Wednesday, November 4, 2015

ദളിത് പീഡനം : നുണകൾ ലോകം ചുറ്റുമ്പോൾ -കാണാപ്പുറം നകുലൻ എഴുതുന്നു

ഇന്നത്തെക്കാലത്തെ ചില മാദ്ധ്യമങ്ങളുടെ പോക്കിനേക്കുറിച്ചു ചിന്തിച്ചപ്പോൾ - ഇന്നത്തെ യുവത്വത്തിന്റെ രാഷ്ട്രീയം കൂടിയാണു ചിന്തിച്ചു പോയത്.
പൊതുപ്രവർത്തനം ഒരു ജീവിതവഴിയായി തെരഞ്ഞെടുക്കാൻ പുതിയ തലമുറയിൽപ്പെട്ടവരിൽ എത്ര പേർ താൽപ്പര്യപ്പെടുന്നുണ്ട്? അതില്ലെങ്കിലും കുറഞ്ഞപക്ഷം രാഷ്ട്രീയം ഒരു അന്തസ്സുള്ള പരിപാടിയായി അനുഭവപ്പെടുകയെങ്കിലും ചെയ്യുന്നത് ഇപ്പോൾ എത്ര പേർക്ക്? അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണു കൂടുതലെങ്കിൽ അതിനുള്ള യഥാർത്ഥ കാരണമെന്താണ്? അടുത്തു ചെല്ലുന്നവരുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയപക്ഷം നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
പുതുതലമുറയിൽപ്പെട്ടവരെ പഴയതുപോലെ ആകർഷിക്കാൻ കഴിയാതെ വരുമ്പോൾ പല രാഷ്ട്രീയ കക്ഷികളും - പ്രത്യേകിച്ച് ഇടതുപക്ഷം - ഉയർത്തുന്ന ആക്ഷേപം "അവർ മിക്കവാറും അരാഷ്ട്രീയവാദികളായിത്തീരുന്നു" എന്നാണ്. എന്നാൽ - അതു തെറ്റായൊരു നിരീക്ഷണമാണ്. ആധുനികയുവത്വത്തിനു വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്. അന്ധമായി ഏതെങ്കിലും പക്ഷചിന്തകളോട് അടിമപ്പെട്ടു നിൽക്കാതെയുള്ള ഒരു 'അനുസരണയില്ലായ്മ'യും അക്കൂടെയുണ്ടെന്നേയുള്ളൂ. അതു സത്യത്തിൽ ഒരു അനുഗ്രഹമായിട്ടാണു കാണേണ്ടത്. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഗുണഫലങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഇന്നത്തെക്കാലത്ത് അസത്യമായ ആരോപണങ്ങളിലൂന്നിയ രാഷ്ട്രീയപ്രവർത്തനത്തിന് പഴയതുപോലെ പിന്തുണ കിട്ടില്ല..
പുതുതലമുറ കൂടുതലായി ബി.ജെ.പി.യോട് ആഭിമുഖ്യം കാണിക്കുന്നതും വികസനോന്മുഖതയിലൂന്നിയ ദേശീയതാവാദത്തെ പുൽകുന്നതും ഇടതുപക്ഷത്തിനു പൊതുവെ അസഹിഷ്ണുതയും ആകുലതയുമുണ്ടാക്കുന്നതായി കാണുന്നുണ്ട്. അതിനെ ചെറുക്കാനായി അവർ ശ്രമിച്ചു നോക്കുന്നുമുണ്ട്. പക്ഷേ അത്തരം ശ്രമങ്ങൾ വേണ്ടത്ര ഫലം കാണാത്തതിന്റെ പ്രധാനകാരണം യുവതലമുറയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാത്തതാണ്. അന്ധമായ രാഷ്ട്രീയനിലപാടുകളോടുള്ള വിരക്തിയും, സത്യസന്ധവും സുതാര്യവുമായ രാഷ്ട്രീയനിലപാടുകളോടുള്ള ഐക്യദാർഢ്യവുമാണ് പുതുതലമുറയുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. കുറേ നാളുകളായി കേൾക്കുന്ന ചില വാർത്തകൾ വിശകലനം ചെയ്താൽ ഇതെല്ലാം കൃത്യമായി മനസ്സിലാക്കാനാകും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ജനപ്രീതി ഉയർത്തിക്കൊണ്ടു മുന്നോട്ടു പോകുന്ന ഒരു സാഹചര്യം വന്നപ്പോൾ അതു തടയുവാനായി രാഷ്ട്രീയ എതിരാളികൾ തങ്ങളാലാവുന്നതു പരിശ്രമിക്കുമെന്നതു സ്വാഭാവികം മാത്രമാണ്. പക്ഷേ അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത വഴികൾ നിർഭാഗ്യവശാൽ അങ്ങേയറ്റം അപകടം നിറഞ്ഞതായിരുന്നു. തികച്ചും പ്രാദേശികമായ കാരണങ്ങളാൽ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങേയറ്റം പെരുപ്പിച്ചു കാട്ടിയും സാമാന്യവൽക്കരിച്ചും അവയുമായൊന്നും വിദൂരബന്ധം പോലുമില്ലാതിരുന്ന ബി.ജെ.പി.യുടെ മേൽ എങ്ങനെ അവയൊക്കെ ആരോപണങ്ങളായി പതിപ്പിക്കാമെന്നതിനേപ്പറ്റി ഗവേഷണം നടത്തിയും മുന്നേറുന്നതിനിടെ ജനങ്ങളിൽ അനാവശ്യമായ ആശങ്കകളും സ്പർദ്ധയും ഉടലെടുക്കുമെന്ന ഉപോൽപ്പന്നത്തേപ്പറ്റി അവർ ലവലേശം പോലും ചിന്തിച്ചു കണ്ടില്ല. അതല്ലെങ്കിൽ - അതു തന്നെ ആയിരുന്നിരിക്കണം അവർ നിർമ്മിച്ചെടുക്കാനാഗ്രഹിച്ച പ്രധാന ഉൽപ്പന്നം..
രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും ഉയർത്തിയ പ്രചാരണകോലാഹലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു "ദലിത് പീഢനം" എന്നത്. അതിന്റെ സത്യാവസ്ഥകളേക്കുറിച്ചു പരിശോധിക്കുമ്പോളാണ് മുമ്പു പറഞ്ഞ "രാഷ്ട്രീയസത്യസന്ധത"യുടെ പ്രസക്തി ബോധ്യമാകുന്നത്. ആരോപണങ്ങൾ ഒന്നിൽപ്പോലും സത്യത്തിന്റെ ചെറുകണിക പോലുമില്ലായിരുന്നു എന്നറിയുമ്പോളാണ് നമ്മുടെ യുവാക്കൾ കടന്നു പോകുന്ന അന്തർസംഘർഷങ്ങളേക്കുറിച്ചു നാം ആലോചിച്ചു പോകുന്നത്. അവ എങ്ങനെയൊക്കെ അവരുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കപ്പെടുന്നതിനെ സ്വാധീനിയ്ക്കുന്നു എന്നതിനേക്കുറിച്ചും.
ഒന്ന്
യു.പി.യിൽ ദലിത് കുടുംബത്തെ പോലീസ് മർദ്ദിച്ചു - സ്ത്രീകളടക്കമുള്ളവരെ നഗ്നരാക്കി നടത്തിച്ചു - നരേന്ദ്രമോദി മറുപടി പറയണം. ഇതൊക്കെയായിരുന്നു ഉയർന്നു കേട്ട വിചിത്രമായ ബഹളങ്ങളിൽ ഒന്ന്! അത്ഭുതപ്പെടാതെ തരമില്ല. നരേന്ദ്രമോദി ഇതിനൊക്കെ എന്തു "മറുപടി"യാണാവോ പറയേണ്ടത്? അദ്ദേഹത്തോടായി എന്തോ പറയുകയോ - അതുമല്ലെങ്കിൽ കൃത്യം അദ്ദേഹത്തെത്തന്നെ ലക്ഷ്യം വച്ച് എന്തോ പ്രവർത്തിക്കുകയോ ചെയ്തതിനു ശേഷം പ്രതികരണത്തിനു കാത്തു നിൽക്കുന്നതു പോലെ തോന്നും - "മറുപടി പറയണം" എന്ന പ്രയോഗം കേൾക്കുമ്പോൾ.
ഇനിയിപ്പോൾ അതല്ല - രാജ്യത്ത് അപലപനീയമായ അത്തരം ഓരോ സംഭവങ്ങളുണ്ടാകുമ്പോളും പ്രധാനമന്ത്രിയുടെ "പ്രതികരണം" അറിയണം - അത്തരം കാര്യങ്ങൾ തടയാൻ അദ്ദേഹം കൂടി ഇടപെടണം - സംസ്ഥാനഗവണ്മെന്റിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെങ്കിലും നേരിട്ട് ഇടപെടണം ("ഫെഡറൽ സംവിധാന"വും കെട്ടുപാടുകളൊന്നും മൈൻഡു ചെയ്യാതെ) എന്നൊക്കെയാണോ ബഹളം വയ്ക്കുന്നവർ ഉദ്ദേശിക്കുന്നത് എന്നു പാവം ചില സദ്ബുദ്ധികളെങ്കിലും സംശയിച്ചു പോയേക്കും. എന്നാൽ അങ്ങനെയൊക്കെ യാതൊന്നും ആരും വിചാരിച്ചു വിഷമിക്കുന്നൊന്നുമില്ല എന്നതാണു യാഥാർത്ഥ്യം. കേൾക്കുന്ന മാത്രയിൽത്തന്നെ ഏതൊരാൾക്കും അമർഷവും രോഷവും തോന്നുന്ന എന്തെങ്കിലുമൊരു സംഗതി അവതരിപ്പിക്കുക - അതിനു ശേഷം നരേന്ദ്രമോദി എന്ന പേരു പറയുക. രണ്ടും തമ്മിൽ കണക്ടു ചെയ്ത് മനസ്സിൽ അവമതിപ്പിന്റെ ഒരു ചെറുബീജം നിക്ഷേപിക്കുക. അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ അതിൽ പ്രത്യേകിച്ചു യുക്തിയുടെ അംശമൊക്കെ ചികയാൻ നിൽക്കുന്നതു പമ്പരവിഡ്ഢിത്തമാണ്.
അതെന്തുമാകട്ടെ - പച്ചക്കള്ളമായിരുന്നു മേൽപ്പറഞ്ഞ ദലിത്പീഢന ആരോപണം. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷനു മുമ്പിൽ ഒരു കുടുംബം പ്രതിഷേധിച്ചതായിരുന്നു സംഭവം. തുണിയുരിഞ്ഞതു ഗൃഹനാഥൻ തന്നെയായിരുന്നു. ആ സംഭവത്തിൽ ജാതീയതയുടെ അംശമേ ഇല്ലായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് യഥാർത്ഥ സംഭവത്തിന്റെ വീഡീയോ ഓൺലൈനിൽ ലഭ്യമായി.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടുവെങ്കിലും അതിന്റെ പേരിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും നേരെ കുതിരകയറിയത് എന്തിനായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. ഇനിയിപ്പോൾ അഥവാ യു.പി. പോലീസ് അക്രമം കാണിച്ചിരുന്നുവെങ്കിൽത്തന്നെ - അതിന്റെ പേരിൽ ബി.ജെ.പി.ക്കാർ കുറ്റക്കാർ ആകുന്നതെങ്ങനെയാണ്? "അബ്സല്യൂട്ട് നോൺസെൻസ്" എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു രാഷ്ട്രീയ ആരോപണം മാത്രമായിരുന്നു അത്.
രണ്ട്
"ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിന് ദലിതനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചുട്ടുകരിച്ചു" എന്നതായിരുന്നു മറ്റൊരു ആരോപണം! കേൾക്കുന്ന മാത്രയിൽത്തന്നെ നാം രോഷം കൊണ്ട് വിറ കൊള്ളുന്ന കാര്യം. അവിടെയും ആ ആരോപണം "സംഘപരിവാ"റിന്റെ തലയിലേയ്ക്കാണു വച്ചത് എന്ന വിചിത്രമായ കാര്യവും നാം കണ്ടു!
മാതൃഭൂമി പത്രമൊക്കെ ഒന്നാം പേജിൽ വമ്പൻ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. കല്ലു വച്ച നുണയായിരുന്നു അത്. ദലിതരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രം തന്നെയായിരുന്നു അത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാളോട് മയക്കുമരുന്നിന് അടിമപ്പെട്ടയൊരാൾ പണം ആവശ്യപ്പെടുകയും കൊടുക്കാതായപ്പോൾ ആക്രമിക്കുകയുമായിരുന്നു. വിവരസാങ്കേതികവിദ്യയുടെ ഗുണഫലമെന്നോണം - ആ സംഭവത്തിന്റെയും വിശദാംശങ്ങൾ അന്നു തന്നെ പുറത്തു വന്നു.
ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്ന് - ഒരു ക്ഷേത്രത്തിനടുത്തു വച്ചു സംഭവിച്ചു എന്ന ആകസ്മികതയല്ലാതെ - ക്ഷേത്രദർശനം എന്ന കാര്യവുമായി അതിനു യാതൊരു ബന്ധവുമില്ല. രണ്ട് - സംഭവത്തിൽ ജാതീയതയുടെ കണിക പോലുമില്ല. മൂന്ന് - അതിനു സംഘപരിവാറുമായി പുലബന്ധം പോലുമില്ല. പക്ഷേ പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെയാണ്?
തങ്ങളുടെ അജണ്ടകളുമായി പൊരുത്തപ്പെടുന്നില്ലാത്തതിനാലാവാം - ആ യാഥാർത്ഥ്യങ്ങൾ പിറ്റേദിവസം ഒരു ചെറിയ കോളം വാർത്തയായിപ്പോലും പ്രസിദ്ധീകരിച്ചു തെറ്റു തിരുത്താൻ മാതൃഭൂമിയടക്കമുള്ള പത്രങ്ങൾ തയ്യാറായില്ല. സത്യത്തിൽ - ആ വിശദാംശങ്ങളും അധികം വൈകാതെ തന്നെ ലഭ്യമായിരുന്നു എന്നതുകൊണ്ട് - നിജസ്ഥിതിയറിഞ്ഞ ശേഷം മാത്രം വാർത്ത പ്രസിദ്ധീകരിക്കണമെന്നു നിർബന്ധബുദ്ധിയുള്ള ഒരു പത്രമായിരുന്നെങ്കിൽ ആദ്യത്തെ വാർത്ത തന്നെ പ്രസിദ്ധീകരിക്കുമായിരുന്നില്ല. പക്ഷേ നരേന്ദ്രമോദിയെ താറടിക്കാൻ ഉപയോഗിക്കാമെന്ന സാദ്ധ്യതയുടെ പേരിൽ അങ്ങനെയൊരു വ്യാജവാർത്ത വല്ലാതെ ആഘോഷിക്കപ്പെട്ടു. അതേ സമയം തന്നെ, പിന്നീടു യാഥാർത്ഥ്യം പുറത്തുവരാതിരിക്കാൻ വളരെയധികം സൂക്ഷ്മത കാണിക്കുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ വിദ്വേഷം വളരാനും രാജ്യത്ത് അസ്ഥിരതയുണ്ടാകാനും ഇടയാക്കുന്ന മട്ടിൽ ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്ന തികഞ്ഞ രാജ്യദ്രോഹപ്രവർത്തനം തന്നെയാണ് മാതൃഭൂമി പത്രം അന്നു ചെയ്തത്. അതിനെയൊക്കെ കേവലം അനീതിയെന്നോ അധാർമ്മികമായ മാദ്ധ്യമപ്രവർത്തനമെന്നോ ഒക്കെ മാത്രം വിളിക്കുന്നത് അങ്ങേയറ്റത്തെ നിസാരവൽക്കരിക്കലാകും. രാഷ്ട്രീയവിദ്വേഷം അതിന്റെ രാക്ഷസീയഭാവം പൂണ്ട് ദംഷ്ട്രകൾ നീട്ടുന്നതായിത്തന്നെ വേണം ഇതിനെ കണക്കാക്കാൻ.
നുണയോ സത്യമോ എന്നതിനൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത തരത്തിൽ - ഒരു ആരോപണം വലിയ ബഹളത്തോടെ ഉന്നയിച്ചാൽത്തന്നെ വലിയ നേട്ടമാണെന്ന മട്ടിൽ - ബി.ജെ.പി.ക്കെതിരെ അന്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു അസുഖമായിത്തന്നെ മാറിയിട്ടുണ്ടു പലർക്കും. ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ യുവതലമുറ എന്തു ചിന്തിക്കും എന്നതേക്കുറിച്ച് അവർ ആശങ്കപ്പെട്ടു കാണുന്നില്ല. പക്ഷേ, പറയുന്നതു പച്ചക്കള്ളമാണെന്നു നൂറു ശതമാനം ഉറപ്പുള്ള അവസ്ഥയിൽ അവരുടെ മനസാക്ഷി ആർക്കൊപ്പം നിൽക്കാനാഗ്രഹിക്കുമെന്നാണു നാം കരുതേണ്ടത്?
മൂന്ന്
മൂന്നാമത്തെ സംഭവമാണു കുറേക്കൂടി ഒച്ചപ്പാടുണ്ടാക്കിയത്. ഹരിയാനയിൽ ജിതേന്ദർ എന്നൊരാളിന്റെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തീപ്പിടുത്തത്തിൽ ദാരുണമായി കൊല്ലപ്പെടുന്നു. തീപ്പിടുത്തത്തിന്റെ കാരണം അജ്ഞാതം. ഭാര്യയ്ക്കും പൊള്ളലേറ്റു. അത്ഭുതകരമെന്നു പറയട്ടെ - ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ! എന്തായാലും ശരി - "മേൽജാതിക്കാർ" ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്ന മട്ടിൽ വാർത്ത പുറത്തു വന്നു. അങ്ങേയറ്റം ഹീനമായ നുണപ്രചാരണങ്ങൾ അതോടെ ആരംഭിക്കുകയും ചെയ്തു.
യുക്തി, ലോജിക്, സാമാന്യബുദ്ധി മുതലായ സകല വാക്കുകളേയും ആളുകൾ വെറുത്തു പോകുക പോലും ചെയ്യുന്ന മട്ടിലുള്ള അത്ഭുതകരമായ ഒരു റിപ്പോർട്ടിങ്ങാണ് കൈരളി ചാനൽ നടത്തിയത്. "സംഘപരിവാർ ദലിത് കുട്ടികളെ ചുട്ടുകൊന്നു"വെന്നാണവർ എഴുതിപ്പിടിപ്പിച്ചു കളഞ്ഞത്!!! അവരുടെ അതിഭീകരമായ നുണപ്രചാരണങ്ങളേപ്പറ്റി അറിവുള്ളവർ പോലും അന്തം വിട്ടു പോയ ഒരു ആരോപണമായിപ്പോയി അത്. എവിടെ നിന്നാണവിടെ പെട്ടെന്നൊരു "സംഘപരിവാർ" പൊട്ടിമുളച്ചു വന്നത് എന്നു ചോദിക്കരുത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത് എന്നു ചോദിക്കരുത്. അടിക്കേണ്ടതു ബി.ജെ.പി.യെ ആണെങ്കിൽ അതിശയകരമായ നുണകൾ അന്ധമായി ചമച്ചുവിട്ടുകളയും അവർ.
