Thursday, December 29, 2016

പതഞ്ജലി രാജ്യത്തിന്റെ ബ്രാന്‍ഡ്

ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു
ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെയാണ് ഭാരതത്തില്‍ ബ്രിട്ടീഷ് അധിനിവേശം ആരംഭിച്ചത്. വ്യാപാരത്തിനെത്തിയ അവര്‍ രാജ്യത്തെ ചൂഷണം ചെയ്ത് സമ്പത്ത് കടത്തി. പതിറ്റാണ്ടുകളോളം ഇന്ത്യയെ ബ്രിട്ടന്‍ കോളനിയാക്കി ഭരിച്ചു. കോളനിവത്കരണത്തിന്റെ അപകടം ഇന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രാജ്യത്തിന് പുറത്തുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാണ്. അവര്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം നേടുന്നു.
ഇതുകൊണ്ട് രാജ്യത്തിന് എന്തുപ്രയോജനം? ദേശത്തിന്റെ പണം ദേശത്തിന് എന്നാണ് പതഞ്ജലിയുടെ മന്ത്രം. വിദേശ കുത്തക കമ്പനികളെ പുറന്തള്ളാനുള്ള സ്വദേശി മുന്നേറ്റമാണ് പതഞ്ജലി”. യോഗാ ഗുരു ബാബ രാംദേവിന്റെ വാക്കുകളിലെ ഈ നിശ്ചയദാര്‍ഢ്യമാണ് പതഞ്ജലിയെ ഉയരത്തിലെത്തിച്ചത്. വിപണി കീഴടക്കിയ വിദേശ കുത്തകകളോട് നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കൈമുതലായുണ്ടായത് വായ്പയെടുത്ത പണവും സ്വദേശത്തോടുള്ള ഭക്തിയും. ഇന്ത്യന്‍ വിപണിയെ കറവപ്പശുവാക്കിയ അഞ്ചോളം വിദേശ കമ്പനികളെ പതഞ്ജലിയുടെ കുതിപ്പ് കാര്യമായി ബാധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
”ഏതെങ്കിലും വ്യക്തിയുടേതല്ല, രാജ്യത്തിന്റെ ബ്രാന്‍ഡാണ് പതഞ്ജലി. രാജ്യത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാഭം ചെലവഴിക്കുന്നത്. എഴുപത് ശതമാനം വിദ്യാഭ്യാസത്തിനും ഇരുപത് ശതമാനം യോഗ, ആയുര്‍വ്വേദം, പശുസംരക്ഷണം എന്നിവക്കും 10 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു”. രാംദേവ് വിശദീകരിച്ചു.
സ്വദേശി മുന്നേറ്റം

