Tuesday, January 7, 2014

'തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല'

കാലം മാറുന്നതനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ എല്ലാം മാറേണ്ടിയിരിക്കുന്നു. സമരത്തിന്റെ കാര്യത്തിലായാലും മുദ്രാവാക്യത്തിന്റെ കാര്യത്തിലായാലും ഈ മാറ്റം അനിവാര്യമാണ്‌. ലോക ജനതയും ഇന്ത്യന്‍ ജനതയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. സമൂഹത്തില്‍ സാധാരണക്കാരെ പീഡിപ്പിച്ചുകൊണ്ടും അവര്‍ക്ക്‌് ക്ലേശങ്ങള്‍ മാത്രം സൃഷ്‌ടിച്ചുകൊണ്ടും നടത്തുന്ന ഒരു രാഷ്‌ട്രീയ സമരത്തിനു ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം. കാരണം അങ്ങനെയുള്ള സമരങ്ങള്‍ ജനങ്ങളില്‍ അറപ്പും വെറുപ്പും മാത്രമേ സൃഷ്‌ടിക്കാന്‍ കാരണമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം സമരങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. അത്‌ കേരളത്തില്‍ ഈയിടെ സംശയലേശമന്യേ തെളിയിക്കപ്പെട്ടു. സോളാര്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ആറുമാസമാണ്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി പ്രക്ഷോഭം നടത്തിയത്‌. ആറുമാസത്തിനു ശേഷം പ്രക്ഷോഭം ഒരു ന്യായീകരണവുമില്ലാതെ സി.പി.എം. നേതൃത്വം പിന്‍വലിക്കുകയും ചെയ്‌തു. അതിനു മുഖ്യമായ ഒരു കാരണം സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളില്‍ ചിലതു തന്നെയും അപഹാസ്യമാണ്‌ സോളാര്‍ സമരം എന്ന്‌ തുറന്നു പറഞ്ഞതാണ്‌. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ ആദ്യ വാരത്തിലാണ്‌ സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം സമരമാരംഭിച്ചത്‌. ഈ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതിന്റെ പശ്‌ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്‌. ബഹളവും വാക്കൗട്ടും കാരണം സഭയ്‌ക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സഭ ബഹിഷ്‌കരിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ എല്ലാ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച്‌ പ്രതിദിന അലവന്‍സ്‌ വാങ്ങിയെന്നതു മറ്റൊരു കാര്യം. നിയമസഭയ്‌ക്കു പ്രവര്‍ത്തിക്കാനാവാതെ വന്നതുമൂലം സഭാ സമ്മേളനം ചുരുക്കി നേരത്തെ പിരിഞ്ഞു. ജൂലൈ 22-നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മറ്റു പ്രമുഖ നേതാക്കളും സെക്രട്ടേറിയറ്റ്‌ നടയില്‍ രാപകല്‍ സമരമാരംഭിച്ചു. അടുത്ത ദിവസം മുതല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ രാപകല്‍ സമരം ഏറ്റെടുക്കുകയും ചെയ്‌തു.ഓഗസ്‌റ്റ് മാസമായപ്പോള്‍ പ്രക്ഷോഭരീതി മാറി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ അനിശ്‌ചിത കാലത്തേക്കു തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുന്ന വന്‍ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ രണ്ടു ദിവസം തികയുന്നതിനു മുമ്പ്‌ സമരക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ നാടകീയമായി ആ പ്രക്ഷോഭം പിന്‍വലിച്ചു. രാജി ഇല്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു എന്നതിന്റെ പേരിലാണ്‌ സമരം പിന്‍വലിച്ചതെന്ന്‌ സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചു. പക്ഷെ പ്രഖ്യാപനം അനുസരിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ഹൈക്കോടതി ജഡ്‌ജിമാരെ കിട്ടിയില്ല. ജഡ്‌ജിമാര്‍ക്കു വേറെ ജോലികളുള്ളതുകൊണ്ട്‌ രാഷ്‌ട്രീയ തര്‍ക്ക പ്രശ്‌നങ്ങള്‍ക്കായി അവരെ വിനിയോഗിക്കാന്‍ സമയമില്ല എന്നതാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണം. പക്ഷെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.