Thursday, January 12, 2017

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

No comments:

Post a Comment