Sunday, March 12, 2017

കേരള ധനമന്ത്രിക്ക് പ്രതികരണമില്ലെ?

തിരുവനന്തപുരം: ”കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും വിജയ”മെന്ന് പറയുന്നത്. ബിജെപിക്കാരനല്ല, ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. ഈ സത്യം മറന്നുപോയതാണ് ബിജെപി വിരുദ്ധര്‍ക്കുണ്ടായ തോല്‍വിയെന്നും നിതീഷ്‌കുമാര്‍ വിലയിരുത്തിയിരിക്കുന്നു. കേരളം എന്തുപറയുന്നു ? ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ചിന്തയെന്താണ് ?
നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ചതും കേരളസര്‍ക്കാരും പ്രതിപക്ഷവുമാണ്. മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭക്കകത്തും പുറത്തും കോലാഹാലമുണ്ടാക്കി. നവംബര്‍ 8ന് നോട്ട് മരവിപ്പിച്ച തീരുമാനം രാത്രി 8നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘മോദിയുടെ ഭ്രാന്തന്‍ നടപടി’ യെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചത്. പിറ്റേന്ന് നിയമസഭയില്‍ പ്രശ്‌നം ഭയാനകമായി അവതരിപ്പിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബിജെപി അംഗം ഒ. രാജഗോപാലിനെ സാക്ഷിനിര്‍ത്തി പ്രകോപനം സൃഷ്ടിച്ചു. രാജഗോപാലിന്റെ എതിര്‍പ്പോടെ പ്രമേയം പാസ്സാക്കി.
രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും കേരളത്തിന്റെ എതിര്‍പ്പുപോലെ രംഗത്തുവന്നില്ല. ആദ്യം പ്രതിഷേധിച്ച കേജ്‌രിവാളും മമത ബാനര്‍ജിയും പത്തിമടക്കി. അപ്പോഴും തോമസ് ഐസക്ക് പ്രധാനമന്ത്രിക്കെതിരെ ശകാരം ചൊരിഞ്ഞു. ഒരു പുസ്തകവും എഴുതി. ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സക്കിടയില്‍ പുസ്തക പ്രകാശനത്തിന് ക്ഷണിച്ചത് എം.ടി വാസുദേവന്‍ നായരെയാണ്. സര്‍വ്വരും ആദരിക്കുന്ന എംടിയെക്കൊണ്ട് പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിപ്പിച്ച് അദ്ദേഹത്തെ വിവാദത്തിലാക്കിയത് ഐസക്കാണല്ലോ.
നോട്ട് മരവിപ്പിക്കല്‍ ദുരന്തം ഒരു ദശാബ്ദം വരെ നീളുമെന്നും ജനങ്ങളാകെ പട്ടിണിയിലാക്കുമെന്നും പറഞ്ഞ സിപിഎമ്മും ഐസക്കും ഇന്നെവിടെയാണ് ? നോട്ട് മരവിപ്പിച്ച നരേന്ദ്രമോദി ജനങ്ങളെ ക്യൂവിലാക്കിയെന്ന് വിലപിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും. നോട്ട് മരവിപ്പിക്കലിനെ പിന്തുണക്കുന്ന കുമ്മനം രാജശേഖരനെ കേരളത്തില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നാണ് ഭരണപരിഷ്‌കാരസമിതി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ ക്യൂ നിന്ന് നരേന്ദ്രമോദിയെ തോല്‍പ്പിക്കുമെന്ന് നിരീക്ഷിച്ചു.
യുപി തെരഞ്ഞെടുപ്പോടെ നരേന്ദ്രമോദിയെ ജനങ്ങള്‍ മുത്തലാഖ് ചൊല്ലുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രവചിച്ചു. ഇപ്പോഴെന്തായി. ജനങ്ങള്‍ നോട്ട് മരവിപ്പിക്കലിനെ അംഗീകരിച്ചു. ബിജെപിയും നരേന്ദ്രമോദിയുമാണ് രക്ഷകരെന്ന് ജനങ്ങള്‍ വിധിയെഴുതി. നോട്ട് മരവിപ്പിക്കലിനെ എതിര്‍ത്ത കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയും തൂത്തുമാറ്റി. ഇപ്പോഴെന്തു പറയുന്നു ഐസക്കും സിപിഎമ്മും? ജനങ്ങള്‍ പ്രതീക്ഷിക്കുകയാണ് പ്രതികരണം.
Article credits,Janmabhumidaily

No comments:

Post a Comment