Saturday, January 7, 2017

നോട്ട് റദ്ദാക്കല്‍ ധീരമായ നടപടി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ പ്രാപ്തം

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചരിത്രത്തിലെ ധീരമായ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക പ്രമേയം. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവക്കുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു. 107 കോടി മൊബൈല്‍ കണക്ഷനുകളും 147 കോടി അക്കൗണ്ടുകളും 75 കോടിയിലേറെ ഡബിറ്റ് കാര്‍ഡുകളുമുള്ള ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമെന്നും പ്രമേയം വിവരിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നികുതി ചോര്‍ച്ച തടയും.
ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിയിട്ടുണ്ട്. ഇത് വായ്പാ ശേഷി കൂട്ടും. പലിശ കുറക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൂടുതല്‍ വരുമാനം ലഭിക്കും. മൊത്ത ആഭ്യന്തര വരുമാനം വര്‍ദ്ധിക്കും. ഭാവിയില്‍ ജിഎസ്ടി നടപ്പാക്കാന്‍ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ തകരേണ്ടതുണ്ട്. പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കിയതിന് ശേഷം വലിയ സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചെന്ന് ധനമന്ത്രി വിവരിച്ചതായി പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കാര്യക്ഷമമായ ഭരണമാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. നടപടികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം സര്‍ക്കാരിനെ അഭിനന്ദിച്ചു.
നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ പ്രമേയം വിമര്‍ശിച്ചു. ജനങ്ങള്‍ ത്യാഗം സഹിച്ച് തീരുമാനത്തെ പിന്തുണച്ചപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ജനങ്ങള്‍ ശുഭപ്രതീക്ഷയിലായിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമായിരുന്നു.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. മികച്ച രീതിയില്‍ നടപ്പാക്കാനും സാധിച്ചു. അധികാരത്തിലെത്തുന്നതിന് നല്‍കിയ വാഗദ്ാനങ്ങളില്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് തെളിഞ്ഞു. കള്ളപ്പണത്തിനെതിരായ ആദ്യത്തേയോ അവസാനത്തേയോ നടപടിയല്ല നോട്ട് റദ്ദാക്കല്‍. പ്രത്യേക അന്വേഷണ സംഘം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി, ബിനാമി നിയമം തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

പാര്‍ട്ടി ഫണ്ടിന് സുതാര്യത വേണം: മോദി

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവിധാനം കൂടുതല്‍ സുതാര്യമാക്കണം. ”സുതാര്യത രാജ്യത്തിന്റെ സംസ്‌കാരമായി സ്വീകരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. സംഭാവനകളിലും സാമ്പത്തിക സമാഹരണത്തിലും സുതാര്യത വേണം. ബിജെപി ഇതില്‍ പ്രധാന പങ്കുവഹിക്കും”. ദല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള മുദ്രാവാക്യമല്ല. അവരെ സേവിക്കുന്നതിനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ദരിദ്രരെ നോക്കിക്കാണുന്നത്. നോട്ട് റദ്ദാക്കല്‍ നടപ്പാക്കാന്‍ സാധിച്ചത് ത്യാഗം സഹിച്ച പാവപ്പെട്ടവരുടെ ശക്തി കൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിന് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. യോഗ്യതയുള്ളവരാണ് മത്സരിക്കേണ്ടത്. യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മിന്നലാക്രമണവും നോട്ട് റദ്ദാക്കലും മുഖ്യവിഷയമാക്കിയാകും ബിജെപി പ്രചാരണത്തിനിറങ്ങുക.
നോട്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുമ്പോള്‍ അതേ വിഷയത്തിലെ നേട്ടം ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വെല്ലുവിളി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.
News Credits,Janamtv,Janmabhumi Daily

No comments:

Post a Comment