Monday, September 1, 2014

167 ദിവസം; ഷീലാ ദീക്ഷിതിനു കേരളം ആസ്വദിക്കാന്‍ നികുതിപ്പണം 53 ലക്ഷം!

തിരുവനന്തപുരം: കേരളാഗവര്‍ണറായി കേവലം 167 ദിവസം രാജ്‌ഭവനില്‍ താമസിച്ച ഷീലാ ദീക്ഷിത്‌ പൊതുഖജനാവില്‍നിന്നു പൊടിച്ചത്‌ അരക്കോടിയിലേറെ രൂപ! രാജ്‌ഭവന്‍ മോടിപിടിപ്പിക്കാനും ഗവര്‍ണര്‍ക്കു സകുടുംബം കേരളം ചുറ്റിക്കാണാനും 53 ലക്ഷം രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഗവര്‍ണറുടെ ബന്ധുക്കള്‍ക്കു മിക്ക ദിവസങ്ങളിലും രാജ്‌ഭവനിലായിരുന്നു രാജകീയതാമസം. സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ഏറെ സ്വകാര്യചടങ്ങുകളില്‍ പങ്കെടുത്ത ഗവര്‍ണര്‍ എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനുതന്നെ.
കഴിഞ്ഞ മാര്‍ച്ച്‌ 11-നാണ്‌ ഗവര്‍ണറായി ഷീല സ്‌ഥാനമേറ്റത്‌. തുടര്‍ന്നു രാജ്‌ഭവന്‍ മോടി പിടിപ്പിക്കുന്നിനായി നാലുമാസത്തിനിടെ 22,68,828 രൂപയും വിമാനയാത്രകള്‍ക്കായി നാലുലക്ഷം രൂപയും ചെലവാക്കി. ബാക്കി തുകയത്രയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമരകം, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ പരിവാരസമേതം ചുറ്റിയടിക്കാനാണു മുടക്കിയത്‌. ഇതില്‍ ചില യാത്രകള്‍ക്കു മാത്രം 30,000 മുതല്‍ ഒരുലക്ഷം രൂപവരെ ചെലവായതായി രേഖകള്‍ വ്യക്‌തമാക്കുന്നു. അധികാരമേറ്റ്‌ ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു ഗവര്‍ണര്‍ക്കായി നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ്‌ 20,160 രൂപ. ഇതിനു പുറമേ കിട്ടിയ സമയംകൊണ്ടു തൃശൂര്‍ പൂരവും വെടിക്കെട്ടുമാസ്വദിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി.
ഓഗസ്‌റ്റില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍നിന്നു വെള്ളത്തിലായതു 92,000 രൂപ. ഹൗസ്‌ ബോട്ടില്‍ യാത്രചെയ്‌ത്‌ ആര്‍. ബ്ലോക്ക്‌, വേമ്പനാട്‌ കായല്‍ എന്നിവിടങ്ങളുടെ ഭംഗി നുകര്‍ന്ന ഷീലാ ദീക്ഷിത്‌ വിശ്രമിച്ചതു കുമരകം കെ.ടി.ഡി.സിയിലായിരുന്നു. ഷീലയ്‌ക്കൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട്‌ ഗവര്‍ണര്‍ മൂന്നാറിലേക്കു പോയി- ചെലവ്‌ 1,10,257 രൂപ.
ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവര്‍ണര്‍ക്കൊപ്പം മകള്‍ ലതികയും കൊച്ചുമകള്‍ അംബികയുമുണ്ടായിരുന്നു. പത്തോളം വിമാനയാത്രകളിലും ബന്ധുക്കള്‍ ഗവര്‍ണറെ അനുഗമിച്ചു (മേയ്‌ എട്ട്‌, 19, 25, 29, ജൂലൈ ഒന്ന്‌, രണ്ട്‌, ആറ്‌, 13, ഓഗസ്‌റ്റ്‌ ആറ്‌, 24)
. News Credits Mangalam Daily, August 28, 2014

No comments:

Post a Comment