Saturday, June 13, 2015

കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിൽ - Janamtv News

കൊച്ചി : മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും തുറമുഖവുമോക്കെയായി മുഖം മിനുക്കുമ്പോഴും കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജനം ഇപ്പോഴും അശാസ്ത്രീയം തന്നെയെന്ന് ജനം ടിവി നടത്തിയ അന്വേഷണത്തിൽ തെളിയുന്നു .ഏഴ് ലക്ഷത്തോളം പേര്‍ സ്ഥിരമായി ജീവിക്കുന്ന കൊച്ചി നഗരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിലും, ജനവാസ കേന്ദ്രങ്ങളിലും, പരിസരത്തെ ഗ്രാമങ്ങളിലും.ഭരണാധികാരികളാകട്ടെ ഇതിനു നേരെ കണ്ണടക്കുകയാണ്.
കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നറിയാൻ രാത്രി വൈകി മാത്രം റോഡില്‍ പ്രത്യക്ഷപ്പെടുന്ന കക്കൂസ് മാലിന്യ ടാങ്കറുകളെ പിന്തുടര്‍ന്ന ജനം ടിവി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു .ഗുണ്ടാ സംഘങ്ങളുടെ കാവലില്‍ ടാങ്കറുകള്‍ നഗര പരിസരത്തെ ഗ്രാമങ്ങളിലേക്ക്..പിന്നെ ഗ്രാമത്തിന്റെ വിജനതയിലും ജലസ്രോതസുകളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം ഒഴുക്കിയ ശേഷം അടുത്ത ലോഡിനായി നഗരത്തിലേക്ക് ..
മറ്റൊരു കാഴ്ച ചില കക്കൂസ് മാലിന്യ ടാങ്കറുകള്‍ കൊച്ചിയുടെ പ്രധാന കുടി വെള്ള സ്രോതസായ പെരിയാറിലും അതിന്റെ കൈവഴികളിലും മാലിന്യം തള്ളുന്നു എന്നതാണ്..ഇങ്ങനെ വിഷമയമാക്കുന്ന ജലമാണ്,നാമമാത്രമായ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം നഗരവാസികള്‍ക്ക് കുടിവെള്ളമായി എത്തുന്നതും...കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൊച്ചി നഗരസഭാ എന്ത് ചെയ്യുന്നു എന്നറിയാൻ നഗരസഭയെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി അതിലും വിചിത്രം. ഇത്രയധികം ജന സാന്ദ്രതയുള്ള കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല.
ഇത്തരം മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ആരെയും ചുമതലപ്പെടുത്തുകയോ ലൈസന്‍സ് നല്കുകകയോ ചെയ്തിട്ടില്ല ..ലക്ഷക്കണക്കിനു മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ നാളിത് വരെ ചിന്തിച്ചിട്ടില്ലെന്നു സാരം..രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യ ടാങ്കറുകള്‍ നഗര ഗ്രാമ ഭേദമില്ലാതെ രോഗങ്ങള്‍ പരത്തുമ്പോള്‍ നഗരസഭ ഉറക്കം തുടരുകയാണ് ..
കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ജല സ്രോതസുകളില്‍ തള്ളുന്നതും തുടര്‍ന്ന് അത് കുടി വെള്ളത്തില്‍ കലരുന്നതും കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ട്ടിക്കപ്പെടുന്നത്.ഇതില്‍ നടപടിയെടുക്കേണ്ട വിവിധ വകുപ്പുകള്‍ തികഞ്ഞ ഉദാസീന മനോഭാവമാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്.
ഭക്ഷണവും പാര്‍പ്പിടവും പോലെ തന്നെ വിസര്‍ജ്യവും നിര്‍മാര്‍ജനവും ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്ന സത്യം കൊച്ചി നഗര സഭ ഇനി എന്ന് മനസിലാക്കും ?.നഗരത്തിലെ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നഗരസഭാ മേധാവിക്ക് പതിവ് പല്ലവി.നഗരത്തിലെ കുടിവെള്ള സ്രോതസായ പുഴകളില്‍ കക്കൂസ് മാലിന്യം ഒഴുക്കി ,ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുന്ന നടപടിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
എതിര്‍ക്കുന്നവരെ പ്രതിരോധിക്കാനായി മാരകായുധങ്ങൾ വഹിച്ച ഗുണ്ടകളുടെ അകമ്പടിയോടെയാണ് മാലിന്യ ടാങ്കറുകള്‍ യഥേഷ്ടം വിഹരിക്കുന്നത്.മനുഷ്യരുടെ ആരോഗ്യത്തിനു വില പേശി ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസ് ആയി ഇത് മാറിക്കഴിഞ്ഞു .ചെറിയ ട്രാഫിക് നിയമലംഘനത്തിന് പോലും പിഴ ഈടാക്കുന്ന പോലീസ് പക്ഷെ ഇതൊന്നും കണ്ട മട്ടില്ല.നിരീക്ഷണം കൈമടക്കിന് വഴങ്ങുമെന്ന് വ്യക്തം.ജലാശയങ്ങള്‍ മലിനമാക്കിയാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാമെന്ന് അറിയാത്തവരല്ല ഇവര്‍.
പെരിയാറിലുൾപ്പെടെ കൊച്ചിയിലെ ജലാശയങ്ങളില്‍ വര്‍ധിച്ചു വരുന്ന കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിലവിലുള്ള സംവിധാനങ്ങളൊന്നും പോരെന്നിരിക്കെ ,ഈ മാലിന്യ ടാങ്കറുകള്‍ വിതക്കുന്ന ദുരന്തത്തിന്റെ ഭീകരത ഊഹിക്കാവുന്നതെയുള്ളു.മനുഷ്യ വിസര്‍ജ്യം പുഴയില്‍ തള്ളുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട്‌ ചെയ്തതായി എവിടെയും രേഖയില്ല.വിവിധ വകുപ്പുകള്‍ പരസ്പരം പഴി ചാരിയും കൈ കഴുകിയും പ്രശനത്തില്‍ നിന്ന് വഴിമാറുമ്പോള്‍,മാഫിയയുടെ പിന്‍ബലത്തോടെ മാലിന്യ ടാങ്കറുകള്‍ നഗരത്തില്‍ അങ്ങോളം ഇങ്ങോളം ചീറിപ്പായുന്നു. Article credits
JanamTv,14/06/2015

No comments:

Post a Comment