എം. പ്രവര്‍ത്തകരും മുന്നണി ഘടകകക്ഷികളും സമരം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു സമരരീതി. അതിനു പുറമെ ജില്ലകള്‍ തോറുമുള്ള സത്യഗ്രഹവും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തലും കരിങ്കൊടി വീശലുമായി സമരം തുടര്‍ന്നു. പിന്നീടാണ്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌ ഉപരോധിക്കുന്ന സമരപരിപാടി പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം. ഒന്നരമാസം മുമ്പ്‌ പ്രതിരോധ സമര തീയതി പ്രഖ്യാപിച്ചു. കാരണം ആവശ്യം മുഖ്യമന്ത്രിയുടെ രാജിയും. ഉമ്മന്‍ചാണ്ടിയുടെ രാജിയാണ്‌ ആവശ്യമെങ്കില്‍ എന്തിന്‌ അദ്ദേഹത്തിന്‌ ഒന്നരമാസത്തെ കാലയളവു നല്‍കണം. ഒന്നരമാസം മുഖ്യമന്ത്രി പദത്തിലിരുന്ന്‌ എന്തു ദുര്‍ഭരണവും എന്ത്‌ അഴിമതിയും നടത്തിക്കോട്ടെ എന്ന്‌ സി.പി.എം. ഔദാര്യമായിരുന്നോ അത്‌? ആര്‍ക്കറിയാം. അങ്ങനെ ആരംഭിച്ച ഔദ്യോഗിക വസതി വളഞ്ഞുവയ്‌ക്കല്‍ സമരമല്ലേ പൊളിഞ്ഞു പാളീസായത്‌? ഈ സമരം മൂലം ഒരു മണിക്കൂര്‍ പോലും ഉമ്മന്‍ചാണ്ടിയെ ഔദ്യോഗിക വസതിയില്‍ വളഞ്ഞുവയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ വഴിപാടു സമരത്തിനായി സമരസഖാക്കള്‍ ക്ലിഫ്‌ ഹൗസില്‍ എത്തുന്നതിനു മുമ്പ്‌ മുഖ്യമന്ത്രി തന്റെ ജോലികള്‍ക്കായി സെക്രട്ടേറിയറ്റിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി മറ്റു ജില്ലകളിലേക്കും മറ്റു ചില ദിസങ്ങളില്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്കും പോയി. ഒരു സമരത്തെ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ക്കുന്നത്‌ സമരം ചെയ്യുന്നവര്‍ക്ക്‌ അല്‌പമെങ്കിലും അന്തസുണ്ടാക്കിയേനെ. പക്ഷേ വലിയ വിളംബരത്തോടെ തുടങ്ങിയ സമരത്തെ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അവജ്‌ഞയോടും പുച്‌ഛത്തോടും കൂടി അവഗണിച്ചു എന്നതിനേക്കാള്‍ വലിയ അപമാനം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ കേരളത്തിന്റെ ചരിത്രത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? ഈ വഴിപാടു സമരത്തിനിടയില്‍ എത്രയെത്ര അപഹാസ്യകരമായ രംഗങ്ങളുണ്ടായി. ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിന്‌ സി.പി.എം. നേതൃത്വം ഒരു ദിവസത്തെ അവധി നല്‍കി. കാരണം തിരുവിതാംകൂറിലെ ഇളയ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ നിര്യാതനായതാണ്‌. ഇന്ത്യയിലെ രാജഭരണങ്ങള്‍ അവസാനിക്കുകയും ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടി ജനങ്ങളുടെ കൈയില്‍ അധികാരമെത്തുകയും ചെയ്‌തിട്ട്‌ അറുപത്തിയാറു വര്‍ഷമായി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ അനന്തരാവകാശിയുടെ മുമ്പില്‍ പോലും തൊഴുതു വഴങ്ങി നില്‍ക്കുന്നവരാണ്‌ വര്‍ത്തമാന കേരളത്തിലെ സി.പി.എം. നേതാക്കള്‍ എന്നവര്‍ തെളിയിച്ചു. ഇനി എത്ര തലമുറ വരെ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഈ രാജഭക്‌തിയുണ്ടാകുമെന്ന്‌ ആര്‍ക്കറിയാം? റഷ്യയിലെ ജനങ്ങള്‍ സാര്‍ ചക്രവര്‍ത്തിമാരെ ആദരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയതു കൊണ്ടായിരിക്കണം കേരളത്തിലെ കമ്യൂണിസ്‌റ്റുകള്‍ക്കുള്ള ഈ രാജഭക്‌തിയെന്നു തോന്നുന്നു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു? സി.പി.എമ്മിന്റെ മാര്‍ത്താണ്ഡവര്‍മ ഭക്‌തി കൊണ്ട്‌ കാര്യം അവസാനിച്ചില്ല. പിന്നെ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിനു സി.പി.എം. രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. യേശുക്രിസ്‌തുവും ഒരു വലിയവിപ്ലവകാരിയായിരുന്നല്ലോ? അതുകൊണ്ട്‌ ആ വിപ്ലവകാരിയുടെ ജന്മദിനവും പിറ്റേദിവസവും സത്യക്രിസ്‌ത്യാനിയായ ഉമ്മന്‍ചാണ്ടിയും കുടുംബാംഗങ്ങളും ആഘോഷിച്ചുകൊള്ളട്ടെ എന്നു കരുതിയാവണം ലോകത്തിലെങ്ങും കാണാത്തവിധം അല്ലെങ്കില്‍ ഇറ്റലിയില്‍ പോലും സംഭവിക്കാത്ത വിധം സി.പി.എം. സമരത്തിനു രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചത്‌ എന്നു വേണം കരുതാന്‍. എന്തെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരാണ്‌ കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ ഇടതുപക്ഷ മുന്നണി സമരത്തൊഴിലാളിക്കൂട്ടങ്ങള്‍?
