Wednesday, December 7, 2016

ധര്‍മ്മപുരാണം റീലോഡഡ്‌ - സമകാലികരാഷ്ട്രീയം

ഉച്ചവാദി കളുടെയും വാമാചാരികളുടെയും സര്‍വ്വ പ്രതീക്ഷകളും തെറ്റിച്ച് തെരുവില്‍ നിന്നും അയാള്‍ ഭരണാധിപതിയായി ഉയര്‍ന്നു. അവര്‍ വഴിയോരങ്ങളില്‍ അയാളെ പുലഭ്യം പറയുകയും കുളിയറകളില്‍ അടച്ചിരുന്നു വിങ്ങിപ്പൊട്ടുകയും ചെയ്തു.
അയാളാവട്ടെ ചാര്‍ത്തിക്കിട്ടിയ പ്രജാപതി പട്ടം നെഞ്ചോടു ചേര്‍ത്ത് രാവുകളെ പകലുകളാക്കി പണിയെടുത്തു.
പ്രതീക്ഷകളുടെ സര്‍വ്വ തലങ്ങളും അകന്നു പോകുന്നത് കണ്ട് വാമചാരികള്‍ അയാളുടെ നടപ്പിലും ഇരുപ്പിലും വസ്ത്രങ്ങളിലും കുറ്റം ചികഞ്ഞു. ഇല്ലാത്ത കുറ്റങ്ങള്‍ ഓലകളില്‍ പകര്‍ത്തി അവര്‍ വിതരണം ചെയ്തു.പക്ഷെ സാധാരണ ജനങ്ങള്‍ അയാളില്‍ അവരുടെ പ്രതിരൂപം കണ്ടു.
ഖജനാവിന്‍റെ മേല്‍നോട്ടക്കാരായും പുസ്തകപ്പുരയുടെ നടത്തിപ്പുകാരായും ചീര്‍ത്തു വീര്‍ത്ത വാമചാരികളെ അയാള്‍ തെരുവിലേക്കിറക്കിവിട്ടു. അവര്‍ കയ്യടക്കി വച്ചിരുന്ന കൊട്ടാരക്കെട്ടുകള്‍ ഒഴിഞ്ഞു പോകാന്‍ അയാള്‍ ഉത്തരവിറക്കി. അതോരപരാധമായിരുന്നു. അവര്‍ അയാളെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞു. അയാളുടെ അസഹിഷ്ണുതക്കെതിരെ അവര്‍ ഒന്നിച്ചു. സ്തുതി പാടിയും കാല്‍ നക്കിയും മുന്‍കാലങ്ങളില്‍ കയ്യില്‍ വന്ന പട്ടും വളയും അവര്‍ തെരുവുകളില്‍ വലിച്ചെറിയുകയും പണക്കിഴി കയ്യില്‍ സൂക്ഷിക്കുകയും ചെയ്ത് സ്വയം നിര്‍വൃതിയടഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക് അയാളിലുള്ള വിശ്വാസം തകര്‍ക്കാന്‍ അതും പര്യാപ്തമായില്ല.
നികുതിയടക്കാത്ത പണക്കിഴികള്‍ കൊണ്ടും അയല്‍ രാജ്യത്ത് നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ കൊണ്ടും വീര്‍ത്ത ഭണ്ഡാരങ്ങള്‍ അയാള്‍ കുത്തിപ്പോളിച്ചതോടെ ഉച്ചവാദികള്‍ ഭയന്നു. തങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ പൊളിച്ച പ്രജാപതിയോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. ഭണ്ഡാരത്തിലെ പണക്കിഴികള്‍ക്കൊപ്പം അടക്കം ചെയ്യപ്പെട്ടിരുന്ന വാമചാരികളുടെ പോയ കാലത്തിന്‍റെ ചെയ്തികളുടെ ദുര്‍ഗന്ധവും രാജ്യമെങ്ങും പരന്നു.അവര്‍ പ്രജാപതിയുടെ കീഴ്ശ്വാസങ്ങളുടെ കണക്കെടുത്ത് ദുര്‍ഗന്ധത്തെ അതില്‍ കൂട്ടിക്കെട്ടി.ഉച്ചവാദികള്‍ പണക്കിഴി കൊടുത്ത് വാമാചാരികളെ നാടുകള്‍ തോറും അയച്ചു. തങ്ങളുടെ അമേദ്യം അവര്‍ തെരുവുകളില്‍ വലിച്ചെറിഞ്ഞു. നാറ്റം രാജ്യമെങ്ങും പരന്നു. കാശു വാങ്ങിയ വാമാചാരികളും പാണന്മാരും പ്രജാപതിയുടെ കീഴ്ശ്വാസത്തിലെ കണികകളുടെ അളവിനെ പറ്റി അന്തിച്ചര്‍ച്ച നടത്തി തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചു. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി.
പക്ഷെ പ്രജാപതി കുലുങ്ങിയില്ല. അയാള്‍ തടിച്ചു വീര്‍ത്ത ഭണ്ഡാരക്കെട്ടുകള്‍ തകര്‍ക്കുകയും അതില്‍ അടക്കം ചെയ്തിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് തെരുവുകള്‍ പണിയുകയും ഗ്രാമങ്ങളില്‍ പാര്‍പ്പിടങ്ങളും തൊഴില്‍ ശാലകളും തുറക്കുകയും ചെയ്തു. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരായി. ഇരുളിന്‍റെ മറവില്‍ തെരുവുകളില്‍ വീണ്ടും വിസര്‍ജനം വലിച്ചെറിയാന്‍ വന്നവരേയും ചെമ്പ് നാണയങ്ങളില്‍ സ്വര്‍ണ്ണം പൂശി വിതരണം ചെയ്യാന്‍ വന്നവരേയും അവര്‍ പിടിച്ചു കെട്ടി പ്രജാപതിക്ക്‌ മുന്നില്‍ നിര്‍ത്തി. സ്വര്‍ണ്ണം പൂശിയ ചെമ്പ് നാണയങ്ങള്‍ ഉരുക്കി അയാള്‍ കയ്യാമങ്ങള്‍ തീര്‍ത്ത് അവരെ അണിയിച്ചു. അതിനു ശേഷം അയാള്‍ പഴയ പോലെ രാവുകളെ പകലുകളാക്കി പണിയെടുത്തു. അപ്പോഴും പ്രജാപതിയുടെ കീഴ്ശ്വാസത്തിന്‍റെ കണക്കെടുത്തിരുന്ന വാമചാരികളെ ശ്രദ്ധിക്കാതെ അയാളും ജനങ്ങളും മുന്നോട്ടു പോയി. അവര്‍ ഒരുമിച്ചു ചേര്‍ന്ന് പുതിയ ഒരു ധര്‍മ്മപുരാണം രചിച്ചു.
*വാമചാരികള്‍: ഇടതു മാര്‍ഗത്തില്‍ ചരിക്കുന്നവര്‍
*ഉച്ച വാദികള്‍ : എലീറ്റിസ്റ്റുകള്‍
Credits Facebook Friends post

No comments:

Post a Comment