Saturday, September 13, 2014

ലോകത്തെ പ്രകമ്പനം കൊള്ളിച്ച വിവേകാനന്ദവാണിക്ക്‌ 121 വയസ്സ്‌

പൊട്ടക്കിണറ്റിലെ തവളകളെ പോലെ പരസ്പ്പരം പോരടിച്ചു നിന്ന ലോകജനതയോട്‌ മതമല്ല മനുഷ്യനാണ്‌ വലുതെന്ന് ഉദ്ഘോഷിച്ച; ഒന്നല്ല എല്ലാ വഴികളും ഒരേ സത്യത്തിലേക്കാണ്‌ നമ്മെ നയിക്കുന്നതെന്നും പട്ടിണികിടക്കുന്നവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും കണ്ണീരൊപ്പിക്കൊണ്ട്‌ മാത്രമേ ഈശ്വര സാക്ഷാത്ക്കാരം സാധ്യമാകൂ എന്നും നമ്മെ ഉദ്ബോധിപ്പിച്ച സാക്ഷാല്‍ സ്വാമി വിവേകാന്ദന്റെ ഐതിഹാസികമായ ചിക്കാഗോ പ്രസംഗത്തിനു ഇന്ന് 121 വയസ്സു തികയുകയാണ്‌. 1893- സെപ്റ്റംബര്‍ 11-നു ചിക്കാഗോവില്‍ നടത്തിയ കേവലം 3 മിനിറ്റ്‌ നീണ്ട പ്രസംഗം കൊണ്ട്‌ അദ്ദേഹം വിശ്വവിജേതാവായി മാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമേരിക്ക അഭൂതപൂര്‍വ്വമായ പ്രഭാഷണ പരമ്പരയ്ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ജനലക്ഷങ്ങള്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഒഴുകിയെത്തി. തന്റെ വിശ്വ ദൗത്യം പൂര്‍ത്തിയാ20_Hall_of_Columbusക്കി രാമേശ്വരത്ത്‌ കപ്പലിറങ്ങിയ അദ്ദേഹം തുടര്‍ന്നുള്ള ഭാരതത്തെ വീണ്ടും വിശ്വഗുരുവാക്കിമാറ്റാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടു. ദരിദ്രനെ സേവിക്കുക എന്നത്‌ കര്‍ത്തവ്യമോ ഔദാര്യമോ അല്ല ഈശ്വര സേവ ചെയ്യുവാനുള്ള അവസരമായിക്കാണുക എന്നു ഉച്ചസ്തരം ഉദ്ഘോഷിച്ച്‌ അദ്ദേഹം ഗ്രാമനഗരങ്ങളില്‍ അലഞ്ഞു. മറ്റൊരു വിവേകാനന്ദനു മാത്രമേ താന്‍ എന്താണു ചെയ്തുവെച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വിലപിച്ചു.
അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ സാക്ഷാത്കാരം മാത്രമ മതി ഭാരതത്തിന്റെ വിശ്വദൗത്യം പൂര്‍ണ്ണമാക്കാന്‍. വിശ്വ മാനവിക സ്നേഹത്തിന്റെ വിസ്മയ ദര്‍ശനത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ആ കര്‍മ്മയോഗി 39-ാ‍ം വയസ്സില്‍ ഭൗതികദേഹം വെടിഞ്ഞു.
ചിക്കാഗോ പ്രസംഗങ്ങള്‍ സ്വാഗതത്തിനു മറുപടി
(1893 സെപ്റ്റംബര്‍ 11)
അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ…
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വ്വവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുല്‍േക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ടു നിറയുന്നു. ലോകത്തിലെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: സര്‍വ്വവര്‍ഗ്ഗവിഭാഗങ്ങളിലും പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
സഹിഷ്ണുതയെ ആശയം വിവിധദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍ നിന്നു വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യപ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോടു ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വ്വലൗകികസ്വീകാരവും, രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകികസഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വ്വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വ്വമതങ്ങളിലെയും സര്‍വ്വരാജ്യങ്ങളിലേയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്ന് നിങ്ങളോട് പറയുവാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരതുഷ്ട്രജനതയക്ക് അഭയം നല്‍കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോന്നതുമായ മതത്തിലുള്‍പ്പെട്ടവനെതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരേ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായ ഒരു സ്‌തോത്രത്തില്‍ നിന്ന് ചിലവരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം : ”പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ, അതുപോലെ അല്ലയോ പരമേശ്വരാ, രുചിവൈചിത്ര്യം കൊണ്ടു മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്”.
ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാം വച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം, ഗീതോപദിഷ്ടമായ ഒരത്ഭുത തത്ത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. “ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു.”
എല്ലാവരേും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രേ . വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കയ്യടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ടുനിറച്ചിരിക്കുന്നു, മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ന്നിരിക്കുന്നു, ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍മനസ്യങ്ങളുടേയും മരണമണിയായിരിക്കെട്ട എന്ന് ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.
1. ത്രയീ സാംഖ്യം യോഗഃ പശുപതിമതം വൈഷ്ണവമിതി പ്രഭിന്നേ പ്രസ്ഥാനേ പരമിദമദഃ പഥ്യമിതി ച രുചീനാം വൈചിത്ര്യാദൃജുകുടിലാനാപഥജുഷാം നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ
2. യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ (ഗീത 4.11)
Article Credits
Viswa Samvada Kendra Kerala

No comments:

Post a Comment