Thursday, April 9, 2015

ജനജീവിതം ദുസഹം,ഭരണം നിലച്ചു

തിരുവനന്തപുരം: ഭരണനേതൃത്വവും പ്രതിപക്ഷവും ഉദ്യോഗസ്‌ഥരും അഴിമതിക്കഥകളുടെയും വിവാദങ്ങളുടെയും പിന്നാലെയായതോടെ സംസ്‌ഥാനത്ത്‌ ഭരണം നിശ്‌ചലം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍ ആഭ്യന്തര കലഹവും രൂക്ഷം. വിവാദങ്ങളുടെ മറപിടിച്ച്‌ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചതോടെ ജനജീവിതം ദുസ്സഹം.
ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക്‌ വന്‍തോതില്‍ ഫീസ്‌ ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക്‌ ഒഴുകുകയാണ്‌. ഇവ പായ്‌ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ്‌ ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ്‌ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്‌. ജനശ്രദ്ധ തിരിക്കാനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു.കോഴ, അഴിമതി, വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന്‌ ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ്‌ വേണ്ടിവന്നത്‌. സമരം ആരംഭിച്ച്‌ അഞ്ചു ദിവസം കഴിഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്‌ക്ക്‌ ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയത്‌ പൊതുവിപണിയില്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റിന്‌ സെസ്‌ ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ്‌ കാലിയാകുകയാണ്‌. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്‌.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്‌ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല. നാടുനീളെ തെരുവുനായ്‌ക്കളുടെ ആക്രമണം. പട്ടി കടിച്ച്‌ ആശുപത്രിയില്‍ എത്തിയാല്‍ മരുന്നില്ലെന്നു മറുപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്‌ഥാനത്ത്‌ യാതൊരുവിധ ഭരണസ്‌തംഭനവുമില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്‌, ജാമ്യച്ചീട്ട്‌, മുക്‌ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ്‌ ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്‌ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട്‌ എഴുതിയിരുന്നത്‌. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച്‌ 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത്‌ ഏകദേശം ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച്‌ ഉടമ്പടി രജിസ്‌റ്റര്‍ ചെയ്യുകയും വേണം.ഭൂനികുതി അടയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നാലിരട്ടിയുടെ വര്‍ധനയാണ്‌. 16 സെന്റ്‌ ഭൂമിക്ക്‌ 2014-15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015-16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ്‌ ഇത്‌. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ്‌ വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല്‌ സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്‌. റബറും നെല്ലും സംഭരിക്കാന്‍ വിലസ്‌ഥിരതാ ഫണ്ടിന്‌ 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. നെല്ല്‌ കിട്ടാനില്ലെന്നു പറഞ്ഞാണ്‌ അരിക്കു വില കയറുന്നത്‌. കിലോയ്‌ക്ക്‌ 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക്‌ ടണ്‍ റബര്‍ സംഭരിക്കാനാണ്‌ 300 കോടി നീക്കിവച്ചിരിക്കുന്നത്‌. റബര്‍ സംഭരണം എങ്ങുമെത്താത്തതിനാല്‍ റബര്‍വില ഇടിയുകയാണ്‌. കോഴിത്തീറ്റയ്‌ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്‌ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്‌. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്‌-ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്‌. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്‌ഥാനത്ത്‌ ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്‌ത്രവ്യാപാരികളില്‍ നിന്ന്‌ ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക്‌ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ്‌ വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്‌ അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്‌പ തരാമെന്നാണ്‌ ബാങ്ക്‌ അധികൃതരുടെ നിലപാട്‌.
നിത്യോപയോഗ സാധനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ വില
കുറഞ്ഞ കുത്തരി 28-30-32
ബ്രാന്‍ഡഡ്‌ കുത്തരി 32-42-36
കുറഞ്ഞ പച്ചരി 22-25-26
കൂടിയ പച്ചരി 25-27-30
പഞ്ചസാര 33-34-32
ഉഴുന്ന്‌ 66-79-98
മല്ലി 100-110-120
കടുക്‌ 70-74-80
പരിപ്പ്‌ 54-58-60
കടല 50-52-60
ഗ്രീന്‍പീസ്‌ 50-52-55
ചെറുപയര്‍ 73-78-110
വന്‍പയര്‍ 58-60-64
മുളക്‌ 90-100-120
റവ 28-30-32
ഗോതമ്പുപൊടി 24-26-30
മൈദ 28-30- 32
ശര്‍ക്കര 50-54-56
വെളിച്ചെണ്ണ 82-140-158
നല്ലെണ്ണ 90-100-110
സവാള 16-24-26
വെളുത്തുള്ളി 80-90-100
ഉരുളക്കിഴങ്ങ്‌ 19-24-26
പച്ചക്കറി കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ നിരക്ക്‌
അമര 10-12-14
കത്തിരി 15-16-20
വഴുതന 20-22-24
വെണ്ട 11-22-34
പാവയ്‌ക്ക 20-48-34
പയര്‍ 34-36-40
തടിയന്‍ 10-19-12
മത്തന്‍ 08-10-12
ചെറിയ മുളക്‌ 30-38-40
വലിയ മുളക്‌ 35-40-42
പടവലം 17-22-24
പേയന്‍കായ്‌ 16-18-24
മാങ്ങ 20-26-28
കാരറ്റ്‌ 30-32-34
ബീന്‍സ്‌ 25-34-40
വെള്ളരി 09-14-24
തക്കാളി 12-22-24
കാബേജ്‌ 16-18-24
കോളി ഫ്‌ളവര്‍ 28-34-34
ചെറിയ നാരങ്ങ
(ഒരെണ്ണം) 05-കിലോ 75
വലിയ നാരങ്ങ 30-35-40
മുരിങ്ങക്ക 16-18-20
ഇഞ്ചി 56-68-70
ബീറ്റ്‌റൂട്ട്‌ 16-18-20
ചെറിയ ചേമ്പ്‌ 25-28-30
വലിയ ചേമ്പ്‌ 56-67-30
ചേന 15-19-30
മരച്ചീനി 15-22-25
ചെറിയ ഉള്ളി 28-39-30
മല്ലിയില 18-30-50
കറിവേപ്പില 18-24-40
ഏത്തക്കായ്‌ 25-28-30
കോവയ്‌ക്ക 22-22-24
സാലഡ്‌ വെള്ളരി 14-18-24
നെല്ലിക്ക 25-28-30
ചീര 16-24-28
കാപ്‌സിക്കം 38-44-60
വാഴക്കൂമ്പ്‌ 05-05-05
ഏത്തപ്പഴം 25-28-30
പാളയങ്കോടന്‍ 17-18-20
കപ്പപ്പഴം 32-39-50
റോബസ്‌റ്റ 15-20-25
കൈതച്ചക്ക 28-30-30

Article credits, ജി. അരുണ്‍,Mangalam Daily,10th April 2015

No comments:

Post a Comment