടതിയിൽ സംസ്ഥാനത്തിനു വേണ്ടി ഹാജരായത്, ഹൈക്കോടതി ജഡ്ജിയായിരുന്ന മുതിർന്ന അഭിഭാഷകനാണ്. തത്വത്തിൽ ഈ കേസിന്റെ വീഴ്ച അദ്ദേഹത്തിന്റെ ഭാഗത്താണെന്നും പറയാൻ കഴിയില്ല. എന്തു കൊണ്ടെന്നാൽ സ്റ്റാന്റിംഗ് കൗൺസിൽ ആയി സുപ്രീം കോടതിയിൽ ഹാജരായിരുന്ന നിഷെ രാജൻ ശങ്കർ എന്ന അഭിഭാഷകൻ, കോടതിക്കു മുൻപാകെ എത്തിയിരിക്കുന്ന കേസ് എന്താണെന്നു പോലും വിശദീകരിക്കാതെ നിൽക്കുന്ന കാഴ്ചയാണ് ദൃക്സാക്ഷികൾ കണ്ടത്.
ഡി.എൻ.എ സാമ്പിളുകളടക്കമുള്ള ശാസ്ത്രീയതെളിവുകളും, സാഹചര്യത്തെളിവുകളും പകൽവെളിച്ചം പോലെ നിൽക്കുമ്പോൾ കണ്ണു മൂടിയ നീതിദേവതയുടെ കാതിൽ സത്യം വിളിച്ചു പറയേണ്ടിയിരുന്ന അഭിഭാഷകരെ മൗനിയാക്കിയത് ഏതു പ്രേരകശക്തിയാണ്? ബഹുമാനപ്പെട്ട ഹൈക്കോടതി അംഗീകരിച്ച പതിനേഴോളം തെളിവുകൾ സുപ്രീം കോടതിയ്ക്കു മുൻപാകെ എത്താതിരിക്കുകയോ, അപ്രസക്തമാവുകയോ ചെയ്തതിന്റെ ഉത്തരവാദിത്വം ആർക്കാണ്? സൗമ്യയെ ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞതിന്റെ വ്യക്തമായ തെളിവുകൾ സംബന്ധിച്ച് ഡോ.ഷേർളിയുടെ പ്രസ്താവന മാദ്ധ്യമങ്ങളിൽ വരെ വന്നിട്ടും, അത്രയും ആധികാരികമായ ഒരു പരാമർശം എന്തുകൊണ്ട് കോടതിയിലെത്തിയില്ല?
പ്രതിഭാഗത്തിനു വേണ്ടി വാദിച്ച അഡ്വ.ബി.എ.ആളൂർ തന്നെ മാദ്ധ്യമങ്ങളോടു തുറന്നു പറഞ്ഞത് തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതു കൊണ്ടു മാത്രമാണ് പ്രതി രക്ഷപ്പെട്ടതെന്നും, പ്രോസിക്യൂഷൻ അഭിഭാഷകൻ താനായിരുന്നെങ്കിൽ പ്രതി രക്ഷപ്പെടില്ലായിരുന്നുവെന്നുമാണ്. ആ വാക്കുകളിലെ അധിക്ഷേപവും പരിഹാസവും, നീതിപീഠത്തിനും സർവ്വോപരി അന്തിമ അഭയകേന്ദ്രമായി ന്യായാസനങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന പൗരന്മാർക്കും നേർക്കല്ലേ ചെന്നു പതിക്കുന്നത്? താൻ അന്യായത്തിനു വേണ്ടിയാണ്, അനീതിയ്ക്കു വേണ്ടിയാണ്, തെറ്റിനു വേണ്ടിയാണ് വാദിച്ചതെന്നും ജയിച്ചതെന്നും ആളൂർ പറയാതെ പറയുകയായിരുന്നില്ലേ?
ചാർളി എന്ന ഗോവിന്ദച്ചാമിയ്ക്കു വേണ്ടി, ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ കോടതിയിലെത്തിയതിന്റെ പിന്നാമ്പുറക്കഥകളിൽ, കേവലം കറുത്ത പ്രശസ്തിയ്ക്കു വേണ്ടിയുള്ള ശ്രമമെന്നതിലുപരി മതപരമായ ഇടപെടലുകൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും ഈയവസരത്തിൽ ചിന്തിക്കാതിരിക്കാൻ, അഭയ കേസിന്റെ വികാസപരിണാമങ്ങൾ ഇന്നും മറന്നിട്ടില്ലാത്ത കേരളസമൂഹത്തിനു കഴിയുമോ?
അക്ഷരാർത്ഥത്തിൽ ഇവിടെ ശിക്ഷ വിധിയ്ക്കപ്പെട്ടത് കേരള സമൂഹത്തിനൊന്നാകെയാണ്. ശിക്ഷിയ്ക്കപ്പെട്ടത് ഇരയാണ്. പരമോന്നതന്യായാസനത്തിനു മുൻപിൽ തെളിവുകൾ സമർപ്പിയ്ക്കാതെ നാടകം കളിച്ച് വഞ്ചിച്ചത് ഉദാരവും, വിശാലവുമായ ഈ നാടിന്റെ നിയമസംഹിതയെയാണ്.
Article Credits ,കാളിദാസ് ,Janamtv.com

No comments:

Post a Comment