Thursday, June 30, 2016

എൻ എസ് ജി അംഗത്വം :കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യക്കെതിരായി നാല് രാജ്യങ്ങൾ മാത്രം . ചൈനയ്ക്ക് നിരാശ

ബെയ്ജിംഗ് : എൻ എസ് ജി അംഗത്വ വിഷയത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ രാജ്യങ്ങൾ അണിനിരക്കാത്തതിൽ ചൈനയ്ക്ക് നിരാശ. ഇതിനു വേണ്ടി നിയോഗിച്ച വിദേശകാര്യ ഉദ്യോഗസ്ഥന്റെ സേവനം നിർത്തലാക്കാൻ ചൈന തീരുമാനിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നതിലും ചൈനയ്ക്ക് ഞെട്ടൽ.
വിദേശ കാര്യമന്ത്രാലയത്തിലെ ആയുധ വിഭാഗം ഡയറക്ടർ ജനറൽ വാംഗ് ക്വിന്നിനെയാണ് ചൈന തിരിച്ചു വിളിച്ചത്. പ്രവേശനം തടയാൻ കഴിഞ്ഞെങ്കിലും കൂടുതൽ ലോക രാജ്യങ്ങളെ ഭാരതത്തിനെതിരെ അണി നിരത്താൻ കഴിയാത്തതിനെ തുടർന്നാണ് വാംഗ് ക്വിന്നിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
അംഗരാജ്യങ്ങളിൽ മൂന്നിലൊന്ന് പേർ ചൈനീസ് നിലപാടിനെ പിന്തുണയ്ക്കുമെന്നാണ് വാംഗ് ക്വിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത് . 44 രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണച്ചപ്പോൾ നാലു രാജ്യങ്ങൾ മാത്രമാണ് ഇന്ത്യ വിരുദ്ധ നിലപാട് എടുത്തത്. തെക്കൻ ചൈന കടലിൽ ചൈനയുടെ അധിനിവേശത്തിനെതിരെ ഫിലിപ്പീൻസ് അന്തർദ്ദേശീയ കോടതിയിൽ കൊടുത്ത പരാതി പരിഗണിക്കാനിരിക്കെ ഈ നയതന്ത്ര പരാജയം ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഫിലിപ്പീൻസിന് അനുകൂലമായി വിധി ഉണ്ടാകുമെന്ന് എറെക്കുറെ ഉറപ്പാണെന്നിരിക്കെ വിധിയെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുമെന്നതാണ് ചൈന അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം . അന്താരാഷ്ട്ര കോടതിയുടെ വിധിക്ക് നിയമസാധുതയില്ലെന്ന വാദവുമായി ലോക രാഷ്ട്രങ്ങളിൽ പ്രചാരണത്തിനൊരുങ്ങുന്ന ചൈനയ്ക്ക് ഇന്ത്യയുടെ നിലപാട് തിരിച്ചടിയാകും.
എൻ എസ് ജി യിൽ തങ്ങൾക്കനുകൂലമായി കൂടുതൽ രാജ്യങ്ങളെ അണിനിരത്താൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് യു എൻ സമുദ്ര നിയമ സമിതിയിൽ ഇതേ അവസ്ഥ തന്നെ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഫിലിപ്പീൻസിന് ചില മേഖലകളെങ്കിലും വിട്ടു നൽകാൻ ചൈന നിർബന്ധിതരാകും.
News Credits Janamtv.com

No comments:

Post a Comment