Wednesday, August 12, 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് :ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ സി.ബി.ഐ നടപടി ആരംഭിച്ചു. ഇതിനായി സി.ബി.ഐ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്ന പ്രതിയെ അവിടെ പ്രാഥമിക വിചാരണ നടത്തിയ ശേഷമായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഉതുപ്പിനെതിരായ കുറ്റങ്ങള്‍ യു.എ.ഇ സര്‍ക്കാരിനെയും ഇന്റര്‍പോളിനെയും ബോധ്യപ്പെടുത്തണം. യു.എ.ഇയിലെ കോടതി നടപടികള്‍ക്കായി ഉതുപ്പിനെതിരായ തെളിവുകള്‍ അറബിയിലേക്ക് മാറ്റിയെഴുതുകയാണ്.
അതേസമയം, ഉതുപ്പ് ഇന്ത്യയില്‍ നിന്നും കടത്തിയ പണം സംബന്ധിച്ച് ആദായ നികുതി വകുപ്പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി. ഉതുപ്പ് 400 കോടി രൂപ പുറത്തേക്ക് കടത്തിയെന്നും അഞ്ചര കോടി രൂപ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും കണക്കെടുപ്പില്‍ ബോധ്യപെട്ടു.
കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ടിംഗ് അധികാരത്തിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതോടെയാണ് ഉതുപ്പിനെതിരെ സി.ബി.ഐ കേസെടുത്തത്. ഇതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഉതുപ്പിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റപോളിന്റെ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉതുപ്പിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്നതായി ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്നും സി.ബി.ഐയ്ക്ക് അറിയിപ്പ് ലഭിച്ചത്.
News Credits Mangalam Daily,12/08/15

No comments:

Post a Comment