Thursday, April 23, 2015

മന്ത്രിമാരെ പിടിച്ചുലച്ച്‌ മൊഴികള്‍ : സരിതയുടെ മൊഴി അട്ടിമറിച്ചു

കൊച്ചി: എറണാകുളം സി.ജെ.എം. കോടതിയില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ നല്‍കിയ രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും നിയമസെക്രട്ടറിയും അഡ്വക്കേറ്റ്‌ ജനറലും ചേര്‍ന്ന്‌ അട്ടിമറിച്ചെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സോളാര്‍ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. ജോസ്‌ കെ. മാണി എം.പിയുടെയും എറണാകുളത്തെ യുവ എം.എല്‍.എയുടെയും പേരു സരിത പറഞ്ഞതോടെയാണ്‌ മജിസ്‌ട്രേറ്റ്‌ മൊഴി രേഖപ്പെടുത്തുന്നത്‌ അവസാനിപ്പിച്ചത്‌. മൊഴിയുടെ പ്രത്യാഘാതം മനസിലാക്കിയ മജിസ്‌ട്രേറ്റ്‌ ജുഡീഷ്യല്‍ അക്കാദമിയില്‍ തന്റെ തലവനായിരുന്ന ഇപ്പോഴത്തെ നിയമ സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു. നിയമസെക്രട്ടറി അഡ്വ. ജനറലുമായി ബന്ധപ്പെട്ടു മൊഴി അട്ടിമറിച്ചു.
നിയമസെക്രട്ടറി അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ജൂനിയറായിരുന്നുവെന്നും മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവും അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയും തമ്മില്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും ജോര്‍ജ്‌ മൊഴി നല്‍കി. വി.ജി. ഹരീന്ദ്രനാഥാണ്‌ നിയമസെക്രട്ടറിയെന്നും മൊഴി അട്ടിമറിച്ചതിന്റെ പ്രതിഫലമായിട്ടാണു നിയമനമെന്നും പി.സി. ജോര്‍ജ്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കാബിനറ്റ്‌ നോട്ട്‌ പോലും ഇല്ലാതെ ഔട്ട്‌ ഓഫ്‌ അജന്‍ഡയായിട്ടായിരുന്നു നിയമസെക്രട്ടറിയുടെ നിയമനമെന്നും ജോര്‍ജ്‌ ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി., ജോസ്‌ കെ. മാണി എം.പി. എന്നിവര്‍ക്കെതിരേയും ജോര്‍ജ്‌ കമ്മിഷനു മുന്നില്‍ മൊഴി നല്‍കി. സരിത ഡല്‍ഹിയില്‍ ചെന്നാല്‍ ജോസ്‌ കെ. മാണിയുടെ ഫ്‌ളാറ്റിലാണു താമസിക്കാറുള്ളതെന്ന്‌ ആന്റോ ആന്റണി പറഞ്ഞിട്ടുള്ളതായി ഈരാറ്റുപേട്ടയിലെ ബിസിനസുകാരന്‍ സജി ഏബ്രഹാം തന്നോടു പറഞ്ഞിട്ടുണ്ട്‌. സജിയും ആന്റോ ആന്റണിയുടെ അനുജന്‍ ചാള്‍സും കസിന്‍ ജിജോയും ചേര്‍ന്നു കേരളത്തില്‍ സോളര്‍ പാനല്‍ ബിസിനസ്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ആന്റോ ആന്റണിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്‌. പദ്ധതിക്കായി ഇറ്റലിയില്‍നിന്ന്‌ ഒന്നേകാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ ഇവിടെയെത്തിച്ചു. എന്നാല്‍ സരിത വിഷയം കത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്‌ക്കു ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.സി.ടി.വിയുടെ പരിധിയില്‍ വരാത്ത സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഗൂഢാലോചന നടക്കുന്നത്‌. കെ. കരുണാകരന്‍ പാവം പയ്യന്‍ എന്നു വിശേഷിപ്പിച്ചിരുന്ന സി.എല്‍. ആന്റോ സമര്‍പ്പിച്ച 1,60,000 കോടി രൂപയുടെ പദ്ധതിയില്‍നിന്ന്‌ ഒരു ഭാഗമെടുത്താണു സോളാര്‍ പദ്ധതിക്ക്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വഴിയൊരുക്കിയത്‌. സി.എല്‍. ആന്റോ ചെയര്‍മാനായ സഹകരണ സംഘത്തിനു നടത്തിപ്പ്‌ അംഗീകാരം നല്‍കാമെന്നു പറഞ്ഞ്‌ അദ്ദേഹത്തെ മടക്കിയശേഷം ആന്റോ സമര്‍പ്പിച്ച പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ്‌, ആന്റോ ആന്റണി എം.പി എന്നിവര്‍ ചേര്‍ന്നു പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യസംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ്‌ ലീഗ്‌ മന്ത്രിമാര്‍ക്കു നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണു മുഖ്യമന്ത്രിയും നാലു കോണ്‍ഗ്രസ്‌ മന്ത്രിമാരും ആന്റോ ആന്റണി എം.പിയും ചേര്‍ന്ന്‌ ഏറ്റെടുത്ത്‌ ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌.