2006 ജനുവരി 13നാണ് രാംദേവും ആചാര്യ ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വ്വേദ ലിമിറ്റഡ് സ്ഥാപിച്ചത്. പുണ്യനഗരിയായ ഹരിദ്വാറില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ദല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ നൂറ്റമ്പത് ഏക്കറില്‍ പതഞ്ജലി യോഗ്പീഠ് വ്യാപിച്ചു കിടക്കുന്നു. യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വ്വേദ ചികിത്സകള്‍ക്കും ഗവേഷണത്തിനുമായി ആയുര്‍വ്വേദ കോളേജ്, പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിവയാണ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സുരക്ഷാ വലയത്തിലുള്ള ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്.
പതുക്കെയാണ് പതഞ്ജലി തുടങ്ങിയത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ശരവേഗത്തില്‍ കുതിച്ച പതഞ്ജലി ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന എഫ്എംസിജി കമ്പനിയാണ്. ബഹുരാഷ്ട്ര കമ്പനികളുടെ ബുദ്ധികേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ച് നൂറ് മുതല്‍ നൂറ്റമ്പത് ശതമാനം വരെയാണ് ഓരോ വര്‍ഷവും പതഞ്ജലി വളര്‍ന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2006 കോടിയായിരുന്നു വിറ്റുവരവെങ്കില്‍ 2015-16ല്‍ അയ്യായിരം കോടിയായി വര്‍ദ്ധിച്ചു. ഇവിടെ അവസാനിക്കുന്നതല്ല പതഞ്ജലിയുടെ സ്വപ്‌നങ്ങള്‍. പതിനായിരം കോടിയുടെ വിറ്റുവരവാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ ശുഭസൂചനയാണ്. അതിശയിപ്പിക്കുന്ന വേഗത്തിലുള്ള പതഞ്ജലിയുടെ വളര്‍ച്ച സ്വദേശി മുന്നേറ്റത്തിലെ നിശബ്ദ വിപ്ലവമാണ് അടയാളപ്പെടുത്തുന്നത്.
”2020ല്‍ ഒരു ലക്ഷം കോടിയുടെ ഉത്പാദനമാണ് ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം അമ്പതിനായിരം കോടിയിലെത്തിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ലോകവ്യാപകമാക്കും. ടെക്‌സ്റ്റൈല്‍ മേഖലയിലേക്കാണ് അടുത്തതായി ചുവടുവെക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പുറമെ ജീന്‍സും പുറത്തിറക്കും. ആരോഗ്യത്തിന് ഹാനികരമോ അധാര്‍മ്മികമോ ആയ ഉത്പന്നങ്ങള്‍ പതഞ്ജലി പുറത്തിറക്കില്ല. പ്രതിവര്‍ഷം 25 ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിയിലെ ഇറക്കുമതി. ഇതിന് പുറമെ, 25 ലക്ഷം കോടി വിദേശ കമ്പനികള്‍ കടത്തുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നതില്‍ നിന്ന് നമ്മള്‍ മോചിതരാകണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. അഞ്ച് കോടി കര്‍ഷകര്‍ക്ക് പരോക്ഷമായി നേട്ടമുണ്ടാകും. ടെക്‌സ്‌റ്റൈല്‍ രംഗത്തേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ക്കും സംരംഭകര്‍ക്കും നേട്ടമുണ്ടാകും”. രാംദേവ് പറഞ്ഞു.
ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി നാനൂറ്റി അമ്പതിലേറെ ഉത്പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്നത്. ഹരിദ്വാറിലെ ആസ്ഥാനത്തിന് പുറമെ അമ്പതോളം നിര്‍മാണ യൂണിറ്റുകള്‍ രാജ്യത്തുണ്ട്. വന്‍തോതില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അസം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളില്‍ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടു. അടുത്ത വര്‍ഷത്തോടെ ഉത്പാദനം ആരംഭിക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 455 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 1666 കോടിയാണ് നിക്ഷേപം.
എണ്ണായിരം യുവാക്കള്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് തറക്കല്ലിട്ടത്. അസമിലെ തേജ്പൂരില്‍ 1200 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ നാഗ്പൂരിലും മധ്യപ്രദേശില്‍ ഇന്‍ഡോറിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും ഉടന്‍ തറക്കല്ലിടും. അടുത്ത സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ ഫുഡ് പാര്‍ക്കോ ഭക്ഷ്യസംസ്‌കരണ യൂണിറ്റോ സ്ഥാപിക്കും. നേപ്പാളില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
”ഫുഡ് പാര്‍ക്കിലേക്ക് വലിയ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കും. തുളസി, അശ്വഗന്ധി തുടങ്ങി ഔഷധ ചെടികള്‍ വളര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വായ്പ നല്‍കും. പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പ്രദേശത്തെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കും”. രാംദേവ് ചൂണ്ടിക്കാട്ടി.
യോഗ് പ്രചാര്‍ പദ്ധതി

