Sunday, September 4, 2016

സിപിഎം വലിയ വില നല്‍കേണ്ടി വരും

സിപിഎമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍എസ്എസ്സിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
ഇതിന്റെ തെളിവാണ് കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും കോടിയേരിയുടെ പത്തനംതിട്ട പ്രസംഗവും. ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമന്ന് എല്ലാ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയാണ്.
സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല. ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ചുമതലയുള്ളതിനാലാണ്.
രാജ്യമെങ്ങും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. എന്ത് ചെയ്താല്‍ അണികളെ പിടിച്ചു നിര്‍ത്താം എന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ശക്തനായ പിണറായിയുടെ നേതൃത്തില്‍ അധികാരം കിട്ടിയിട്ടും അണികള്‍ക്കും ജനങ്ങള്‍ക്കും പ്രതീക്ഷയോ ആത്മവിശ്വാസമോ നല്‍കുന്ന ഒരു നടപടിയും ഇടത് സര്‍ക്കാരിനായിട്ടില്ല. പിണറായിയുടെ ഏകാധിപത്യ രീതിയില്‍ സഹമന്ത്രിമാര്‍ അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് കണ്ണൂര്‍ ലോബിയെ മാത്രമാണ് വിശ്വാസം.
ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകയുകയാണ്. ഇടതു ഭരണത്തിന്‍ കീഴില്‍ മുമ്പൊരിക്കലും സംഭവിക്കാത്ത രീതിയില്‍ പാര്‍ട്ടി സെക്രട്ടറിയും എ കെ ജി സെന്ററും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി കളം നിറയാന്‍ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പ്രസംഗത്തിനു ശേഷമാണ് ഏറക്കാലത്തിന് ശേഷം കണ്ണൂരില്‍ അക്രമം വ്യാപകമായത്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാത്ത കോടിയേരി അക്രമത്തിന് പ്രേരണ നല്‍കി അണികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ കോടിയേരിയുടെ പ്രസംഗം. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ച് അനുമതിയോടെ നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തനം റെഡ് വാളന്റിയര്‍മാരെ ഉപയോഗിച്ച് തടയുമെന്ന കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം അല്ലെങ്കില്‍ മറ്റെന്താണ്?
ഇത് സമാധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഒപ്പം സ്വന്തം മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന പ്രഖ്യാപനവും. അധികാരത്തിന്റെ ഹുങ്കില്‍ അമ്പലങ്ങള്‍ കയ്യേറാമെന്ന സിപിഎം ആഗ്രഹം വിലപ്പോവില്ല. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്.
ആര്‍എസ്എസ് നടത്തുന്നത് രഹസ്യ പ്രവര്‍ത്തനമല്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പെട്ടെന്നൊരു ദിവസം ആര്‍എസ്എസിനെ ശാഖകളില്‍ കയറി ശാരീരികമായി നേരിടുമെന്ന് പറയുന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിന്റെ സമാധാന നില തകര്‍ക്കാനേ ഉപകരിക്കൂ. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂരില്‍ അത് പരീക്ഷിക്കപ്പെട്ടു. നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇല്ലാതാക്കിയ സിപിഎം പ്രവര്‍ത്തകര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്.
ആശയത്തെ ആയുധം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ലാത്തതിനാല്‍ ആരും പ്രതിഷേധത്തിന് ജനാധിപത്യ മാര്‍ഗ്ഗം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മലയാളികളെ പരിഹസിക്കാനുള്ളതാണ്. ഇനിയുളള നാളുകളിലും ഇങ്ങനെയാണ് ക്രമസമാധാന നില ഭദ്രമാക്കാന്‍ പോകുന്നതെങ്കില്‍ സിപിഎം അതിന് വലിയ വില നല്‍കേണ്ടി വരും.
News Credits ജന്മഭൂമി

No comments:

Post a Comment