ഒരു കൊലപാതകമുണ്ടായിക്കഴിഞ്ഞാൽ ആരായാലും ആദ്യം ചെയ്യുന്നത് അതിന്റെ 'മോട്ടീവ്' കണ്ടെത്തുക എന്നതാണ്. അതിലൂടെ മാത്രമേ കൊലപാതകികളിലേയ്ക്ക് എത്താൻ കഴിയൂ. അതേക്കുറിച്ചുള്ള പല വിശദാംശങ്ങളും ആദ്യദിവസം തന്നെ ലഭ്യമായിരുന്നു താനും. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ - വാർത്തയുടെ കൂട്ടത്തിൽ അതേക്കുറിച്ചൊന്നും പറയാൻ ആർക്കും താല്പര്യമില്ലായിരുന്നു. രാഷ്ട്രീയഎതിരാളികളും മാദ്ധ്യമങ്ങളും "ബി.ജെ.പി."ക്കെതിരെ മാത്രമാണു നിരന്തരം ആക്രോശിച്ചു കൊണ്ടിരുന്നത്!
കൈരളിയുടെയും ദേശാഭിമാനിയുമൊക്കെ അത്രയ്ക്കൊരു നിലവാരത്തിലേയ്ക്കു തരം താഴാൻ മടിയുണ്ടായിരുന്ന ചില കൂട്ടർ സംഘപരിവാറിന്റെ "ഒത്താശ"യോടെ(?) ദലിതരെ പീഢിപ്പിക്കുന്നു എന്നു മാത്രം അല്പം മയപ്പെടുത്തി വാദിച്ചു. എന്ത് "ഒത്താശ"യാണു ചെയ്തതെന്ന് അവർക്കു മാത്രമേ അറിയൂ. അതേ സമയം, അങ്ങനെ പറയുന്നതു പോലും തെറ്റാണെന്ന മനസാക്ഷിക്കുത്തുള്ള മറ്റു ചില കൂട്ടരാകട്ടെ അല്പം കൂടി മയപ്പെടുത്തിയിട്ട് ഹരിയാനയിലിപ്പോൾ ബി.ജെ.പി.ഭരണമാണെന്നതു മുതലെടുത്ത് - "ബി.ജെ.പി. ഭരണത്തിൻ കീഴിൽ ദലിതരെ പീഢിപ്പിക്കുന്നു" എന്ന് ഒളിയമ്പെയ്യുക മാത്രം ചെയ്തു. എല്ലാവരും പ്രതിസ്ഥാനത്തു നിർത്തിയത് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ബി.ജെ.പി.യെ ആയിരുന്നു. രാജ്യം മുഴുവൻ വമ്പിച്ച പ്രചാരണം നടന്നു. സോഷ്യൽ മീഡീയയിലും തെരുവോരങ്ങളിലും പോസ്റ്ററുകൾ പതിക്കപ്പെട്ടു. ചാനലുകളിൽ ചർച്ചകൾ കൊഴുത്തു.
എന്നാൽ - സംഭവമുണ്ടായ അന്നു തന്നെ പുറത്തു വന്ന കാര്യങ്ങളിൽത്തന്നെയുണ്ടായിരുന്നു - അവിടെ ജാതീയതയല്ല വിഷയം എന്നത്. അതിലൊരു സംഘപരിവാർ കണക്ഷൻ ഇല്ല എന്നതും വളരെ വ്യക്തമായിരുന്നു. രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു കാലങ്ങളായി നിലവിലുള്ള കുടിപ്പകയായിരുന്നു അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടത്. ബൽവന്ത് സിംഗ് എന്നൊരാളുടെയും ജിതേന്ദറിന്റെയും കുടുംബങ്ങൾ തമ്മിൽ മുമ്പേ സംഘർഷത്തിലാണ്. പൊതുവേ സർക്കാർ/സൈനിക ഉദ്യോഗസ്ഥപശ്ചാത്തലമുള്ളവരാണു ജിതേന്ദറിന്റെ കുടുംബത്തിലുള്ളത്. ബൽവന്ത്കുടുംബമാകട്ടെ കാർഷികവൃത്തിയിലേർപ്പെടുന്ന ഭൂവുടമകളും. പ്രദേശത്ത് ഒരു മേൽക്കോയ്മത്തർക്കം നിലവിലുണ്ട്.
ഒരു വർഷം മുമ്പുണ്ടായ അക്രമത്തിൽ ബൽവന്തിന്റെ മൂത്ത സഹോദരനടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ജിതേന്ദർകുടുംബത്തിലെ 9 പേർക്കെതിരെ അന്നെടുത്ത കേസ് ഇപ്പോഴും നടക്കുന്നുമുണ്ട്. ബൽവന്ത്കുടുംബം പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട് എന്നതിനാൽ കഴിഞ്ഞ 10 മാസമായി ജിതേന്ദർകുടുംബത്തിന് പോലീസ് സംരക്ഷണവും നൽകി വരികയായിരുന്നു. നവരാത്രി ആഘോഷ വേളയിൽ പോലീസിന്റെ ശ്രദ്ധയൽപ്പം മാറിയ പഴുതിൽ ബൽവന്ത്കുടുംബം തിരിച്ചടിച്ചതായി സംശയിക്കപ്പെട്ടു. ജിതേന്ദറിന്റെയും ഭാര്യ രേഖയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 11 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ ബൽവന്തിന്റെ അടുത്ത ബന്ധുക്കളും ആണ്.
പക്ഷേ ഇതൊക്കെ ആർക്കറിയണം? അറിഞ്ഞാൽത്തന്നെ അതിനൊക്കെ എന്താണു പ്രസക്തി? അതൊന്നും എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. അക്രമത്തിനിരയായത് "ദലിത്"കുടുംബമാണത്രേ. അപ്പോൾ കല്ലേറിയേണ്ടതും ക്രൂശിലേറ്റേണ്ടതും ബി.ജെ.പി.യെ ആകുന്നു. അക്രമം ചെയ്യുന്നത് ആരാണെങ്കിലും ശരി - അതിന്റെ പഴിയേൽക്കാൻ വിധിക്കപ്പെട്ടത് ബി.ജെ.പിയാകുന്നു. ഇത് പരമ്പരാഗതമായി ബി.ജെ.പി.യ്ക്കു കൈവന്നിട്ടുള്ളൊരു ദുർവിധിയാണ്.
