Wednesday, April 15, 2015

ഒരു കണിക്കൊന്ന മരത്തിന്റെ അദ്ഭുതകഥ - സുഗതകുമാരി

ആ മെലിഞ്ഞ കമ്പുകളെല്ലാം മൊട്ടിട്ടിരിക്കുന്നു!
വെട്ടിമാറ്റപ്പെട്ട ആ കൊന്നമരത്തെ അത്രമേല്‍
എനിക്കിഷ്ടമായിരുന്നെന്ന്
അവള്‍ക്കറിയാമായിരുന്നുവല്ലേ? അല്ലെങ്കില്‍
എങ്ങനെ മണ്ണിനടിയിലൂടെ ഒളിച്ചുനീങ്ങി
എന്റെയടുത്തേക്ക് പിന്നെയും വന്നു


ഇത് കഥയല്ല, നടന്ന സംഭവമാണ്.
നിങ്ങള്‍ക്ക് വന്ന് കണ്ണാല്‍ കാണാവുന്നത്. മൂന്നുനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള അഭയയുടെ വനിതാകേന്ദ്രമായ അത്താണിക്കുമുമ്പിലും വികസനം വന്നു. ഓട വലുതാക്കണം, റോഡ് വീതികൂട്ടണം. ഞങ്ങളുടെ പെണ്ണുങ്ങള്‍ കുടിപാര്‍ക്കുന്ന, അദാലത്തു നടക്കുന്ന പഴയ കെട്ടിടത്തിന്റെ മുറ്റത്തില്‍ പകുതിയും അളന്നെടുക്കപ്പെട്ടു. ഗൗരീഗാത്രക്കുലകള്‍ നിറഞ്ഞുനിന്ന രണ്ട് വലിയ തെങ്ങും കായ്ച്ചുതുടങ്ങിയൊരു ചെറുമാവും പ്ലാവും പേരറിയാത്തൊരു നെടിയ കാട്ടുമരവും കരിനൊച്ചിപ്പൊന്തയും പടര്‍ന്നുനില്‍ക്കുന്ന കണിക്കൊന്ന മരവുമെല്ലാം സര്‍ക്കാര്‍ അളന്നെടുത്ത അതിരിനുള്ളിലായി. ഒട്ടനവധി ചര്‍ച്ചകളും ആലോചനകളുമെല്ലാം നടന്നുവെങ്കിലും ഒടുവില്‍ എല്ലാം വിട്ടുകൊടുക്കേണ്ടിവന്നു. ചെറിയ മാവ് ഇളക്കിനടാമെന്നും കണിക്കൊന്നമരം തീര്‍ച്ചയായും വെട്ടാതെ പുതിയ റോഡിനരികില്‍ നിര്‍ത്തിക്കൊള്ളാമെന്നും ഒരിക്കലല്ല, പലവട്ടം അധികൃതര്‍ വാക്കുതന്നു. ഇതിനിടയില്‍ സുഗതകുമാരിക്കെതിരായ പോസ്റ്ററുകള്‍ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നതും പ്രസ്താവ്യമാണ്. ജെ.സി.ബി. വന്നു, തൊഴിലാളികള്‍ വന്നു, ആ നിറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി. ചെറിയ മാവ് പാടുപെട്ട് പിഴുതെടുത്ത് കവടിയാര്‍ റോഡരികില്‍ മാറ്റിനട്ടു. പേരറിയാമരവും നൊച്ചിപ്പൊന്തയും ചെറിയ പ്ലാവുമെല്ലാം വെട്ടിമാറ്റപ്പെട്ടു. ആ കൊല്ലമാണ് പ്ലാവ് കന്നികായ്ച്ചതെന്നും നിറയെ ചക്കയുണ്ടായതെന്നുംകൂടി ഞാനോര്‍ക്കുന്നു. കണിക്കൊന്നമരം ഞങ്ങളുടെ മുറ്റത്തിനുപുറത്തായി. മുന്‍വശത്തെ റോഡ് വികസിച്ചു, തണല്‍ വീശിനിന്ന കൊന്നമരം, അധികൃതര്‍ തന്ന വാക്കനുസരിച്ച് റോഡരികില്‍ത്തന്നെ നില്‍ക്കുന്നത് ഞാന്‍ ആശ്വാസത്തോടെ കണ്ടു. എല്ലാവര്‍ഷവും ആ പ്രദേശം മുഴുവന്‍ പൊന്‍ മഞ്ഞപ്പൂക്കള്‍ കാറ്റത്ത് വാരിവിതറുന്ന ആ വലിയ മരമെങ്കിലും രക്ഷപ്പെട്ടല്ലോ.
