Thursday, December 8, 2016

നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ ഐസക്കിന്റെ ഒത്താശ വേണ്ട

ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ബോധവത്കരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കര്‍ഷകന്‍ ദിവാകരന്‍ നായര്‍ കടയില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: നോട്ടുരഹിത കേരളം സൃഷ്ടിക്കാന്‍ തോമസ്‌ഐസക്കിന്റെ ഒത്താശ വേണ്ടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തിരുവന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന നോട്ടുരഹിത സമൂഹം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഡിജിറ്റല്‍ തിരുവനന്തപുരം’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട അറുപഴഞ്ചന്‍ സാമൂഹ്യവ്യവസ്ഥയുടെ വക്താക്കളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. പണ്ട് കമ്പ്യൂട്ടറിനെതിരെയും കൊയ്ത് യന്ത്രങ്ങള്‍ക്കെതിരെയും സമരം ചെയ്തു. ഇന്ന് ഡിജിറ്റല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പ്രശ്‌നമാണ് കേരളത്തില്‍ ധനമന്ത്രി സൃഷ്ടിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കേണ്ട വയോധികരില്‍പ്പോലും അനാവശ്യ ആശങ്കകള്‍ പരത്തി ഒന്നാംതീയതി തന്നെ ട്രഷറികളിലെത്തിച്ചു. തോമസ് ഐസക്കിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തമിഴ്‌നാട് ധനമനത്രി ഒ. പനീര്‍സെല്‍വം ഒന്നാംതീയതി തന്നെ പെന്‍ഷനും ശമ്പളവും അക്കൗണ്ടുകളില്‍ എത്തിച്ചു.
പാവപ്പെട്ടവന് റേഷന്‍പോലും ലഭ്യമാക്കാനാകാത്ത ഇടത് സര്‍ക്കാരാണ് സാമ്പത്തിക സുസ്ഥിര ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയെ എതിര്‍ക്കുന്നത്. റേഷന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയെയും നശിപ്പിക്കുകയാണ്. കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കരിഞ്ചന്തക്കാര്‍ക്കും ചൂഷകര്‍ക്കുമാണ്.
വൗച്ചറെഴുതി അധികംതുക കൈപ്പറ്റി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ബുദ്ധിമുട്ടുണ്ടാക്കും. കയ്യൂരിലും കരിവള്ളൂരിലും ജീവന്‍ബലിയര്‍പ്പിച്ചവര്‍ ആഗ്രഹിച്ച സാമ്പത്തിക സുസ്ഥിരവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും ഇനികേരളത്തില്‍ നടക്കേണ്ടത് സാമ്പത്തിക വിമോചന സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകനായ ദിവാകരന്‍ നായര്‍ക്ക് ആദ്യ ഡബിറ്റ് കാര്‍ഡ് നല്‍കി ‘ഡിജിറ്റല്‍ തിരുവനന്തപുര’ത്തിന് തുടക്കം കുറിച്ചു. ദിവാകരന്‍നായര്‍ സമീപത്തെ കടയില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടകളില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, സംസ്ഥാന കമ്മറ്റി അംഗം എം.ആര്‍.ഗോപന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ആശാനാഥ്, മഞ്ജു, സിമി ജ്യോതിഷ്, അഡ്വ.ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Credits, സ്വന്തം ലേഖകന്‍,ജന്മഭൂമി: December 8, 2016

No comments:

Post a Comment