ഇതെഴുതുന്നതിന്റെ തലേദിവസം മേൽപ്പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു വഴിത്തിരിവുകൂടി ഉണ്ടായിട്ടുണ്ട്. പുറമേനിന്ന് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും, തീ കത്തിച്ചത് അകത്തു നിന്നു തന്നെയാണെന്നും സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു! രണ്ടുകുട്ടികൾ വെന്തു മരിക്കുമ്പോളും ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ എന്നത് സാമാന്യബുദ്ധിയുള്ളവർക്കു മുമ്പേ തന്നെ സമ്മതിച്ചു കൊടുക്കാൻ സാധിക്കുമായിരുന്നതല്ല. ആ സംശയത്തെ സാധൂകരിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്.
ജിതേന്ദറിന്റെ ഭാഗത്തു നിന്നുമുള്ള ബോധപൂർവ്വമായ കൊലയായിരുന്നു എന്ന നിലയ്ക്കു തന്നെയാണിപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കൂട്ട ആത്മഹത്യയ്ക്കുള്ള ശ്രമമായിരുന്നോ അതോ രേഖയേയും കുഞ്ഞുങ്ങളേയും മാത്രം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്നേ അറിയേണ്ടതുള്ളൂ.
ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിൽ ഇതിനു വലിയ പ്രാധാന്യം ലഭിച്ചു. മലയാളത്തിലെ ചാനലുകളിലും ഇതു സ്ക്രോളിംഗ് ന്യൂസ് ആയി. പക്ഷേ അപ്പോളും "ദലിത് കൊല" എന്നു പറഞ്ഞ് അതുവരെ ബി.ജെ.പിയെ ക്രൂശിക്കാനായി മുൻപേജും മുഖപ്രസംഗങ്ങളും നിരന്തരം നീക്കിവച്ചുകൊണ്ടിരുന്ന മാതൃഭൂമി പോലുള്ള ചില മലയാളപത്രങ്ങൾ അത്യന്തം വാർത്താപ്രാധാന്യമുള്ള അക്കാര്യത്തിനായി അവസാനപേജിലെങ്കിലും ഒരൊറ്റ വരി പോലും മാറ്റി വച്ചില്ല!!!! ഹാ കഷ്ടം! എത്ര ക്രൂരമായ നിലപാടാണിത്? ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയെ ഇകഴ്ത്താനുള്ള അവസരങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ വേണ്ടി എന്തെല്ലാം ഹീനമായ മാർഗ്ഗങ്ങളാണ് ആളുകൾ അവലംബിക്കുന്നത്! മനുഷ്യത്വത്തിന്റെ അംശമെങ്കിലും മനസ്സിലുള്ളവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ ഇക്കൂട്ടർ ചെയ്യുന്നത്?
വാക്കാലോ പ്രവർത്തിയാലോ പാർട്ടിയ്ക്കു യാതൊരു വിധ പങ്കുമില്ലാത്ത കാര്യങ്ങളിൽ - പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല - വാക്കിന്റെ കാര്യത്തിലും അങ്ങേയറ്റത്തെ ദുരാരോപണങ്ങൾ ഉന്നയിക്കാൻ ആളുകൾ പരമാവധി ശ്രമിച്ചു കാണാറുണ്ട്. തികച്ചും അസംബന്ധമായ ആരോപണങ്ങൾ തുടരെത്തുടരെ വന്നു കൊണ്ടിരുന്നാൽ സ്വാഭാവികമായി ആരും ചോദിച്ചു പോകുന്നൊരു ചോദ്യമാണു 'നാട്ടിൽ എന്തു സംഭവം നടന്നാലും കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നതു ശരിയാണോ' എന്നത്. വി.കെ.സിംഗ് ദുഖത്തോടെ ചോദിച്ചു പോയതും അതു തന്നെയാണ്. കഷ്ടകാലത്തിന് അതിന്റെ കൂടെയൊരു ഉദാഹരണം കൂടി വന്നുപോയപ്പോൾ ഉടൻ അതിൽപ്പിടിച്ചായി കലാപം. ദലിതരെ പട്ടികളോടുപമിച്ചത്രെ! എന്തൊരസംബന്ധമാണത്? എത്ര വിലകുറഞ്ഞ ഒരു ആരോപണമാണത്! എന്തൊരു ഭോഷ്കാണത്! വി.കെ.സിംഗിനു ദലിതരെ ആക്ഷേപിക്കേണ്ട യാതൊരു കാര്യവുമില്ല - അദ്ദേഹമതു ചെയ്യുകയുമില്ല. ചെയ്തിട്ടുമില്ല. അസന്നിഗ്ദ്ധമായിത്തന്നെ പറയാൻ പറ്റും. അറിഞ്ഞോ അറിയാതെയോ വി.കെ.സിംഗ് ദലിതരെക്കുറിച്ചു മോശമായ പരാമർശം നടത്തിയിട്ടില്ല. അങ്ങനെയല്ലെന്നു ശഠിക്കുന്നവരുടെ അസുഖം വേറെയാണ്.
ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തെ ഉദ്ദേശിച്ചല്ല പറയുന്നത് എന്നതു കൊണ്ട് - കൽബുർഗി കൽബുർഗി എന്ന് കുത്തിക്കുത്തിപ്പറഞ്ഞിനു ശേഷമാണു കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത് എന്നുണ്ടെങ്കിൽ - അന്നേരവും ഒരു പക്ഷേ വി.കെ.സിംഗിന്റെ പ്രതികരണങ്ങളിൽ ഇത്തരം വാക്കുകൾ കടന്നു വന്നെന്നിരിക്കും. അപ്പോളവർ ബ്രാഹ്മണരെയും പട്ടികളേയും കണക്ടു ചെയ്ത് ആരോപിക്കുമോ എന്തോ? 'നാക്കു പിഴ വന്നത് ഉള്ളിലുള്ളതു പുറത്തു വന്നതാണെ'ന്നൊക്കെ വാദിച്ചു വാശി പിടിക്കുന്നവരുണ്ട്. അവരുടെ ഉള്ളിലുള്ളതു ദുരുദ്ദേശമല്ലാതെ മറ്റൊന്നുമല്ല. പറയുന്നയാളുടെയല്ല - കേൾക്കുന്നവരുടെ മനസ്സാണ് അർത്ഥം തീരുമാനിക്കുന്നത്. അപ്പോൾ, വികലമായ ഒരു അർത്ഥമാണു കേൾക്കുന്നവർക്കു കിട്ടുന്നതെങ്കിൽ അവരുടേത് വികലമായ മനസ്സാണെന്നു തന്നെയാണ് അർത്ഥം. പറഞ്ഞയാളുടെയല്ല - കേട്ടു മനസ്സിലാക്കിയവരുടെ കാഴ്ചപ്പാടുകളിലാണു ദലിത്‌വിരുദ്ധതയുള്ളത്. അതുകൊണ്ടായിരിക്കും അവർക്ക് പെട്ടെന്നു തന്നെ അങ്ങനെയൊന്നു കണക്ടു ചെയ്യാൻ തോന്നുന്നത്.