പക്ഷേ, അതിനുപിന്നാലെ ഓടവെട്ടല്‍ വന്നു. ആ വഴിയരികില്‍ മാറിനിന്ന മറ്റുപല മരങ്ങളെയും കൊന്നുവീഴ്ത്തിക്കൊണ്ട് ആ ഓടപ്പണി കൊന്നച്ചുവട്ടിലേക്ക് നീങ്ങുകയാണ്. ഞാന്‍ റോഡ് ഫണ്ട് അധികൃതരെ വീണ്ടും വീണ്ടും വിളിച്ച് അവരുടെ വാഗ്ദാനം ഓര്‍മിപ്പിച്ചു. ഒരല്പം മാറ്റി ഓട കുഴിച്ചിരുന്നെങ്കില്‍ എത്രയോ മരങ്ങള്‍ നിലനിര്‍ത്താമായിരുന്നെന്ന് ഞാന്‍ വാദിച്ചു. റോഡ് ഫണ്ട് മേധാവി വീണ്ടും പറഞ്ഞു ''ഞാന്‍ ടീച്ചര്‍ക്ക് വാക്കുതന്നതാണ്, ആ കൊന്നമരം വെട്ടുകയില്ല''. ഓട അല്പം മാറ്റിക്കുഴിച്ചെങ്കിലും കൊന്നമരത്തിന്റെ വലിയ വേരുകള്‍ പകുതിയോളം വെട്ടിമാറ്റിക്കഴിഞ്ഞിരുന്നു. വീണ്ടും സംശയങ്ങള്‍, ചര്‍ച്ചകള്‍. നാട്ടുകാരും സ്ഥലം കൗണ്‍സിലറും ഉദ്യോഗസ്ഥരുമായി വീണ്ടും വീണ്ടും ചര്‍ച്ചകള്‍, ''ഇല്ല, ആ മരം വെട്ടുകയില്ല'' വാഗ്ദാനങ്ങള്‍ വീണ്ടുമുണ്ടായി. ആര്‍ക്കും ആ കൊന്ന നില്‍ക്കുന്നതില്‍ താത്പര്യമില്ല. എതിര്‍പ്പുണ്ടുതാനും. എങ്കിലും എന്റെ നിര്‍ബന്ധംമൂലം അവര്‍ സമ്മതിക്കുകയായിരുന്നു.
കൊന്നമരം വാടിത്തുടങ്ങി. ഇലകളെല്ലാം പൊഴിഞ്ഞ് തളര്‍ന്നുനില്‍ക്കുന്ന ആ മരത്തെനോക്കി ഞാന്‍ ഏറെ വ്യസനിച്ചു. വേരുകള്‍ കുറേ മുറിഞ്ഞുപോയിട്ടും അത്തവണയും ആ ക്ഷീണിതയായ കൊന്ന പൂത്തു. പൂക്കള്‍ വാരിയണിഞ്ഞ് ചമഞ്ഞ ആ മരം കാറ്റത്ത് വീണുപോകാതെ തറകെട്ടി നിര്‍ത്തിത്തരാമെന്ന് വനംവകുപ്പുകാര്‍ എന്നെ ആശ്വസിപ്പിച്ചു.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ റോഡ് വികസിച്ചു, ഓടവെട്ട് നിര്‍ബാധം നടക്കുന്നു, കൊന്നമരം സുന്ദരിയായി പൂവിട്ടുനില്‍ക്കുന്നു.
പക്ഷേ, ഒരു തിങ്കളാഴ്ച രാവിലെ അത്താണിയില്‍നിന്ന് ഫോണ്‍ വന്നു, ''നമ്മുടെ കൊന്നമരം കാണാനില്ല!'' കാണാനില്ലേ? ആരുവെട്ടി? എന്തിനു വെട്ടി? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. വെട്ടിമുറിച്ച മരക്കുറ്റിയും ചിതറിയ ഇലകളും വാടിയ പൂക്കളും ബാക്കി. റോഡ് ഫണ്ട് ബോര്‍ഡുകാര്‍ പറഞ്ഞു ''ഞങ്ങള്‍ വെട്ടിയിട്ടില്ല, ടീച്ചര്‍ക്ക് ഞങ്ങള്‍ ഉറപ്പുതന്നതല്ലേ?'' കൗണ്‍സിലര്‍ കൈമലര്‍ത്തി ''ഞാനറിഞ്ഞിട്ടില്ല''. നാട്ടുകാര്‍ പരസ്പരം നോക്കി ''ഞങ്ങളാരുമല്ല''. ചോരയൊലിക്കുന്ന ആ മരച്ചുവട് തൊട്ടുതൊഴുത് മാപ്പുപറഞ്ഞ് ഞാന്‍ കയറിപ്പോന്നു. ഇനിയൊന്നും ചെയ്തിട്ട് ഫലമില്ല. എങ്കിലും ചില പരാതികള്‍ കൊടുത്തു. ഞാന്‍ വീണ്ടും തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളിയായി. ഇതേപ്പറ്റി മിണ്ടാതായി. കവടിയാര്‍ റോഡില്‍ പിഴുതുനട്ട ചെറുമാവും ആ നിലയില്‍ കരിഞ്ഞുണങ്ങി മരിച്ചു. അത്താണിമുറ്റത്ത് വെയിലും ചൂടും നിറഞ്ഞു.
