Thursday, August 6, 2015

പിന്‍വലിച്ച ഭൂമിപതിവ്‌ ചട്ടം: തകര്‍ന്നത്‌ വമ്പന്മാരുടെ സ്വപ്‌നം

ഇടുക്കി : മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള നീക്കം വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ ഉള്ളുകളികള്‍ പുറത്ത്‌. ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്‌ വഴി സാധൂകരിക്കപ്പെടുമായിരുന്നത്‌ മന്ത്രിബന്ധുവിന്റേതും ഇടത്‌-വലത്‌ രാഷ്‌ട്രീയക്കാരുടേതും പ്രമുഖ ചലച്ചിത്ര നടന്റെ ബന്ധുവിന്റേതും ഉള്‍െപ്പടെയുള്ള കൈയേറ്റങ്ങള്‍. മൂന്നാര്‍, നെല്ലിയാമ്പതി പ്രദേശങ്ങളില്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശ വ്യക്‌തമായതിനു പിന്നാലെയാണ്‌ ചട്ടം ഭേദഗതി ഉണ്ടായത്‌. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ മിക്കവാറും എല്ലാ കൈയേറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. കെ.ഡി.എച്ച്‌. വില്ലേജിലാണ്‌ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയത്‌.
മന്ത്രിസഭയിലെ പ്രമുഖന്റെ ബന്ധുവും സി.പി.എം. നേതാവിന്റെ അനുജനും സി.പി.എം. ഏരിയാനേതാവും ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെ ബന്ധുക്കളും ഇവിടെ ഭൂമി സ്വന്തമാക്കിയിരുന്നു. ഒരു പ്രമുഖ ചലച്ചിത്ര നടന്റെ സഹോദരങ്ങളും പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു.
ഈ കൈയേറ്റങ്ങളില്‍ ഭൂരിപക്ഷവും നടന്നത്‌ 2003 ലാണ്‌. റവന്യു വകുപ്പ്‌ കൊണ്ടുവന്ന ഭേദഗതി നടപ്പായിരുന്നെങ്കില്‍ ഇവര്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ഭൂമി സ്വന്തമാകുമായിരുന്നു. കൈയേറ്റഭൂമിയില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മന്ത്രിയുടെ ബന്ധു ചിന്നക്കനാലില്‍ ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടാണു നിര്‍മിച്ചത്‌. ആനയിറങ്കല്‍ അണക്കെട്ടിനു സമീപത്ത്‌ ഏക്കറുകളോളം ഭൂമിയും ഇദ്ദേഹം കൈവശം വച്ചിരുന്നു. അണക്കെട്ട്‌ നിര്‍മിക്കാന്‍ എത്തിയ തമിഴ്‌ തൊഴിലാളികള്‍ക്കു നല്‍കിയ പട്ടയം സ്വന്തമാക്കിയാണ്‌ ഇവര്‍ ഭൂമി കൈയേറിയത്‌. പ്രമുഖ സി.പി.എം. നേതാവിന്റെ ബന്ധു ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിനു സമീപം ഏക്കറുകള്‍ കൈയേറിയത്‌ മുന്‍പേയുണ്ടായിരുന്ന സര്‍വേ നമ്പരിന്റെ മറവിലാണ്‌.
ഈ ഭൂമി ഇയാള്‍ മറിച്ചുവില്‍ക്കുകയും ചെയ്‌തു. സ്‌ഥലത്തെ പ്രമുഖനേതാവ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനുമായി ചേര്‍ന്ന്‌ മൂന്നാറിനു സമീപം ഏക്കറുകളാണു സ്വന്തമാക്കിയത്‌. ഇവിടെ ഇപ്പോള്‍ ഒരു പ്രമുഖ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നു. ചിന്നക്കനാലിനു സമീപമാണ്‌ സി.പി.എം. ഏരിയാനേതാവ്‌ ഏക്കറുകളോളം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്‌. യു.ഡി.എഫില്‍ പ്രമുഖ സ്‌ഥാനം വഹിക്കുന്ന നേതാവിന്റെ ബന്ധുവും പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഉടമസ്‌ഥരും കൈയേറ്റങ്ങള്‍ക്കെതിരേ വാദിക്കുന്ന ഒരു പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. ഈ അഭിഭാഷകന്റെ ഉടമസ്‌ഥതയില്‍ മൂന്നാറില്‍ ഒരു റിസോര്‍ട്ടും ഉണ്ടായിരുന്നു. ചലച്ചിത്ര നടന്റെ ബന്ധുക്കള്‍ 1993 ലെ പട്ടയം ദുരുപയോഗം ചെയ്‌താണ്‌ ഭൂമി സ്വന്തമാക്കിയത്‌. ചില പാര്‍ട്ടി ഓഫീസുകളുടെ കെട്ടിടങ്ങളും കൈയേറ്റ ഭൂമിയിലുണ്ടായിരുന്നു.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌. ചില കൈയേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്‌തിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ നിലച്ചതിനു പിന്നാലെ ഭൂമി കൈവശമുള്ളവര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഇതില്‍ പല കേസുകളും കോടതി പരിഗണനയിലാണ്‌. ചില കേസുകള്‍ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂവകുപ്പ്‌ വിട്ടു നല്‍കുന്നില്ലെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
മൂന്നാറിനു സമാനമായി കൈയേറ്റമൊഴിപ്പിക്കല്‍ നടന്ന വാഗമണിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. സര്‍ക്കാര്‍ തിരികെപ്പിടിച്ച ഭൂമിയില്‍ ഏറിയ പങ്കും കൈയേറ്റക്കാര്‍ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്‌.
News Credits:എം.എസ്‌. സന്ദീപ്‌,Mangalam Daily,8/08/15

No comments:

Post a Comment