സംസ്‌ഥാനത്ത്‌ 5612 മെഗാവാട്ട്‌ വൈദ്യുതിയുടെ കമ്മിയുള്ളതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജയമുറപ്പിച്ച്‌ മന്ത്രിമാര്‍തന്നെ പദ്ധതി നടത്തിപ്പുമായി രംഗത്തിറങ്ങിയത്‌. സി.എല്‍. ആന്റോയ്‌ക്ക്‌ മുഖ്യമന്ത്രിയില്‍നിന്ന്‌ ആദ്യം സഹകരണവാഗ്‌ദാനം ലഭിച്ചു. സാമ്പത്തികനേട്ടമുള്ള കാര്യമാണെന്നു മനസിലാക്കി ആന്റോയെ ഒഴിവാക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നണിയില്‍ നിന്നുകൊണ്ട്‌ സരിതയെ രംഗത്തിറക്കുകയുമായിരുന്നു. മാലിന്യ നിര്‍മാര്‍ജന പദ്ധതി ലീഗിനാണു വിട്ടുകൊടുത്തത്‌. ഇത്‌ പി.കെ. കുഞ്ഞാലിക്കുട്ടി ഹൈജാക്ക്‌ ചെയ്‌തു. തന്നെ വഞ്ചിച്ചതിനെക്കുറിച്ച്‌ ആന്റോ വേദനയോടെ മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും കത്തെഴുതി. ഈ കത്തുകളും സി.എല്‍. ആന്റോയുടെ പ്ര?ജക്‌ട്‌ റിപ്പോര്‍ട്ടും പി.സി. ജോര്‍ജ്‌ കമ്മിഷനു മുമ്പില്‍ ഹാജരാക്കി. അനര്‍ട്ട്‌ വഴി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പദ്ധതി നടത്തിപ്പിന്‌ ഏറ്റവും കുറഞ്ഞ തുക നിരക്കുവിലയായി പറഞ്ഞത്‌ ചെന്നൈയിലെ വി.ഡി. സ്വാമി കമ്പനിയാണ്‌. എന്നാല്‍, കുറഞ്ഞ തുകയ്‌ക്കു പദ്ധതി അനുവദിച്ചാല്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന സഹായധനത്തില്‍ കുറവു വരുമെന്നതിനാല്‍, കൂടുതല്‍ തുക തട്ടിയെടുക്കാനായി സ്വാമിയുടെ കമ്പനിയെ ഒഴിവാക്കി. ഏറ്റവും കുറഞ്ഞ തുകയുടെ 30 ശതമാനമാണ്‌ കേന്ദ്രം സഹായധനമായി നല്‍കുക. എം.എന്‍.ആര്‍.ഐ. രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലേ ടെന്‍ഡറില്‍ പങ്കെടുക്കാനാകൂ എന്നതിനാല്‍ തന്റെ സ്‌ഥാപനത്തിനു രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനായി ആന്റോ ആന്റണിയെയും ജോസ്‌ കെ. മാണിയെയും സരിത ഉപയോഗപ്പെടുത്തി. എന്നാല്‍, രജിസ്‌ട്രേഷന്‍ ലഭിച്ചില്ല. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളുടെയും സഹായം സരിതയ്‌ക്ക്‌ ഉണ്ടായിരുന്നു. ഈ പ്രയാണത്തിലാണു സരിതയ്‌ക്ക്‌ തന്റെ സ്‌ത്രീത്വം വില്‍ക്കേണ്ടിവന്നതെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