ഇനി - വാക്കുകളെ വളച്ചൊടിച്ചു വിവാദമാക്കുമ്പോൾ ആളുകൾക്കതു വിഷമമുണ്ടാക്കിയേക്കുമെന്ന അവസ്ഥ വരും. അപ്പോൾ മാന്യതയുള്ള ആരും ചെയ്യുന്ന കാര്യമാണ് ബോധപൂർവ്വമല്ലെങ്കിലും അങ്ങനെയൊരവസരം സൃഷ്ടിച്ചതിനു ക്ഷമ ചോദിക്കുക എന്നത്. ഉടൻ തന്നെ അതിൽപ്പിടിച്ച് എതിരാളികൾ ബഹളം വച്ചുകളയും. ക്ഷമ പറഞ്ഞതിനർത്ഥം കുറ്റസമ്മതമാണന്നവർ വാദിച്ചു കളയും! രാഷ്ട്രീയവിദ്വേഷം എത്ര മൂത്താലും ആളുകൾ ഇങ്ങനെ ഭ്രാന്തന്മാരായിപ്പോകാമോ എന്നു തോന്നിപ്പോകും. ബി.ജെ.പി.യെ രാഷ്ട്രീയമായി എതിർക്കണമെങ്കിൽ എതിർത്തുകൊള്ളട്ടെ. അതിനായിപ്പക്ഷേ ഇത്രയ്ക്കു നീചമായി കള്ളം പ്രചരിപ്പിക്കുന്നതെന്തിനാണ്? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ്?
ഇനിയിപ്പോൾ അഥവാ അത്തരത്തിലുള്ള വളച്ചൊടിക്കലുകൾക്കോ വിവാദങ്ങൾക്കോ ഒന്നും ഇടകൊടുക്കാതെ മൗനം ദീക്ഷിക്കാമെന്നു വച്ചാലോ - ഉടൻ അതിന്റെ പേരിലായിരിക്കും അടുത്ത കുറ്റപ്പെടുത്തൽ. അധികാരികൾക്കു മൗനമാണത്രേ! ആരാണോ എന്തോ മൗനം പാലിക്കുന്നത്? സംഭവമുണ്ടായ കുടുംബത്തിനു വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അന്വേഷണത്തിൽ യാതൊരു വിധ അലംഭാവവും കാട്ടുന്നുമില്ല. പക്ഷേ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എന്തെങ്കിലുമൊക്കെ അർത്ഥശൂന്യമായ കാരണങ്ങൾ നിരത്തി ബി.ജെ.പി.യെ ചിലർ വിമർശിച്ചിരിക്കും. അതൊരു ശാഠ്യമാണ്. അടിത്തട്ടിൽ ഉറച്ചു പോയ ശാഠ്യം.
നാല്
ഈ മൂന്നു ദുരാരോപണങ്ങളുടേയും കാറ്റു പോയപ്പോൾ - തെരഞ്ഞെടുപ്പിന് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി അവശേഷിക്കുന്ന സാഹചര്യത്തിൽ - ഏറ്റാൽ ഏൽക്കട്ടെ എന്ന മട്ടിൽ കൈരളി ചാനൽ പുതിയൊരു കോമഡികൂടി അവതരിപ്പിച്ചു നോക്കിയിരുന്നു. മാവേലിക്കരയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ദലിതനെ ആർ.എസ്.എസ്.കാർ തല്ലിയത്രേ. സാമാന്യയുക്തി തൊട്ടു തെറിച്ചിട്ടില്ലാത്ത ആ അസംബന്ധ ആരോപണവും പൊക്കിപ്പിടിച്ച് കുറേ മാർക്സിസ്റ്റ് / ഇസ്ലാമിസ്റ്റ് പ്രവർത്തകർ ആക്രോശവും നടത്തിയിരുന്നു.
എന്നാൽ - തൊട്ടടുത്ത സ്ഥലമായതു കൊണ്ടു പെട്ടെന്നു തന്നെ അതിന്റെ യാഥാർത്ഥ്യം വെളിച്ചത്തു വന്നു. മർദ്ദനമേറ്റയാളുടെ വാക്കുകൾ ഉൾക്കൊള്ളുന്ന വീഡീയോ ചാനലിലും ഓൺലൈനിലുമെല്ലാം ലഭ്യമായി. മേൽപ്പറഞ്ഞതുപോലെ യാതൊരു സംഭവവും നടന്നിരുന്നില്ല. രണ്ട് ആളുകൾ തമ്മിൽ കശപിശയുണ്ടായി എന്നതു മാത്രമാണു യാഥാർത്ഥ്യം. അതിനു സംഘത്തിനു യാതൊരു പങ്കുമില്ല. ആളുകളുടെ ജാതിയ്ക്കും ഒരു പ്രസക്തിയുമില്ല. ക്ഷേത്രപ്രവേശനം എന്ന വാക്കു തന്നെ അവിടെ പ്രയോഗിക്കേണ്ടതുമില്ല. മർദ്ദനമേറ്റയാളുടെ മകളുടെ കല്യാണം ഏതാനു ദിവസം മുമ്പ് ക്ഷേത്രത്തിൽ വച്ചു നടന്നതേയുള്ളൂ. അപ്പോൾപ്പിന്നെ അവിടെ പ്രവേശനമെന്ന വാക്ക് ഉപയോഗിക്കുന്നതു തന്നെ ശുദ്ധഭോഷ്കാണ്.
ആരോപണങ്ങളുടെ അനന്തരഫലം
ഇങ്ങനെയെല്ലാം തുടരെത്തുടരെ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുകയും അവയുടെയെല്ലാം യാഥാർത്ഥ്യം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നിഷ്പക്ഷമതികളായ ചെറുപ്പക്കാരുടെ രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കപ്പെട്ടു പോകും എന്നതാണു പറഞ്ഞു വന്ന വിഷയം. ബി.ജെ.പി.ക്കെതിരെ ഒരാളുടെയെങ്കിലും മനസ്സിൽ ഒരു നിഷേധാത്മകചിന്ത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് സകല ദുരാരോപണങ്ങളും നിർമ്മിക്കപ്പെടുന്നത്. എന്നാൽ ഒട്ടനവധി ആളുകളുടെ മനസ്സിൽ ബി.ജെ.പി. അനുകൂല ചിന്തയ്ക്കു വിത്തിട്ടുകൊണ്ടാണ് ഓരോ ആരാപണവും ഒടുങ്ങുന്നത്.
