Tuesday, August 4, 2015

മുംബൈ ആക്രമണത്തിന് പിന്നിൽ ലഷ്കർ തന്നെയെന്ന് മുൻ പാക് രഹസ്യാന്വേഷണ മേധാവി

ന്യൂഡൽഹി : മുംബൈ ആക്രമണം അസൂത്രണം ചെയ്തത് പാകിസ്ഥാനിൽ നിന്നു തന്നെയെന്ന് മുൻ പാക് രഹസ്യാന്വേഷണ മേധാവി താരിഖ് ഖോസ . ഇത് സംബന്ധിച്ചുള്ള ഭാരതത്തിന്റെ അന്വേഷണങ്ങളും കണ്ടെത്തലുകളും ശരിയാണെന്നും ഖോസ . ആക്രമണം നടത്തിയതിന് പിന്നിൽ ലഷ്കർ ഇ തോയ്ബയാണെന്ന കാര്യം സംശയലേശമെന്യേ തെളിഞ്ഞെന്നും ഖോസ വ്യക്തമാക്കി . പ്രമുഖ പാക് പത്രമായ ഡോണിന്റെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിലാണ് തന്ത്രപ്രധാനമായ വെളിപ്പെടുത്തലുകൾ വന്നത് .
അക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിലാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞതാണ് . ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ച സ്ഥിതിക്ക് ഇക്കാര്യം സമ്മതിക്കാൻ പാകിസ്ഥാൻ മടിക്കുന്നതെന്തിനെന്ന് ഖോസ ചോദിക്കുന്നു . കേസിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതും പബ്ലിക് പ്രോസിക്യൂട്ടറെ അജ്ഞാതർ വധിച്ചതും കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനെ തടയുന്നുണ്ടെന്നും ഖോസ വ്യക്തമാക്കുന്നു .
അജ്മൽ കസബ് പാകിസ്ഥാൻ പൗരനാണെന്നും അയാൾക്ക് പരിശീലനം നൽകിയത് ലഷ്കർ ഇ തോയ്ബയാണെന്നും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞതാണ് . സിന്ധിലെ തറ്റയിലാണ് പരിശീലനം കൊടുത്തത് . പരിശീലന ക്യാമ്പുകൾ അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കുകയും സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ പ്രയോഗിച്ച അതേ സ്ഫോടക വസ്തുക്കൾ ഈ ക്യാമ്പിൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട് .
തീവ്രവാദികൾ ഇന്ത്യയുടെ സമുദ്രാതിർത്തി വരെ വന്ന ബോട്ട് തിരിച്ചെത്തിച്ച് നിറം മാറ്റി ഒളിപ്പിച്ചതും കണ്ടെടുക്കാനായി . തീവ്രവാദികൾ മുംബൈ തീരത്ത് ഉപേക്ഷിച്ച റബ്ബർ ബോട്ടിന്റെ എഞ്ചിൻ ജപ്പാനിൽ നിന്ന് ലാഹോറിലേക്ക് ഇറക്കുമതി ചെയ്തതാണ് . കറാച്ചിയിലെ ഒരു സ്പോർട്ട്സ് കടയിൽ നിന്ന് ഇത് വാങ്ങിയത് ലഷ്കറുമായി ബന്ധമുള്ള ആളാണെന്നതും കണ്ടുപിടിച്ചു. ആക്രമണത്തിനുള്ള പണം എത്തിച്ചതിന്റെ കൃത്യമായ വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. ആക്രമണം നിയന്ത്രിച്ച കറാച്ചിയിലെ കെട്ടിടം കണ്ടെത്തി സീൽ ചെയ്തിട്ടുണ്ടെന്നും ഖോസ വ്യക്തമാക്കുന്നു.
ആക്രമണത്തിന്റെ ആസൂത്രകരേയും സാമ്പത്തിക സഹായം നൽകിയവരേയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അതോടൊപ്പം വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വഴിയുള്ള വാർത്താവിനിമയ വിവരങ്ങളും പിടിച്ചെടുത്തുവെന്നും താരിഖ് ഖോസ വിശദമാക്കി. ശബ്ദസാമ്പിളുകൾ പ്രതികളുടെ സമ്മതത്തോടെ ശേഖരിക്കണമെന്ന കോടതിയുടെ നിർദ്ദേശം തത്വത്തിൽ തീവ്രവാദികൾക്ക് ഗുണകരമായെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ ഭാരതത്തിന്റെ മദ്ധ്യസ്ഥർ പൂർണ തൃപ്തി അറിയിച്ചിരുന്നെന്നും ഖോസ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട് .
അറസ്റ്റ് ചെയ്തവർ ജാമ്യത്തിലിറങ്ങിയതോടെ ഈ കേസ് അനന്തമായി നീളാനുള്ള സാദ്ധ്യതയാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു . മുംബൈ ആക്രമണം നടത്തിയത് പാകിസ്ഥാൻ മണ്ണിൽ നിന്നു തന്നെയുള്ളവരാണെന്ന അപ്രിയ സത്യം ലോകത്തോട് പറയാനുള്ള ധൈര്യം പാകിസ്ഥാനുണ്ടാവുമോ എന്ന ചോദ്യത്തോടെയാണ് ഖോസ ലേഖനം അവസാനിപ്പിക്കുന്നത് .
പാകിസ്ഥാനിലെ നിക്ഷ്പക്ഷനായ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായാണ് താരിഖ് ഖോസ വിലയിരുത്തപ്പെടുന്നത്. പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിട്ടുള്ള ഖോസ പാക് നാഷണൽ പോലീസ് ബ്യൂറോയുടെ തലവനുമായിരുന്നു .
News Credit,Janamtv

No comments:

Post a Comment