Friday, January 10, 2014

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത്‌ എന്തിന്‌? ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്‌ നിലനില്‍ക്കുന്നതായി ഹൈക്കോടതി. ഇത്തരക്കാര്‍ക്ക്‌ ഭരണ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്‌ ഉള്‍പ്പെട്ട കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ്‌ കേസുകളില്‍ അന്തിമവാദം കേള്‍ക്കവേ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു.
സരിതയെ പുതുപ്പള്ളി വഴി എന്തിനു കൊണ്ടുപോയിയെന്നും സരിതയ്‌ക്ക്‌ ജയിലില്‍ സര്‍ക്കാര്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ്‌ ജയിലില്‍ കഴിയുന്ന സരിത ഉപയോഗിക്കുന്നത്‌. സാധാരണ പ്രതികള്‍ക്ക്‌ ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്‌ത്രങ്ങള്‍ ലഭിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നു കോടതി പറഞ്ഞു. സരിതയുടെ വസ്‌ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക്‌ സാധാരണ വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ല. ഡല്‍ഹിയിലെ ഭരണമാറ്റം പോലുള്ള കാര്യങ്ങള്‍ ഇങ്ങനെയാണ്‌ സംഭവിക്കുന്നതെന്നും കോടതി പറഞ്ഞു. സരിതയ്‌ക്ക്‌ എത്ര സാരിയുണ്ടെന്നും ഇതു ജയിലില്‍ എത്തിക്കുന്നത്‌ ആരെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പിന്‌ ഹവാല റാക്കറ്റുമായി ബന്ധമുണ്ടന്നും കേരളത്തിലേക്ക്‌ 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ്‌ തട്ടിപ്പിനു പിന്നിലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്നാണ്‌ സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്‌. നായര്‍ക്ക്‌ ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്‌. കടകമ്പള്ളി കേസിനു പിന്നിലുള്ളവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ വേണ്ട രീതിയില്‍ ചോദ്യം ചെയ്‌താലെ സത്യം പുറത്തുവരൂ എന്ന്‌ കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ന്യൂഡല്‍ഹി: സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്കു കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണു തനിക്കു ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എറണാകുളത്തു നിന്നു പുതുപ്പള്ളി വഴി യാത്ര ചെയ്‌തതിനെ ക്കുറിച്ച്‌ താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പുതുപ്പള്ളി യാത്രയില്‍ അപാകതയില്ലെന്നു രമേശ്‌ ഏറ്റുമാനൂര്‍, ചങ്ങനാശേരി വഴിയുള്ള യാത്ര ഏറെ തിരക്കുപിടിച്ചതായതിനാല്‍ മണര്‍കാട്‌, പുതുപ്പള്ളി വഴി തിരുവല്ലയില്‍ ചെല്ലുന്ന റോഡാണു പലരും ഉപയോഗിക്കുന്നത്‌. സംഭവദിവസം ഹോട്ടല്‍ പണിമുടക്കായതിനാല്‍ സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ വീട്ടില്‍ നിന്നു ഭക്ഷണപ്പൊതി കരുതിയിരുന്നു. പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ വീടും ഹോട്ടലും കൂടി ചേര്‍ന്ന ഒരു സ്‌ഥലത്ത്‌ ഭക്ഷണം കിട്ടുമെന്നറിഞ്ഞ്‌ അവിടെ വാഹനം നിര്‍ത്തുകയും സരിത ഭക്ഷണം കഴിക്കുകയുമായിരുന്നു. ചിലര്‍ അവിടെ വച്ച്‌ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതു നിരുത്സാഹപ്പെടുത്തിയെന്നും അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണു തനിക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയ വിവരമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
News Report,Mangalam Daily, January 10, 2014

No comments:

Post a Comment