ഭാരതത്തിന്റെ പൈതൃക സമ്പത്തായ യോഗയും ആയുര്‍വ്വേദവും എല്ലാവരിലും എത്തിക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് ഹരിദ്വാറിലെ ആസ്ഥനത്തേത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന യോഗ് ഗ്രാമം. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പരമ്പരാഗത ചികിത്സകള്‍ക്ക് പുറമെ ഗവേഷണത്തിനും നേതൃത്വം നല്‍കുന്നു. വേദപഠനത്തോട് കൂടിയ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി ആചാര്യകുലം 2013ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഴിമതി തടയാനും യോഗാ പ്രചാരണത്തിനുമായി 2009ല്‍ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് രൂപീകരിച്ചു. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനമുണ്ട്.
അഞ്ച് വിഭാഗങ്ങളിലൂടെയാണ് പ്രധാനമായും പതഞ്ജലിയുടെ യോഗാ പ്രവര്‍ത്തനങ്ങള്‍. പതഞ്ജലി യോഗ് സമിതി, മഹിളാ പതഞ്ജലി യോഗ് സമിതി, ഭാരത് സ്വാഭിമാന്‍, യുവഭാരത്, പതഞ്ജലി കിസാന്‍ സേവാ സമിതി എന്നിവ രാജ്യമെമ്പാടും യോഗയുടെ സന്ദേശമെത്തിക്കുന്നു. യോഗ യുവതലമുറയിലേക്ക് പകരാന്‍ യോഗ് പ്രചാരക് എന്ന പുതിയ പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. യോഗ പ്രചാരണത്തിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കി മാസശമ്പളത്തില്‍ നിയമിക്കുന്നതാണ് പദ്ധതി. ഇതില്‍ കേരളത്തിലെ നൂറ് യുവാക്കളെ തിരഞ്ഞെടുക്കും. 21,000 രൂപ വരെ ശമ്പളം നല്‍കും. പതഞ്ജലിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി അതാത് സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തനത്തിന് നിയോഗിക്കുക. യോഗയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായവും നല്‍കും.
യോഗയില്‍ മതമോ രാഷ്ട്രീയമോ കലര്‍ത്തേണ്ടെന്ന് രാംദേവ് പറയുന്നു. ”ശാസ്ത്രീയവും സാര്‍വ്വത്രികവും മതേതരവുമായ പരിശീലനമാണ് യോഗ. ജാതിയോ മതമോ ആചാരമോ ഇല്ല. എല്ലാത്തരം അതിരുകളെയും ഭേദിക്കുന്ന ജീവിതരീതിയാണിത്. നമ്മെത്തന്നെ മാറ്റിയെടുക്കാനുള്ള ആരോഗ്യകരമായ പദ്ധതി. യോഗയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരാണ്. ഇത്തരം വീക്ഷണങ്ങളിലൂടെ വിലയിരുത്തിയാല്‍ അലോപ്പതി, യുനാനി തുടങ്ങിയ ചികിത്സാ രീതികള്‍ക്കും അതിരുകളുണ്ടാകും. ആയുര്‍വ്വേദം ഋഷിമാരുടേതെന്നതിനാല്‍ ഉപയോഗിക്കില്ലെന്ന് ആരെങ്കിലും പറയുമോ. അലോപ്പതി പാശ്ചാത്യമായതിനാല്‍ വേണ്ടെന്ന് വയ്ക്കാനാകുമോ?. വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വളരെ വൈകിയെങ്കിലും യോഗയുടെ പ്രസക്തി ലോകം തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിലൂടെ യോഗക്കൊപ്പം ഭാരതത്തെയും ലോകം അംഗീകരിക്കുകയാണ്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് പതഞ്ജലി”.
യുപിഎ ഭരണകാലത്ത് അഴിമതിക്കെതിരായ ജനമുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു രാംദേവിന്റെ ഇടപെടല്‍. രാജ്യതലസ്ഥാനത്ത് രാംദേവ് നേതൃത്വം നല്‍കിയ സമരം തകര്‍ക്കാന്‍ അര്‍ദ്ധരാത്രിയിലുണ്ടായ പോലീസ് അതിക്രമം വിവാദമായി. അഴിമതിരഹിത ഭരണത്തിന് വേണ്ടിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പിന്തുണച്ചത്. സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും മോദിക്കുള്ള പിന്തുണയില്‍ മാറ്റമില്ല. അഴിമതി ഇല്ലാതാക്കി എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് രാംദേവ് പറയുന്നു. ”വോട്ട് ബാങ്ക് രൂപീകരിക്കുന്ന പതിവ് രാഷ്ട്രീയക്കാരനല്ല മോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാഷ്ട്രപുനര്‍ നിര്‍മാണത്തിന് വേണ്ടിയാണ്. ഇതിന് നിരവധി പദ്ധതികള്‍ നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡവലപ്‌മെന്റ് തുടങ്ങിയ സ്വപ്‌ന പദ്ധതികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ്.
കള്ളപ്പണത്തിനെതിരായ ശക്തമായ നടപടിയാണ് നോട്ട് റദ്ദാക്കല്‍. ഭീകരരുടെയും മാവോയിസ്റ്റുകളുടെയും സാമ്പത്തിക ഭദ്രത തകര്‍ന്നു. താത്കാലികമായുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ രാജ്യത്തിന് നേട്ടമാകും. കള്ളപ്പണം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം. കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കും. എല്ലാ പതഞ്ജലി സ്റ്റോറുകളിലും ഇടപാടുകള്‍ ഡിജിറ്റലാക്കും. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യവും വേണം. അതിലേക്കുള്ള പ്രയാണത്തിലാണ് പതഞ്ജലി. ലോകോത്തര നിലവാരം, വിലക്കുറവ്, നൂറ് ശതമാനം ലാഭവും സേവനത്തിന് എന്നിവയാണ് പതഞ്ജലിയുടെ തത്വങ്ങള്‍. ഞാന്‍ പതഞ്ജലിയുടെ ബ്രാന്റ് അംബാസഡര്‍ മാത്രമാണ്. ആചാര്യ ബാലകൃഷ്ണയാണ് എംഡി. ശമ്പളം വാങ്ങാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ഭാരതീയരോടും ഒരു അപേക്ഷയുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബഹിഷ്‌കരിച്ചത് പോലെ വിദേശ കുത്തകകളെയും നമ്മള്‍ ബഹിഷ്‌കരിക്കണം”. രാംദേവ് നയം വ്യക്തമാക്കി.
Article Credits,ജന്മഭൂമി കെ. സുജിത്‌ December 25, 2016

No comments:

Post a Comment