പക്ഷെ ഇന്ത്യയിലെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങള്‍ എഴുതിയത്‌ ക്ലിഫ്‌ ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യ എന്ന വീട്ടമ്മയുടെ മുമ്പിലാണ്‌ സി.പി.എം. നേതൃത്വം മുട്ടു കുത്തിയതെന്നാണ്‌. ഒരു വിധത്തില്‍ അതു ശരിയാണ്‌. സാധാരണക്കാരെ വല്ലാതെ നരകിപ്പിക്കുന്ന വഴിതടയലും സമരങ്ങളും കാരണം ജനങ്ങള്‍ പൊറുതിമുട്ടിക്കഴിഞ്ഞു. പക്ഷേ സി.പി.എം. നേതൃത്വത്തിന്‌ ഒരേയൊരു സമരമാര്‍ഗമേ അറിയൂ. ഇല്ലായ്‌മക്കാരായ സാധാരണ ജനങ്ങളെ നരകിപ്പിച്ചുകൊണ്ടുള്ള സമരം. അവരുടെ പ്രതീകമായാണ്‌ സന്ധ്യ സി.പി.എം. നേതൃത്വത്തിന്റെ ധിക്കാരത്തിനെതിരെ ശബ്‌ദമുയര്‍ത്തിയത്‌. സന്ധ്യയെ മുതലാളിത്ത മൂരാച്ചിത്വത്തിന്റെ പ്രതീകമെന്നോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജെന്റെന്നോ സി.പി.എം. നേതൃത്വം പറഞ്ഞതുകൊണ്ടു കാര്യമില്ല. സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അനീതിയേയും ജനദ്രോഹത്തേയും എതിര്‍ക്കാന്‍ സന്ധ്യ കാണിച്ച ധീരതയ്‌ക്കു പാരിതോഷികമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്ന വ്യവസായി അഞ്ചുലക്ഷം പാരിതോഷികം നല്‍കിയതാണ്‌് പിന്നെ വലിയ വിവാദ വിഷയമായത്‌. സമരങ്ങള്‍ കൊണ്ടു സഹികെട്ട ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഒരു വീട്ടമ്മ ധീരത കാട്ടിയെന്നതിനാണ്‌ വി ഗാര്‍ഡ്‌ വ്യവസായ സ്‌ഥാപനങ്ങളുടെ ഉടമയായ കൊച്ചൗസേപ്പ്‌ ആ പാരിതോഷികം നല്‍കിയത്‌. പിന്നെ സി.പി.എം. നേതൃത്വത്തിന്റെ എല്ലാ വിരോധവും കൊച്ചൗസേപ്പിന്റെ നേരെയായി. ഇലക്‌ട്രിസിറ്റി സ്‌റ്റെബിലൈസര്‍ വീട്ടിലിരുന്നു നിര്‍മിച്ച്‌ അതു സൈക്കിളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ഒരു കുടില്‍ വ്യവസായിയായിട്ടാണ്‌ കൊച്ചൗസേപ്പ്‌ വ്യവസായ ജീവിതമാരംഭിച്ചത്‌. അദ്ദേഹത്തെ മര്യാദയുടെ എല്ലാ സീമയും ലംഘിച്ച്‌ അധിക്ഷേപിച്ചു സംസാരിച്ച സി.പി.എം. നേതാക്കള്‍ മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യം കൊച്ചൗസേപ്പ്‌ ഒരു ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു എന്നതാണ്‌. പക്ഷെ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപജീവന മാര്‍ഗമോ സമ്പാദ്യ മാര്‍ഗമോ ആയി കാണാന്‍ കഴിയാത്തതുകൊണ്ട്‌ സഹപ്രവര്‍ത്തകരില്‍ പലരേയും പോലെ അദ്ദേഹം രാഷ്‌ട്രീയ രംഗത്തു തുടര്‍ന്നില്ല എന്നേയുള്ളൂ. എന്നു മാത്രമല്ല എ.