അടുത്ത രണ്ടുവര്‍ഷത്തിലധികം അങ്ങനെ കടന്നുപോയി. വേനല്‍ക്കാലത്ത് മാങ്ങയില്ലാതെ, ചക്കയില്ലാതെ, ചുവന്ന തേങ്ങകളില്ലാതെ, കൊന്നപ്പൂക്കളില്ലാതെ ശൂന്യമായി. ഞങ്ങള്‍ മതിലിനുള്ളില്‍ നട്ടിരുന്ന കിളിപ്പഴം (ആശൃറ ഇവലൃൃ്യ) വളര്‍ന്നു പന്തലിച്ച് തണല്‍വീശിത്തുടങ്ങി. ഗേറ്റിനരികില്‍ ഇടതുവശത്തുള്ള പൊന്തച്ചെടികളും വേപ്പും നെടിയ ചെമ്പകമരവും ബാക്കിയുണ്ട്.
ഒരു ദിവസം പതിവുപോലെ ഞാന്‍ കയറിവന്നപ്പോള്‍ മുറ്റത്ത് കുറുകെ ഒരു നീണ്ട കമ്പില്‍ ഒരു കൊന്നപ്പൂങ്കുല തൂങ്ങിക്കിടക്കുന്നു, ഞാന്‍ ശ്രദ്ധിക്കാതെ അകത്തുകയറിപ്പോയി. കുട്ടികളാരോ കൊണ്ടുവന്ന് കെട്ടിത്തൂക്കിയതാണ്.
ഇത്തിരി ശുണ്ഠിയോടെ ഞാന്‍ ചോദിച്ചു: ''ആരാണീ പൂക്കള്‍ ഇവിടെ കൊണ്ടുവന്ന് കെട്ടിത്തൂക്കിയത്? വാടിപ്പോവില്ലേ? ഒരു പൂപ്പാത്രത്തില്‍ വെള്ളമൊഴിച്ച് വെക്കരുതോ?'' എന്ന ചോദ്യത്തിന് ചിരികിലുങ്ങുന്ന മറുപടികിട്ടി: ''ടീച്ചറമ്മാ, അത് കെട്ടിത്തൂക്കിയതല്ല, ആ കൊമ്പില്‍ പൂത്തതാണ്‍'' അമ്പരപ്പോടെ ഞാന്‍ ഇറങ്ങിച്ചെന്ന് നോക്കിയപ്പോള്‍ അതാ പൊന്തയ്ക്കിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്നു മെലിഞ്ഞ രണ്ടുമൂന്ന് കമ്പുകള്‍. ഒരു കണിക്കൊന്ന! ഞാന്‍ നട്ടതല്ല. ആരും നട്ടതല്ല! ആ കൊല്ലപ്പെട്ട കൊന്നമരം ഭൂമിക്കടിയിലൂടെ വേരുകള്‍ നീട്ടി ഞങ്ങള്‍ക്കരികില്‍വന്ന് ഉയിര്‍ത്തെണീറ്റതാണ്‍ തൈ വെച്ചതാണെങ്കില്‍ ഇത്ര പെട്ടെന്ന് പൂക്കുകയില്ലല്ലോ. അടിവേരില്‍നിന്ന് പൊട്ടിമുളച്ചതാണ്. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ കണ്ടുനിന്നു. ആ മെലിഞ്ഞ കമ്പുകളെല്ലാം മൊട്ടിട്ടിരിക്കുന്നു! വെട്ടിമാറ്റപ്പെട്ട ആ കൊന്നമരത്തെ അത്രമേല്‍ എനിക്കിഷ്ടമായിരുന്നെന്ന് അവള്‍ക്കറിയാമായിരുന്നുവല്ലേ? അല്ലെങ്കില്‍ എങ്ങനെ മണ്ണിനടിയിലൂടെ ഒളിച്ചുനീങ്ങി എന്റെയടുത്തേക്ക് പിന്നെയും വന്നു? സ്‌നേഹസാന്ത്വനമായി പിന്നെയും വന്ന് ചിരിച്ച് പൊന്‍വിളങ്ങിനിന്നു?
Article Credits,Mathrubhumi daily

No comments:

Post a Comment