ക്ഷേത്രപ്രവേശനവും ദലിതരുമൊക്കെ സംബന്ധിച്ച വ്യാജവാർത്തകൾ തുടരെ വരുകയും യാഥാർത്ഥ്യം വെളിവാകുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പലരുടെയും മനസ്സിൽ സംഘം ഇത്തരം വിഷയങ്ങളെയെല്ലാം എങ്ങനെ കാണുന്നുവെന്നും കൈകാര്യം ചെയ്യുന്നുവെന്നും അറിയാനുള്ള ആഗ്രഹം ജനിക്കും. അത് അവരെ കുറേക്കൂടി പരന്ന വായനയിലേക്കും തുറന്ന ചർച്ചകളിലേയ്ക്കും കൂടുതൽ ചിന്തകളിലേയ്ക്കും നയിക്കും. അങ്ങനെ കിട്ടുന്ന പുതിയ അറിവുകൾ അവരെ സംഘപക്ഷത്തേയ്ക്കു കൂടുതൽ അടുപ്പിക്കും.
ജാതീയമായ അശ്പൃശ്യത മുതലായവയുടെ കാര്യത്തിൽ സ്വാമി വിവേകാനന്ദനോ ശ്രീനാരായണഗുരുദേവനോ പോലെയൊക്കെയുള്ള അവതാരപുരുഷന്മാർക്കു പോലും കൈവശമില്ലാതിരുന്ന ഒരു മാന്ത്രികദണ്ഡൊന്നും സംഘം നിർമ്മിച്ചെടുത്തിട്ടില്ല. പക്ഷേ - ഉച്ചനീചത്വങ്ങളില്ലാത്ത സമാജസൃഷ്ടിയ്ക്കു വേണ്ടി ഉജ്ജ്വലമായ ഒരു കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുള്ളതും നടപ്പിലാക്കിയിട്ടുള്ളതും ഇപ്പോളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഏക പ്രസ്ഥാനം രാഷ്ട്രീയ സ്വയംസേവക സംഘം തന്നെയാണ്. ഗാന്ധിജിയും അംബേദ്ക്കറും പോലെയുള്ള മഹാരഥന്മാർ സംഘത്തെ ശ്ലാഘിച്ചിട്ടുള്ളതും ഈയൊരു സവിശേഷതയെ അടിസ്ഥാനമാക്കിയാണ്.
സംഘപ്രസ്ഥാനങ്ങൾ ദലിത് വിരുദ്ധമാണെന്നു വാദിക്കുന്നത് നട്ടുച്ചയ്ക്കു കൂരിരുട്ടാണെന്നു വാദിക്കുന്നതു പോലെ മഠയത്തരമാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ തടയുന്നുവെന്നും തല്ലുന്നുവെന്നുമൊക്കെയുള്ള തികഞ്ഞ അസംബന്ധവാദങ്ങൾ അവതരിപ്പിക്കുന്നവർ അറിയുന്നില്ല - ദലിതനു കേവലം ക്ഷേത്രപ്രവേശനമല്ല - സാക്ഷാൽ ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന മട്ടിലുള്ള അതിവിപ്ലവകരമായ സംഗതികളാണു സംഘം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന്.
ചില ക്ഷേത്രങ്ങളിലും മറ്റും ജാതീയതയുമായി ബന്ധപ്പെട്ടു നിലവിലുള്ള അനാചാരങ്ങളെ ചെറുക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതു സംഘമാണെന്നതും ശ്രദ്ധേയമാണ്. ദലിതന്റെ ജീവിതചക്രം ചലിപ്പിക്കുന്നതിൽ നിർണ്ണായകമായിരുന്ന പരമ്പരാഗതമായ പല ഘടകങ്ങളേയും സാംസ്കാരികമായ വിവിധ അംശങ്ങളേയും ചോർത്തിക്കളഞ്ഞ് അവനെ രാഷ്ട്രീയമായ ഒരു അടിമയാക്കി മാറ്റിയെടുത്തു എന്നതല്ലാതെ അധികം നേട്ടങ്ങളെന്തെങ്കിലും തങ്ങൾക്ക് അവകാശപ്പെടാനുണ്ടോ എന്ന് ഇടതുപക്ഷം ഒരു ആത്മവിചിന്തനം നടത്തേണ്ടതും ആവശ്യമാണ്.
സത്യത്തിൽ - ആദ്ധ്യാത്മികകാര്യങ്ങളോ ആചാരാനുഷ്ഠാനങ്ങളോ സംബന്ധിച്ച ഒരു അളവുകോൽ കൊണ്ടല്ല - അധികാരപങ്കാളിത്തമെന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് ദലിതുകളുടെ ഉയർച്ചയേയും അതിനു വിവിധപ്രസ്ഥാനങ്ങളുടെ സംഭാവനകളേയും വിലയിരുത്തേണ്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും സംഘവും ഏതാണ്ട് ഒരേ കാലത്തു തന്നെയാണ് ഇന്ത്യയിൽ ഉദയം ചെയ്തത്. ഇരു കൂട്ടരും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്നും അടിച്ചമർത്തപ്പെട്ട അടിസ്ഥാനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ എന്തൊക്കെ നേട്ടമുണ്ടാക്കിയെന്നുമൊരു താരതമ്യം ചെയ്യുന്നതു കൗതുകകരമായിരിക്കും. ഒരു അതീവപിന്നാക്കക്കാരനെ - ഒരു ദലിതനെ - പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത - അതും പാർട്ടി രാജ്യം ഭരിക്കുന്ന സമയത്തു തെരഞ്ഞെടുത്ത - ഏക ദേശീയ പാർട്ടി ബി.ജെ.പി.യാണ് എന്നതു മറക്കാതെ വേണം ഇതു സംബന്ധിച്ച ഏതൊരു രാഷ്ട്രീയചർച്ചയും തുടങ്ങുവാൻ. അതു മനസ്സിൽ വച്ചുകൊണ്ടു മാത്രമേ "ദലിത് വിരുദ്ധ"മെന്ന അസംബന്ധവാദങ്ങൾക്കു മുതിരുകയും ചെയ്യാവൂ.