ടി. കോവൂര്‍ അവാര്‍ഡിന്‌ അര്‍ഹനായിട്ടുള്ള കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഒരു യുക്‌തിവാദിയുമാണ്‌. പക്ഷെ ഇന്നു കേരളത്തില്‍ കൊച്ചൗസേപ്പ്‌ സര്‍വാദരണീയനാണ്‌. അതിനു കാരണം ഒരു നിര്‍ധന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം വൃക്ക അദ്ദേഹം സംഭാവന ചെയ്‌തു എന്നതാണ്‌. അവയവദാന പ്രക്രിയയില്‍ അതിസാഹസികമായ ഒരു തീരുമാനമാണ്‌ സ്വന്തം കിഡ്‌നി സംഭാവന ചെയ്യുകയെന്നത്‌. സാധാരണ ഗതിയില്‍ ഒരു ധനികന്‌ ഊഹിക്കാന്‍ കഴിയാത്ത കാര്യമാണത്‌. അത്‌ കൊച്ചൗസേപ്പ്‌ ചെയ്‌തു. സ്വന്തം കിഡ്‌നി ഒരു പാര്‍ട്ടി സഖാവിനു സംഭാവന ചെയ്യാനുള്ള ചങ്കൂറ്റം പിണറായി വിജയനോ കോടിയേരി ബാലകൃഷ്‌ണനോ ആനത്തലവട്ടം ആനന്ദനോ എ.കെ. ബാലനോ മറ്റേതെങ്കിലും സി.പി.എം. നേതാവോ കാണിക്കുമോ. അല്ലെങ്കില്‍ അവരുടെ മക്കളെ വൃക്കദാനത്തിനു പ്രേരിപ്പിക്കുമോ? ഓര്‍ക്കുമ്പോള്‍ വിപ്ലവ നേതാക്കളുടെ മുട്ടും നെഞ്ചും വിറയ്‌ക്കും. സാധാരണ ജനങ്ങളെ നരകിപ്പിക്കുന്ന സമരരീതിയെ എതിര്‍ത്ത സന്ധ്യയേയും കൊച്ചൗസേപ്പിനേയും അപഹസിച്ച സി.പി.എം. നേതാക്കള്‍ ഒരു കാര്യം പറഞ്ഞു. സമരങ്ങള്‍ കൊണ്ടു മാത്രമേ ജനങ്ങള്‍ എന്തും നേടിയിട്ടുള്ളൂ. അതാണ്‌ സി.പി.എം. നടത്തുന്നതെന്നാണ്‌.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ജനദ്രോഹ സമരം കൊണ്ടു സി.പി.എം. നേതൃത്വവും ചിന്താശക്‌തിയില്ലാത്ത അണികളും എന്തു നേട്ടങ്ങള്‍ കേരളത്തില്‍ കൈവരിച്ചിട്ടുണ്ട്‌? ഓഫീസുകളും ബാങ്കുകളും തല്ലിത്തകര്‍ത്തുകൊണ്ട്‌ ദിവസങ്ങളോളം നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ മഹാസമരം, സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീവച്ചു നശിപ്പിച്ചുകൊണ്ട്‌ പ്രീഡിഗ്രി ബോര്‍ഡ്‌ രൂപീകരണത്തിനെതിരെ നടത്തിയ ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമാസക്‌തമായ സമരം, അഞ്ചു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ജീവന്‍ ബലികൊടുത്തുകൊണ്ട്‌ സ്വാശ്രയ കോളജ്‌ തുടങ്ങുന്നതിനെതിരേ ദിവസങ്ങള്‍ നടത്തിയ സമരം, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ നടത്തിയ സമരം. എത്ര രക്‌തം തെരുവിലൊഴുക്കി. ഈ സമരങ്ങള്‍ കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്തു നേട്ടമുണ്ടായി? ഒഴുക്കിയ കണ്ണീരും രക്‌തവും മാത്രം നേട്ടം. എല്ലാം പൊളിഞ്ഞു പാളീസായ സമരങ്ങള്‍. കാരണം അവയെല്ലാം ജനങ്ങള്‍ക്കെതിരായ സമരങ്ങളായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനെപ്പോലെയുള്ള ഒരു സി.പി.എം. നേതാവ്‌ സ്വന്തം പേരില്‍ കമ്പ്യൂട്ടറില്‍ ഫേസ്‌ ബുക്ക്‌ തുറന്നിരിക്കുന്നു എന്ന പത്രവാര്‍ത്ത എത്രയോ പ്രത്യാശാഭരിതമാണ്‌.
തുറന്ന മനസോടെ
Article Credits, കെ.എം. റോയ്,Mangalam Daily,January 6 2014

No comments:

Post a Comment