Thursday, March 3, 2016

കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാവങ്ങളെ സഹായിച്ചെങ്കില്‍ അത് ആരും നിഷേധിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങള്‍ ഇന്ന് ഇത്രയും കഷ്ടപ്പെടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ സുദീര്‍ഘമായ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകും. പാര്‍ലമെന്റ തടസപ്പെടരുതെന്ന രാഷ്ട്രപതിയുടെ വാക്കുകളും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ടാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ഒപ്പം വികസന പദ്ധതികളില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത കേരള സര്‍ക്കാരിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് പറഞ്ഞത്. താന്‍ അത് അംഗീകരിക്കുകയും ചെയ്തു. 2012 ലെ സിഎജി റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളാണ് ഇതിന് തെളിവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ത്ത പ്രധാനമന്ത്രി ബജറ്റില്‍ അതിന് കൂടുതല്‍ തുക വകയിരുത്തിയതിനെ നയപ്രഖ്യാപനത്തിന്‍മേലുളള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ചിലര്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടായെങ്കിലും മാനസീകപക്വത കൈവരിച്ചിട്ടില്ല. ചിലര്‍ കാര്യം മനസിലായില്ലെങ്കിലും വെറുതെ എതിര്‍ക്കാന്‍ വേണ്ടി പ്രതിഷേധിക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ അത് പങ്കുവെയ്ക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ചെയ്യാത്തതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. അവരെക്കാള്‍ നന്നായി ഈ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ് അവരുടെ പ്രശ്‌നമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ക്രിയാത്മകമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും എങ്ങനെയാണ് എല്ലാ മേഖലയിലും പുരോഗതിയുണ്ടാക്കുന്നതെന്നും എന്‍ഡിഎ സര്‍ക്കാരാണ് കാട്ടിത്തന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. അടുത്ത ദിവസം മാദ്ധ്യമങ്ങളില്‍ എന്ത് വരുത്താമെന്നും എങ്ങനെ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാമെന്നുമുളള കാര്യങ്ങളിലാണ് നമ്മള്‍ ആശങ്കപ്പെടുന്നതെന്നും ഈ സ്ഥിതി പാടേ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം ചെളിവാരിയെറിയുകയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ ആ സമയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സുതാര്യതയാണ് നഷ്ടപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്്ക്കണം. അതിന് പ്രതിപക്ഷത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷത്തെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ ഭരണത്തില്‍ പുതുമുഖമായ തനിക്ക് പരിചയസമ്പന്നരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരണകര്‍ത്താക്കളില്‍ നിന്ന് കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല വികസനമാണ് അവര്‍ക്ക് വേണ്ടത്. അതിന് പ്രതിപക്ഷവും സഹകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
News Credit,Janamtv News

No comments:

Post a Comment