Monday, August 29, 2016

മയ്യത്ത് നമസ്‌കാരത്തിന് പ്രത്യേക ഇടം: തീരുമാനം പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതരുടെ ഉറപ്പ്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രി വളപ്പില്‍ മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം പണിയാനുളള തീരുമാനം പിന്‍വലിക്കുമെന്ന് അധികൃതരുടെ ഉറപ്പ്. മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം പണിയാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദമായതോടെ യുവമോര്‍ച്ച പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയത്.
ജില്ലാ ആശുപത്രി വളപ്പില്‍ നിയമം ലംഘിച്ച് മയ്യത്ത് നമസ്‌കാരത്തിന് കെട്ടിടം നിര്‍മിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം ജനം ടിവിയാണ് പുറത്ത് വിട്ടത്. വാര്‍ത്ത വന്നതിനു പിന്നാലെ കെട്ടിടനിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിനിടയിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചു കയറുകയായിരുന്നു.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്നും വികസനസമിതി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് ഹാളിന് അകത്തും പുറത്തുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തീരുമാനം പുനഃപരിശോധിക്കുമെന്നും നിലവിലെ ഭരണസമിതിയുടെ കാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പിലാക്കില്ലെന്നും ആശുപത്രി വികസന സമിതി ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്.
യുഡിഎഫിന്റെ ചുവടുപിടിച്ച് പൊതു ഇടങ്ങളെ മതത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരും വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ നീക്കം മതേതരത്വത്തിന് ഭീഷണിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2015 ഓഗസ്റ്റിലാണ് മയ്യത്ത് നമസ്‌കാരത്തിനായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആശുപത്രി വികസന സമിതിയില്‍ ഉന്നയിക്കപ്പെടുന്നത്.
പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വൈകുമെന്നതിനാല്‍, ശരിയത്ത് നിയമ പ്രകാരം കൃത്യസമയത്ത് മയ്യത്തിന് മതപ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നതായിരുന്നു കാരണം. എന്നാല്‍ സമിതിയിലെ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വികസന സമിതി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. 2016 ഫെബ്രുവരി രണ്ടിനാണ് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനായി ആശുപത്രി മോര്‍ച്ചറിയോട് ചേര്‍ന്ന് സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായത്.
ഈ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു കെട്ടിടം നിര്‍മിക്കാന്‍ നീക്കം നടന്നത്. ഫണ്ട് നല്‍കാന്‍ ചില വിദേശ ഇന്ത്യക്കാരും തയ്യാറായതോടെ കെട്ടിടം നിര്‍മിക്കാനുളള നീക്കങ്ങള്‍ സജീവമാകുകയായിരുന്നു. നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയായിരുന്നു ആശുപത്രി വികസന സമിതി ഈ തീരുമാനം അംഗീകരിച്ചത്.
News Credits Janamtv

No comments:

Post a Comment