Thursday, September 11, 2014

ടൂ ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു

ന്യൂഡല്‍ഹി: ടൂ ജി അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി എന്നിവയെക്കുറിച്ച്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു വ്യക്‌തമായ ധാരണയുണ്ടായിരുന്നുവെന്നും വേണമെങ്കില്‍ അദ്ദേഹത്തിന്‌ അവ തടയാമായിരുന്നുവെന്നും മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌. ഒരു ഇംഗ്ലീഷ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
അന്നത്തെ ടെലികോം മന്ത്രി എ.രാജ സ്‌പെക്ര്‌ടം ലേലത്തെക്കുറിച്ച്‌ അപ്പപ്പോള്‍ ധരിപ്പിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചു ലേലം നടത്തുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയും വാണിജ്യമന്ത്രി കമല്‍നാഥും മന്‍മോഹനു മുന്നറിയിപ്പു നല്‍കിയെങ്കിലും അദ്ദേഹം നിശബ്‌ദത പാലിക്കുകയായിരുന്നുവെന്നു വിനോദ്‌ റായി ആരോപിക്കുന്നു. മാത്രമല്ല, ടൂ ജി അഴിമതിയെക്കുറിച്ച്‌ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി, സംയുക്‌ത പാര്‍ലമെന്റ്‌ സമിതി യോഗങ്ങള്‍ നടക്കുന്നതിനിടെ സഞ്‌ജയ്‌ നിരുപം, അശ്വനി കുമാര്‍, സന്ദീപ്‌ ദീക്ഷിത്‌ എന്നിവര്‍ പ്രധാനമന്ത്രിയെ റിപ്പോര്‍ട്ടില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിരുന്നു. ഒരുപക്ഷേ, കൂട്ടുകക്ഷി രാഷ്‌ട്രീയത്തിലെ നിവൃത്തികേടായിരിക്കാം അദ്ദേഹത്തിന്റെ മൗനത്തിനു കാരണമെന്നു റായി കരുതുന്നു.
കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സാധ്യതകളെക്കുറിച്ചും മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു. അന്നത്തെ കല്‍ക്കരി സെക്രട്ടറി ലേലമാണു വേണ്ടതെന്ന്‌ അറിയിച്ചെങ്കിലും മന്‍മോഹന്‍ മൗനം പാലിക്കുകയായിരുന്നു. ഇതിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയെ താന്‍ അറിയിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട അദ്ദേഹം ഉടന്‍ തന്നെയും കൂട്ടി മന്‍മോഹനെ ചെന്നു കണ്ടു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിനുള്ള തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി അധ്യക്ഷനായി സുരേഷ്‌ കല്‍മാഡിയെ ചുമതലപ്പെടുത്തിയതു മന്‍മോഹന്‍ സിംഗിന്റെ ഓഫീസ്‌ തന്നെയാണ്‌. പൊതുഖജനാവിലെ പണം ചെലവാക്കാന്‍ സര്‍ക്കാരിനോടോ പാര്‍ലമെന്റിനോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇന്ത്യന്‍ ഒളിംപിക്‌ അസോസിയെഷനെ ചുമതലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം മന്‍മോഹനു തന്നെയാണെന്നു വിനോദ്‌ റായി പറയുന്നു.
എയര്‍ ഇന്ത്യയെ തകര്‍ത്തതു മുന്‍വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിന്റെ നടപടികളാണ്‌. 2004 ഓഗസ്‌റ്റില്‍ 28 വിമാനം വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിട്ടു. പക്ഷേ, വാങ്ങിയത്‌ 38,000 കോടി രൂപ ചെലവില്‍ 68 വിമാനമായിരുന്നു. പിന്നീട്‌ ഇരട്ടിയിലേറെ വാങ്ങിയത്‌ മന്ത്രിയുടെ സമ്മര്‍ദം കൊണ്ടായിരുന്നെന്ന തന്റെ പരാമര്‍ശം തിരുത്തിക്കാനായി പട്ടേല്‍ പരോക്ഷമായി കടുത്ത സമ്മര്‍ദം ചെലുത്തിയെന്നു റായി തുറന്നടിക്കുന്നു.
അതുവരെ ലാഭത്തിലായിരുന്ന എയര്‍ ഇന്ത്യ പെട്ടെന്നു കടത്തിലായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളൊക്കെയും വില്‍ക്കേണ്ടി വന്നു. ഒടുവില്‍ സി.ബി.ഐയെ കൊണ്ടു കള്ളക്കേസെടുപ്പിച്ച്‌ പ്രതികാരം ചെയ്യാനും യു.പി.എ. സര്‍ക്കാര്‍ ശ്രമിച്ചെന്നും റായി പറഞ്ഞു.
പുസ്‌തകം നോട്ട്‌ ജസ്‌റ്റ്‌ ആന്‍ അക്കൗണ്ടന്റ്‌ അടുത്തയാഴ്‌ച പുറത്തുവരുമ്പോള്‍ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും വെള്ളംകുടിക്കുന്ന നിരവധി വിവരങ്ങളുണ്ടാവുമെന്നുറപ്പ്‌.
News Credits Mangalam Daily

No comments:

Post a Comment