Friday, August 26, 2016

സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : എ ഐ വൈ എഫ് നേതാവിന്റെ മാതാപിതാക്കളെ ഡി വൈ എഫ് ഐക്കാർ തല്ലിച്ചതച്ചു

ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത് കൊല്ലം : തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ എ ഐ വൈ എഫ് നേതാവിനേയും മാതാപിതാക്കളേയും ഡി വൈ എഫ് ഐ ക്കാർ തല്ലിച്ചതച്ചു. എ ഐ എസ് എഫ് ശൂരനാട് മണ്ഡലം സെക്രട്ടറിയും എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗവുമായ അഖിൽ കണ്ണമ്പിള്ളിക്കും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.
എറണാകുളം ജില്ലയിൽ സി പി എമ്മും സിപിഐയും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണ് ശൂരനാട് നടന്നത് . തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ എ ഐ എസ് എഫ് അംഗവും ശൂരനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ആദിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്.
ആദിലിനെ ഒരു സംഘം എസ് എഫ് ഐക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു . ഇതിൽ അഖിൽ കണ്ണമ്പിള്ളിയും മറ്റ് എ ഐ എസ് എഫ് നേതാക്കളും ഇടപെട്ടു . തുടർന്ന് ആദിലിന്റെ പരാതിയിൽ രണ്ട് എസ് എഫ് ഐക്കാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇതിനു ശേഷമാണ് അഖിലിന്റെ വീടിന് നേരേ ആക്രമണമുണ്ടായത് . രാത്രി എട്ടരയോടെ ഡി വൈ എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു . മുൻപുണ്ടായ ഒരു അപകടത്തിൽ രണ്ട് കാൽമുട്ടുകളും തകർന്ന് നടക്കാൻ പ്രയാസമുള്ള അച്ഛനെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നെന്ന് അഖിൽ പറയുന്നു . തടയാൻ ചെന്ന അമ്മയേയും മർദ്ദിച്ചു.
തന്റെ നേർക്ക് അക്രമികൾ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീടിന്റെ ചില്ലുകളെല്ലാം തകർത്തെന്നും അഖിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ അഖിലിന്റെ അച്ഛൻ രാമചന്ദ്രൻ ( 64 ) അമ്മ ലൈല ( 45 ) എന്നിവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തെത്തുടർന്ന് ശൂരനാട് സംഘർഷം നിലനിൽക്കുന്നുണ്ട് .

No comments:

Post a Comment