ആരൊക്കെ ബലാല്‍ക്കാരം ചെയ്‌തെന്നു സരിതയുടെ കത്തില്‍ പേരെടുത്തു പറയുന്നുണ്ട്‌. ജാമ്യത്തിലിറങ്ങിയശേഷം സരിത തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ആളറിയാതിരിക്കാന്‍ പര്‍ദ ധരിച്ചാണു വന്നത്‌. അന്ന്‌ ഈ കത്ത്‌ വായിച്ച ശേഷം തിരികെ കൊടുത്തു. ഈ കത്ത്‌ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ കൈയില്‍ ഉണ്ടായിരുന്നതായി തനിക്ക്‌ അറിയാം. സരിതയെ ജോസ്‌ കെ. മാണി ലൈംഗികമായി ഉപയോഗിച്ചെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ കെ.എം. മാണിയോട്‌ പറഞ്ഞു. കാശ്‌ കൊടുത്ത്‌ ഒതുക്കിക്കോട്ടെ എന്നോര്‍ത്തു പറഞ്ഞതാണ്‌. എന്നാല്‍, മാണിക്കു തന്നോടു വിരോധമായി. സരിതയുടെ ഡ്രൈവര്‍ നേരത്തേ ശരണ്യ ബസിന്റെ ്രെഡെവറായിരുന്നു. ഇയാള്‍ തന്നെ വന്നുകണ്ട്‌ എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. സരിത സ്‌ഥിരമായി പോകാറുള്ള മന്ത്രിമാരുടെ വീടുകളെക്കുറിച്ചും പറഞ്ഞു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിര്‍ണായക സമയത്താണു കത്ത്‌ ഒരു ചാനലിലൂടെ പുറത്തുവന്നത്‌. കത്തിലെ ഉള്ളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കു താന്‍ കത്തു നല്‍കിയിട്ടുണ്ട്‌. കത്തു പുറത്തുവിട്ടതു ഞാനാണോ എന്ന്‌ ആ ദിവസം മുഖ്യമന്ത്രി ഫോണില്‍ ചോദിച്ചിരുന്നു. ജോര്‍ജല്ല എന്നു തനിക്കു മസിലായെന്നു പിന്നീടു മുഖ്യമന്ത്രി വിളിച്ചു പറഞ്ഞു. ഈ കത്ത്‌ പുറത്തുവിട്ടത്‌ ആരെന്നും അന്വേഷിക്കണം. സരിതയുടെ കത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരില്‍ നിരപരാധികളായ പല രാഷ്‌്രടീയതോക്കളും കുടുംബത്തില്‍ ചോദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സരിതയുടെ കത്ത്‌ കമ്മിഷന്‍ പിടിച്ചെടുക്കണമെന്നു ജോര്‍ജ്‌ ആവശ്യപ്പെട്ടു. ഇനിയും തന്റെ കൈയില്‍ തെളിവുകളുണ്ട്‌. തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും രേഖകളെല്ലാം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും ജോര്‍ജ്‌ ആവശ്യപ്പെട്ടു. ജോര്‍ജിന്റെ മുഖ്യവിസ്‌താരം മാത്രമാണ്‌ പൂര്‍ത്തിയായത്‌. ഈരാറ്റുപേട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ നേരത്തേ പോകണമെന്ന ജോര്‍ജിന്റെ അപേക്ഷ അനുവദിച്ചു. മറ്റൊരു ദിവസം സാക്ഷിവിസ്‌താരം പൂര്‍ത്തീകരിക്കും.
News Credits,Mangalam Daily,23rd April 2015

No comments:

Post a Comment