സംഘപ്രസ്ഥാനങ്ങൾക്ക് എത്രയോ പിന്നാക്കക്കാരെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടു വരുവാനും അവരെ അധികാരം ഏൽപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. പിന്നാക്ക-ദലിത് വിഭാഗങ്ങളിൽ നിന്നുള്ള എത്രയോ നേതാക്കന്മാർ. വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാർ. എത്രയോ മുഖ്യമന്ത്രിമാർ. എന്തിനധികം പറയുന്നു - ഒരു പിന്നാക്കക്കാരന്റെ കയ്യിൽ രാജ്യത്തിന്റെയാകമാനം തന്നെ അധികാരം ഏൽപ്പിച്ചു കൊടുക്കാൻ അവർക്കു സാധിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് എന്തു നേട്ടമാണുണ്ടാക്കാനായിട്ടുള്ളത്? ഇപ്പോളും കേവലം ഒരു കൈ വിരലിലെണ്ണാവുന്നയിടങ്ങളിൽ മാത്രം അധികാരത്തിലെത്താൻ സാധിച്ചിട്ടുള്ള അവർക്ക് അതാതു പ്രദേശങ്ങളിലെ പിന്നാക്കക്കാരന്റെ കയ്യിലേയ്ക്ക് അധികാരത്തിന്റെ ചെങ്കോൽ ഏല്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കേരളത്തിന്റെ സാഹചര്യമെടുത്താൽ - അധികാരം ലഭിച്ചു തുടങ്ങിയതിനു ശേഷം എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് അവർക്കൊരു ഈഴവനെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ സാധിച്ചത്? അതും ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് തീരുമാനം തിരുത്തിച്ചപ്പോൾ മാത്രം. ഒരു ഈഴവസ്ത്രീ മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ വന്നപ്പോൾ അവരെ ഒഴിവാക്കിയിട്ട് ഒരാളെ രാജി വയ്പിച്ച് അവിടെ വീണ്ടും ഇലക്ഷൻ നടത്തി പുതിയ മുഖ്യമന്ത്രിയെ ജയിപ്പിച്ചെടുത്ത ചരിത്രമാണു കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്.
ചെറുപ്പക്കാർ എല്ലാം കാണുന്നുണ്ട്. കേൾക്കുന്നുമുണ്ട്. ആരോപണങ്ങളിലെ നേരും നുണയും തിരിച്ചറിയാനുള്ള ശേഷി അവർക്കുണ്ട്. ഏതു പാർട്ടിയ്ക്കാണ് അന്ധമായ രാഷ്ട്രീയനിലപാടുകളുള്ളത് എന്നും ആർക്കാണു സത്യസന്ധവും സുതാര്യവുമായ നിലപാടുകളുള്ളത് എന്നും തിരിച്ചറിയാനുള്ള പക്വതയും രാഷ്ട്രീയാവബോധവും അവർക്കുണ്ട്. അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാകും. അത് തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാഭാവികമായും സ്വാധീനിക്കും. അതിലൊന്നും അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.
വാൽക്കഷണം
പിന്നാക്ക ദലിത് വിഭാഗങ്ങളേപ്പറ്റി പലതും പരാമർശിച്ചു നിർത്തുമ്പോൾ - അതീവപിന്നാക്കക്കാരായ പട്ടികവർഗ്ഗക്കാർ - ആദിവാസികൾ - എന്നിവരേക്കുറിച്ചും അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരേക്കുറിച്ചും കൂടിയൊന്നു സൂചിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നു. കഴിഞ്ഞയിടെ, ആദിവാസിക്ഷേമത്തിനായി നിലകൊള്ളുന്ന സന്നദ്ധപ്രവർത്തകയായ ധന്യാരാമന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടതായി ഓർക്കുന്നു. ആദിവാസി കുട്ടികൾക്കു വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്ന ഏകൽവിദ്യാലയങ്ങളുടെ മഹനീയതയേക്കുറിച്ചായിരുന്നു പോസ്റ്റ്. അതിൽ ആവേശപൂർവ്വം ലൈക്കു ചെയ്തവരിൽ എത്ര പേർക്ക് അറിയാമെന്നറിയില്ല - അതിനു പിന്നിലെ കഠിനാധ്വാനവും ത്യാഗവും വിയർപ്പും സംഘപരിവാറിന്റേതാണെന്ന്.
ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള പൊതുപ്രവർത്തനശൈലി ഇതിനകം കണ്ടു പരിചയിച്ചു കഴിഞ്ഞ സിന്ധു ജോയിയുടെ ഒരു കമന്റും ഓർമ്മ വരുന്നു. അരുവിക്കര ഇലക്ഷന്റെ സമയത്തായിരുന്നു അത്. മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ ഉൾവനത്തിലുള്ള ആദിവാസി സെറ്റിൽമെന്റുകളിൽ സ്ലിപ്പു വിതരണത്തിനായി തപ്പിപ്പിടിച്ചു ചെന്നപ്പോൾ അവിടെയെല്ലാം ബി.ജെ.പി. നേരത്തേ തന്നെ സ്ലിപ്പു വിതരണം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നതു കണ്ട് അവരുടെ പ്രവർത്തനമികവിനെയോർത്ത് അതിശയിച്ചതായിരുന്നു വിഷയം..
സിന്ധു ഉൾപ്പെടെയുള്ള ഇടതു വലതു രാഷ്ട്രീയപ്രവർത്തകർ മലയിറങ്ങി മറ്റു തിരക്കുകളിലേയ്ക്കു മടങ്ങിയിട്ട് മാസങ്ങൾ പലതായി. എന്നാൽ, അന്നവിടെ സിന്ധുവിനെ അതിശയിപ്പിച്ച സംഘപ്രവർത്തകർ ഇപ്പോളും ആ കാടിന്റെ മക്കളോടൊപ്പം തന്നെയുണ്ട്. മാത്രവുമല്ല അവരവിടെ എത്തിപ്പെട്ടത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിന്റെ സമയത്ത് ആയിരുന്നില്ല താനും. "രാഷ്ട്രീയം" എന്ന വാക്കിന് വിശാലമായ അനേകം അർത്ഥങ്ങളുണ്ടെന്നു മനസ്സിലാക്കുന്നവരാണവർ. അതു മനസ്സിലാകാത്തവർക്ക് അവരെയും മനസ്സിലാകണമെന്നില്ല.
എല്ലാ കാര്യങ്ങളും എല്ലാവർക്കുമൊന്നും അറിവുണ്ടാകണമെന്നില്ല. എന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ല. കണ്ണുള്ളവർ കാണട്ടെ. കാഴ്ചകൾ ചിന്തയെ ഉണർത്തട്ടെ.
Article Credits:Janamtv News

No comments:

Post a Comment